

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയിലും നേട്ടമുണ്ടാക്കാനാകാതെ വാര്‍ത്ത ചാനലുകളുടെ ബാര്‍ക് റേറ്റിംഗ്. 46-ാം ആഴ്ചയിലെ റേറ്റിംഗില്‍ ഒട്ടുമിക്ക ചാനലുകള്‍ക്കും ഇടിവുണ്ടായി. ബാര്‍ക് റേറ്റിംഗില്‍ അനധികൃത നേട്ടമുണ്ടാക്കാന്‍ കോഴ നല്കപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത് ബാര്‍ക് കോടതി കയറിയേക്കുമെന്ന സൂചനകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
സാധാരണ തിരഞ്ഞെടുപ്പ് കാലത്ത് ചാനല്‍ കാണുന്നവരുടെ എണ്ണം കൂടാറുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിട്ടും ഇതൊന്നും റേറ്റിംഗില്‍ പ്രതിഫലിച്ചില്ലെന്നാണ് വീക്ക് 46ലെ കണക്കുകള്‍ അടിവരയിടുന്നു. തൊട്ടുമുന്‍ ആഴ്ചയില്‍ യൂണിവേഴ്‌സ് വിഭാഗത്തില്‍ 100 പോയിന്റുമായി മുന്നിലുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിനടക്കം ഇടിവുണ്ടായി. പുതിയ ആഴ്ച 94 റേറ്റിംഗ് പോയിന്റുകളാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്.
രണ്ടാംസ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവിക്ക് കഴിഞ്ഞ വാരം 78 പോയിന്റായിരുന്നു. ഇത്തവണ നേരിയ വര്‍ധനയോടെ 79.44ലെത്താന്‍ ചാനലിനായി. പ്രൈംടൈമില്‍ കൂടുതല്‍ പോയിന്റ് നേടാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് സാധിക്കുന്നുണ്ട്. മൂന്നാംസ്ഥാനത്തുള്ള 24 ന്യൂസിനാണ് ഈ വാരം വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. ഒരുസമയത്ത് ഏഷ്യാനെറ്റ് ന്യൂസിനെ പിന്തള്ളി ഒന്നാംസ്ഥാനത്ത് വരെയെത്തിയ ചാനലിന് ഈ വാരം 46.75 പോയിന്റാണ് നേടാനായത്. കഴിഞ്ഞയാഴ്ചത്തെ 55ല്‍ നിന്ന് 9 പോയിന്റിന് അടുത്ത് കുറവ്.
നാലാംസ്ഥാനത്തിനായുള്ള പോരാട്ടം കനക്കുന്നതിനാണ് ഈ വാരവും സാക്ഷ്യംവഹിക്കുന്നത്. മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ന്യൂസ് മലയാളം 24X7 ചാനലുകളാണ് ഈ പോരാട്ടത്തില്‍ മുന്നിലുള്ളത്. 41 പോയിന്റുണ്ടായിരുന്ന മനോരമ ന്യൂസിന് ഈ വാരം 39.64 പോയിന്റിലേക്ക് താഴേണ്ടിവന്നു.
മാതൃഭൂമി ന്യൂസാകട്ടെ രണ്ട് പോയിന്റിന് അടുത്ത് വര്‍ധന രേഖപ്പെടുത്തിയ വാരം കൂടിയാണ് കടന്നുപോകുന്നത്. 32 പോയിന്റില്‍ നിന്ന് മാതൃഭൂമി ന്യൂസ് 34.85 പോയിന്റിലെത്തി. ആറാംസ്ഥാനത്തുള്ളത് ന്യൂസ് മലയാളമാണ്. പടിപടിയായി റേറ്റിംഗ് ഉയര്‍ത്തുന്ന ഈ പുതുമുഖ ചാനലിന് വീക്ക് 46ല്‍ 31.41 പോയിന്റുണ്ട്. കഴിഞ്ഞ വാരത്തേക്കാള്‍ നേരിയ വര്‍ധന.
ഏഴാംസ്ഥാനത്ത് ജനം ടിവിയും (25.35 പോയിന്റ്), പിന്നീടുള്ള സ്ഥാനങ്ങളില്‍ കൈരളി ന്യൂസ് (17), ന്യൂസ്18 കേരള (12) ചാനലുകളുമാണുള്ളത്.
പരസ്യദാതാക്കള്‍ക്കും ചാനല്‍ രംഗത്തിനും ഒരുപോലെ പ്രധാനപ്പെട്ടതാണ് ബാര്‍ക് റേറ്റിംഗ്. വിശ്വാസ്യത സംബന്ധിച്ച വിവാദങ്ങള്‍ ഒരുവശത്ത് അരങ്ങു തകര്‍ക്കുമ്പോഴും ബാര്‍ക് റേറ്റിംഗിലൂന്നിയാണ് മാധ്യമ വ്യവസായം നിലകൊള്ളുന്നത്. ബാര്‍ക് വിവാദം പുതിയ തലത്തിലേക്ക് കടന്നത് ചാനലുകള്‍ തമ്മിലുള്ള മത്സരം കടുപ്പിച്ചിട്ടുണ്ട്. ബാര്‍ക് റേറ്റിംഗില്‍ മുന്നിലെത്താന്‍ കോഴ നല്കിയെന്ന വെളിപ്പെടുത്തല്‍ മാധ്യമ വ്യവസായ രംഗത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.
Read DhanamOnline in English
Subscribe to Dhanam Magazine