

പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലാണ് മലയാള സിനിമ. 2025ല്‍ തീയറ്ററിലെത്തിയ സിനിമകളുടെ എണ്ണം 70 കടന്നു. പക്ഷേ സാമ്പത്തികമായി വിജയത്തിലെത്തിയത് ഒറ്റയക്കത്തില്‍ ഒതുങ്ങുന്നു. ബജറ്റ് കുത്തനെ ഉയര്‍ന്നതും വരുമാന സ്രോതസ് അടഞ്ഞതുമാണ് ഇന്‍ഡസ്ട്രിക്ക് തിരിച്ചടിയാകുന്നത്. സൂപ്പര്‍ താരങ്ങള്‍ അടക്കം അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറാകാത്തത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഒരുകാലത്ത് വലിയ തുക കൊടുത്ത് സിനിമകളുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ വരുമാനം പങ്കിടുന്ന രീതിയിലേക്ക് മാറി. ഇത് നിര്‍മാതാക്കള്‍ക്ക് വലിയ തിരിച്ചടിയായി. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വഴി സിനിമ കാണുന്നതിന്റെ ആനുപാതികമായി വരുമാനം വിഭജിക്കുന്ന രീതിയാണിത്. മുമ്പ് 35 കോടി രൂപയ്ക്ക് വരെ മലയാള സിനിമയുടെ ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയിരുന്നു. 170 കോടി ബജറ്റില്‍ അടുത്തിടെ പുറത്തിറങ്ങിയ എംപുരാന് ഒ.ടി.ടി വില്പനയില്‍ ലഭിച്ചത് 30 കോടിയില്‍ താഴെയാണ്.
വരുമാനം നിര്‍മാതാവും പ്രധാന അഭിനേതാക്കളും പങ്കിട്ടെടുക്കുന്ന രീതിയാണിത്. പ്രധാന താരങ്ങള്‍ പ്രതിഫലം വാങ്ങില്ല. പകരം തീയറ്റര്‍, ഒ.ടി.ടി വരുമാനം പങ്കുവയ്ക്കും. ഈ രീതിയില്‍ അടുത്തു തന്നെ മൂന്നോളം ചിത്രങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ വരുമാനം ഉറപ്പില്ലാത്തതിനാല്‍ പ്രമുഖരൊന്നും ഈ രീതിയോട് താല്പര്യം കാണിക്കുന്നില്ല. തീയറ്ററിലെത്തി സിനിമ കാണുന്നവരുടെ എണ്ണം താരതമ്യേന കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബിസിനസെന്ന രീതിയില്‍ സിനിമയ്ക്ക് റിസ്‌ക്കേറെയാണ്.
കോവിഡിനു ശേഷം മലയാള സിനിമയുടെ ബജറ്റ് വലിയ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. ഒ.ടി.ടി വരുമാനം കുത്തനെ കൂടിയപ്പോള്‍ അഭിനേതാക്കളും ടെക്‌നീഷ്യന്‍സും പ്രതിഫലം വര്‍ധിപ്പിച്ചതാണ് ഇതിനു കാരണം. എന്നാല്‍ ഒ.ടി.ടി ബൂം പതിയെ കെട്ടടങ്ങിയപ്പോള്‍ പ്രതിഫലം താഴ്ത്താന്‍ ഇവര്‍ തയാറായതുമില്ല.
ഈ വര്‍ഷം ചിത്രീകരണം ആരംഭിച്ച പത്തിലേറെ ചിത്രങ്ങളാണ് പാതിവഴിയില്‍ മുടങ്ങിയിരിക്കുന്നത്. വര്‍ഷത്തിന്റെ രണ്ടാംപാകുതിയില്‍ ഷൂട്ടിംഗ് തുടങ്ങേണ്ടിയിരുന്ന ചില ചിത്രങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പുതുതായി നിര്‍മാതാക്കളുടെ കുപ്പായമണിയുന്നവരുടെ എണ്ണം കുറയുകയാണെന്ന് സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ഓരോ മാസവും സിനിമകളുടെ വരവു ചെലവ് കണക്കുകള്‍ പുറത്തുവിടുന്നതില്‍ നിര്‍മാതാക്കള്‍ക്കിടയില്‍ ഭിന്നത. ഇത്തരത്തില്‍ നഷ്ടം പെരുപ്പിച്ച് കാണിക്കുന്നത് പുതിയ നിര്‍മാതാക്കളുടെ വരവിനെ ബാധിക്കുമെന്നാണ് ഒരുപക്ഷത്തിന്റെ വിമര്‍ശനം. പല നിക്ഷേപകരും വ്യവസായം വിടുകയാണ്. സമീപകാലത്ത് സിനിമാ നിര്‍മാണത്തില്‍ 40ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.
നേരത്തെ വിദേശത്തുള്ള ആളുകള്‍ മലയാള സിനിമയില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം നിക്ഷേപങ്ങള്‍ വരുന്നില്ല. മലയാള സിനിമ നിക്ഷേപം ഇറക്കാന്‍ പറ്റിയ സുരക്ഷിതമായ ബിസിനസല്ലെന്ന് അവര്‍ക്ക് ഒരുപക്ഷേ തോന്നിയേക്കാമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ് പറയുന്നു.
അതേസമയം, ഈ മേഖലയില്‍ നിക്ഷേപമിറക്കാന്‍ ആഗ്രഹിക്കുന്ന പുതിയ നിര്‍മാതാക്കള്‍ക്ക് അതിന്റെ അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക എന്നതാണ് കണക്കുകള്‍ പുറത്തു വിടുന്നതിന്റെ ഉദ്ദേശ്യമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (കെഎഫ്പിഎ) വൈസ് പ്രസിഡന്റ് ജി സുരേഷ്‌കുമാര്‍ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine