

വിപണിയില്‍ എല്ലായിടത്തും ഓണക്കച്ചവടം പൊടിപൊടിച്ചപ്പോള്‍ വിനോദവ്യവസായവും മോശമാക്കിയില്ല. ഓണം ലക്ഷ്യമിട്ടെത്തിയ സിനിമകളില്‍ ഒട്ടുമിക്കതും പണം വാരിയപ്പോള്‍ ഏറെക്കാലത്തിനുശേഷം ഓണക്കാലത്ത് തീയറ്ററുകള്‍ക്കും നല്ലകാലം. മലയാള സിനിമയുടെ ഏറ്റവും വലിയ സീസണുകളിലൊന്നാണ് ഓണക്കാലം. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രങ്ങളാണ് ഇക്കാലയളവില്‍ റിലീസ് ചെയ്യുക.
കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര' ആണ് ഈ ഓണക്കാലത്തെ പണംവാരി ചിത്രം. ചുരുങ്ങിയ ദിവസം കൊണ്ട് 100 കോടി ക്ലബിലെത്താനും ചിത്രത്തിനായി. മൗത്ത് പബ്ലിസിറ്റിയും കുടുംബ പ്രേക്ഷകരുടെ മടങ്ങിവരവുമാണ് ചിത്രത്തിന് നേട്ടമായത്. മറ്റ് ഭാഷകളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള Wayfarer Films ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒന്നിലേറെ ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ പാര്‍ട്ടിന് 30 കോടി രൂപയാണ് ചെലവായത്. ഇപ്പോള്‍ തന്നെ സൂപ്പര്‍ഹിറ്റില്‍ ഇടംനേടിയ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് റെക്കോഡ് തുകയ്ക്ക് നെറ്റ്ഫ്‌ളിക്‌സ് വാങ്ങിയെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സെപ്റ്റംബര്‍ അവസാന വാരം ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഉണ്ടാകുമെന്നാണ് സൂചന.
റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചാണ് സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വം' മുന്നേറുന്നത്. കുടുംബ പ്രേക്ഷകരായിരുന്നു ലക്ഷ്യമെങ്കിലും 'ലോക' അപ്രതീക്ഷിതമായി കത്തിക്കയറിയതോടെ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഗ്രാഫ് താഴ്ന്നുവെന്നാണ് ഇന്‍ഡസ്ട്രി നല്കുന്ന വിവരം.
സിനിമകളുടെ തീയറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാക്‌നിക് നല്കുന്ന കണക്ക് പ്രകാരം ആദ്യ 11 ദിവസം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മോഹന്‍ലാല്‍ ചിത്രം നേടിയത് 29 കോടി രൂപയാണ്. ഓവര്‍സീസ് വരുമാനം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ചിത്രം ഇതിനകം തന്നെ സേഫ് സോണില്‍ എത്തിയിട്ടുണ്ട്.
മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസ് ആണ് ഹൃദയപൂര്‍വം നിര്‍മിച്ചിരിക്കുന്നത്. 28 കോടി രൂപയില്‍ താഴെയാണ് ചിത്രത്തിന്റെ ചെലവ്. ഒടിടി പ്ലേ ഉള്‍പ്പെടെ ഒന്നിലേറെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ചേര്‍ന്നാകും ചിത്രം ഒ.ടി.ടിയില്‍ എത്തിക്കുകയെന്നാണ് വിവരം. ഓണം അവധി അവസാനിച്ചതിനാല്‍ തീയറ്ററില്‍ നിന്ന് ഇനി വലിയ തോതില്‍ വരുമാനം വരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
ഓണത്തിന് റിലീസായ ഫഹദ് ഫാസിലിന്റെ 'ഓടും കുതിര, ചാടും കുതിര നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്. ആദ്യദിനം 75 ലക്ഷം രൂപയ്ക്കടുത്ത് കളക്ഷന്‍ രേഖപ്പെടുത്തിയെങ്കിലും മൗത്ത് പബ്ലിസിറ്റിയില്‍ പിന്നിലായതോടെ വരുമാനം ഇടിഞ്ഞു. കേരള ബോക്‌സ്ഓഫീസില്‍ നിന്ന് വെറും നാല് കോടി രൂപയില്‍ താഴെ മാത്രമാണ് ചിത്രത്തിന് നേടാനായത്. ഓണത്തിന് ഏറ്റവും കൂടുതല്‍ പബ്ലിസിറ്റിയില്‍ തീയറ്ററിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ഈ ചിത്രത്തിന്റെ ബജറ്റ് ലഭ്യമല്ല.
Read DhanamOnline in English
Subscribe to Dhanam Magazine