കുറഞ്ഞ നിരക്കില്‍ യാത്ര: ഏറ്റവും വലിയ തുകയ്ക്ക് ഡൊമെയ്ന്‍ നെയിം സ്വന്തമാക്കി മലയാളി
കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകളെന്ന ലക്ഷ്യത്തോടെ ഏറ്റവും വലിയ ഡൊമെയ്ന്‍ നെയിമായ 'എയര്‍ കേരള ഡോട്ട് കോം' (airkerala.com) സ്വന്തമാക്കി സ്മാര്‍ട്ട് ട്രാവല്‍. സാധാരണക്കാരായ ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ, വ്യവസായ പ്രമുഖരുടെ പിന്‍ബലത്തില്‍ കേരളത്തിന് സ്വന്തമായി ഒരു വിമാന കമ്പനി എന്നതാണ് തന്റെ ആശയമെന്ന് സ്മാര്‍ട്ട് ട്രാവല്‍ സ്ഥാപകനും സി.ഇ.ഒയുമായ അഫി അഹമ്മദ് യു.പി.സി പറഞ്ഞു.
തുടര്‍ നടപടികളുടെ ഭാഗമായി വിവിധ വിമാന കമ്പനികളില്‍ ജോലി ചെയ്തിരുന്ന ഉന്നതോദ്യോഗസ്ഥരുടെ ഒരു പാനലും തയാറാക്കി. സാധ്യതാ പഠനങ്ങള്‍ക്കായി ഒരു അന്തര്‍ദേശീയ കമ്പനിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയിലെ പ്രധാന എയര്‍പോര്‍ട്ടുകള്‍ ഉപയോഗിച്ച് വളരെ ചെലവ് കുറഞ്ഞ യാത്രാ വിമാനങ്ങള്‍ ഒരുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഉദ്യമത്തിന് മുതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2000 ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്തു
യു.എ.ഇ ആസ്ഥാനമായ '1971' എന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ കീഴില്‍ പ്രര്‍ത്തിക്കുന്ന 'എക്‌സിക്യൂട്ടീവ് ബാച്ചിലേഴ്‌സ് ഡോട്ട് കോം'എന്ന ഡൊമെയ്ന്‍ സെല്ലിംഗ് പോര്‍ട്ടലാണ് യു.എ.ഇയിലെ ഏറ്റവും വലിയ തുകക്ക് 'എയര്‍ കേരള ഡോട്ട് കോം' സ്മാര്‍ട്ട് ട്രാവലിന്റെ പേരില്‍ കൈമാറിയത്. 2000 ഫെബ്രുവരിയിലാണ് എയര്‍ കേരള ഡോട്ട് കോം രജിസ്റ്റര്‍ ചെയ്തിരുന്നത്.
കേരള സര്‍ക്കാര്‍ എയര്‍ കേരളയുമായി മുന്നോട്ട് പോയിരുന്ന കാലഘട്ടത്തില്‍ ഒരു കമ്പനി അഞ്ചു കോടിയോളം രൂപയാണ് ഈ ഡൊമെയ്ന്‍ നെയ്മിന് വിലയിട്ടിരുന്നത്. പിന്നീട് നിരവധി അന്തര്‍ദേശീയ ഡൊമെയ്ന്‍ ബ്രോക്കര്‍മാര്‍ സമീപിച്ചിരുന്നെങ്കിലും കേരളത്തിന്റെ പേരായതിനാലും ഒരു സ്വപ്ന പദ്ധതിയായതിനാലും ഇത് വില്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിരുന്നില്ല.
കൊവിഡ് കാലയളവില്‍ മലയാളികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന് ഏറ്റവും കൂടുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറത്തിയ പരിചയസമ്പത്തുമായി സ്മാര്‍ട്ട് ട്രാവല്‍ ഉടമ അഫി അഹമ്മദ് ഒരു വിമാന കമ്പനിയുടെ ആശയവുമായി സമീപിച്ചപ്പോഴാണ് ഡൊമെയ്ന്‍ അദ്ദേഹത്തിന് കൈമാറാന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി തീരുമാനിച്ചത്.
പുതിയ തീരുമാനം
യുഎഇയിലെ പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറായ സകരിയ്യ മുഹമ്മദാണ് ഇങ്ങനെയൊരു ആശയത്തിന് തുടക്കമിട്ടത്. ആഭ്യന്തര വ്യോമയാന രംഗത്ത് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെങ്കിലേ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കൂവെന്ന മുന്‍കാല തീരുമാനം അധികൃതര്‍ മാറ്റിയിട്ടുണ്ട്.
20 വിമാനങ്ങളുള്ളവര്‍ക്ക് അന്താരാഷ്ട്ര സര്‍വീസിന് അനുമതി നല്‍കുന്ന പുതിയ തീരുമാനം നിലവില്‍ വന്ന സ്ഥിതിക്ക് പ്രവാസികളുടെ ചിരകാല അഭിലാഷമായ വിമാന സര്‍വീസ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാറിന് മുന്‍കയ്യെടുക്കാവുന്നതാണ്. സര്‍ക്കാര്‍ മുന്‍കയ്യെടുത്തോ, അല്ലെങ്കില്‍ പ്രവാസി വ്യവസായികളെ ഉപയോഗപ്പെടുത്തിയോ പൊതുജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ ക്ഷണിച്ചോ സാധ്യമാക്കാന്‍ കഴിയുന്നതാണ് കേരളത്തിന്റെ സ്വന്തം വിമാന കമ്പനിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.