

മലയാള സിനിമ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2025ല്‍ തീയറ്ററിലെത്തിയ 70നടുത്ത് ചിത്രങ്ങളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ്. വലിയ പ്രതീക്ഷയോടെയെത്തിയ പല ചിത്രങ്ങളും ബോക്‌സോഫീസില്‍ തകര്‍ന്നു തരിപ്പണമാകുകയും ചെയ്തു. സിനിമയിലെ ലഹരി ഉപയോഗ വാര്‍ത്തകളും വിവാദങ്ങളും പ്രേക്ഷകരെ തീയറ്ററുകളില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെന്ന സൂചനകളാണ് വരുന്നത്.
സൂപ്പര്‍ താരങ്ങളോ വലിയ താരനിരയോ ഇല്ലാതെ പുറത്തിറങ്ങിയ ഖാലിദ് റഹ്‌മാന്‍ ചിത്രം ആലപ്പുഴ ജിംഖാനയാണ് ഈ മാസം കൂടുതല്‍ വരുമാനം നേടിയ ചിത്രം. ഏപ്രില്‍ 10ന് റിലീസ് ചിത്രത്തിന്റെ ബജറ്റ് 13 കോടി രൂപയില്‍ താഴെയാണ്. ചിത്രം ഇതുവരെ 34 കോടി രൂപയാണ് കളക്ട് ചെയ്തത്. ബജറ്റും തീയറ്ററില്‍ നിന്ന് കളക്ട് ചെയ്ത തുകയും വച്ച് ചിത്രം മുടക്കുമുതല്‍ തിരിച്ചു പിടിച്ചിട്ടുണ്ട്. ആദ്യ ആഴ്ച കളക്ഷനില്‍ വലിയ മേധാവിത്വം പുലര്‍ത്തിയ ചിത്രത്തിന് പക്ഷേ അവസാന ദിനങ്ങളില്‍ ആ മികവ് നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. ചിത്രം 50 കോടി ക്ലബിലെത്താനുള്ള സാധ്യത കുറവാണെന്നാണ് സിനിമമേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
അവധിക്കാലത്ത് വലിയ പ്രതീക്ഷയോടെയെത്തിയ മമ്മൂട്ടി ചിത്രം ബസൂക്കയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ആദ്യ 12 ദിവസം കൊണ്ട് വെറും 13 കോടി രൂപ മാത്രമാണ് ചിത്രത്തിന് കളക്ട് ചെയ്യാനായത്. ആദ്യദിനം 3.2 കോടി രൂപ കളക്ട് ചെയ്തുവെന്നതൊഴിച്ചാല്‍ പിന്നീട് ശോകമായിരുന്നു. പല തീയറ്ററുകളിലും ഷോകളുടെ എണ്ണം നാമമാത്രമായിട്ടുണ്ട്.
28 കോടി രൂപയ്ക്കടുത്താണ് ചിത്രത്തിന്റെ ബജറ്റ്. തീയറ്ററില്‍ മൂക്കുകുത്തി വീണതോടെ ഒ.ടി.ടി, സാറ്റലൈറ്റ് വരുമാനവും കാര്യമായി ലഭിക്കില്ല. ചിത്രത്തിന് കാര്യമായ പ്രമോഷന്‍ നല്കാത്തതും വരുമാനത്തില്‍ പ്രതിഫലിച്ചുവെന്നാണ് സിനിമരംഗത്തുള്ളവരുടെ വിലയിരുത്തല്‍.
എട്ടു കോടി ബജറ്റിലെത്തിയ ബേസില്‍ ജോസഫ് നായകനായ ബ്ലാക്ക് കോമഡി ചിത്രം മരണമാസ് ഇതുവരെ നേടിയത് 16.4 കോടി രൂപയാണ്. കുടുംബ പ്രേക്ഷകരെ കാര്യമായി ആകര്‍ഷിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. 20 കോടി രൂപയ്ക്കു മുകളില്‍ മൊത്തം കളക്ഷന്‍ പോകില്ലെന്നാണ് വിവരം. ബേസില്‍ ജോസഫിന്റെ സാന്നിധ്യമുള്ളതിനാല്‍ ഒ.ടി.ടി സാറ്റലൈറ്റ് റൈറ്റ്‌സ് ഭേദപ്പെട്ട തുകയ്ക്ക് വിറ്റുപോകുമെന്നത് ചിത്രത്തിന് മൊത്തം കണക്കില്‍ ഗുണകരമാകും.
തീയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതില്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് സിനിമ മേഖലയുടെ നിലനില്‍പ്പിനും ഭീഷണിയാണ്. സാധാരണ വേനലവധിക്ക് തീയറ്ററിലേക്ക് കൂടുതലായി കുടുംബ പ്രേക്ഷകര്‍ എത്താറുണ്ട്. എന്നാല്‍ സമീപകാലത്ത് ഈ ട്രെന്റിന് മാറ്റം വന്നിട്ടുണ്ട്. ഒ.ടി.ടി, സാറ്റലൈറ്റ് റൈറ്റ്‌സ് വില്പനയില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞതോടെ പല നിര്‍മാതാക്കളും വലിയ പ്രതിസന്ധിയിലാണ്. ചിത്രീകരണം ആരംഭിച്ച 10ലേറെ ചിത്രങ്ങള്‍ ഈ വര്‍ഷം മാത്രം പാതിവഴിയില്‍ നിലച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine