Begin typing your search above and press return to search.
മില്ലറ്റ് ഉല്‍പ്പന്ന പ്രചാരണം മലയാളി സംരംഭത്തിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ച് പുരസ്‌കാരം
കേന്ദ്ര കൃഷി വകുപ്പിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍) പ്രൊമോട്ടു ചെയ്യുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ച് (ഐ.ഐ.എം.ആര്‍) ഏര്‍പ്പെടുത്തിയ സോഷ്യല്‍ വെഞ്ച്വര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം മലയാളി സംരംഭകന്. രഞ്ജിത് ജോര്‍ജ് നേതൃത്വം നല്‍കുന്ന കൊച്ചി ആസ്ഥാനമായ ഫ്രഷ് സ്റ്റാര്‍ട്ട് വെല്‍നസ് കഫെ, വൈ2കെ ടോട്സ് ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് പുരസ്‌ക്കാരം. ഹൈദരാബാദില്‍ നടന്ന ഇന്റര്‍നാഷനല്‍ ന്യൂട്രി-സെറിയല്‍ കണ്‍വെന്‍ഷന്റെ ഭാഗമായ ചടങ്ങില്‍ പെപ്സികോ ഏഷ്യാ പസഫിക് മേഖലാ ആര്‍ ആന്‍ഡ് ഡി തലവനും സീനിയര്‍ ഡയറക്ടറുമായ മിജാനുര്‍ റഹ്‌മാനില്‍ നിന്ന് രഞ്ജിത് ജോര്‍ജ് അവാര്‍ഡ് ഏറ്റുവാങ്ങി.
ഫ്രഷ് സ്റ്റാര്‍ട്ട് വെല്‍നസ് കഫെയും വൈ2കെ ടോട്സ് ഫൗണ്ടേഷനും ചേര്‍ന്നു നടപ്പാക്കുന്ന ഗുഡ് ഫുഡ് ത്രൈവ്, നൗറിഷ് ദെയര്‍ ഫ്യൂച്വര്‍ എന്നീ പദ്ധതികള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. സമൂഹത്തിന്റെ താഴേക്കിടയിലുള്ള കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് മില്ലറ്റ് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന, വിതരണത്തിലൂടെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, അനാഥാലയങ്ങള്‍, അങ്കണവാടികള്‍, ഗിരിവര്‍ഗ മേഖലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് രഞ്ജിത് ജോര്‍ജ് പറഞ്ഞു. രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ജങ്ക് ഫുഡ് ഉപഭോഗം കുറച്ചു കൊണ്ടുവരുന്നതും പദ്ധതിയുടെ ഭാഗമാണ്.
ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡിനു പകരം മില്ലറ്റ് ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. രാജ്യത്താദ്യമായി 2020ല്‍ ബോക്സ്-പാക്ക്ഡ് വെല്‍നസ് ഡയറ്റ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയ ഫുഡ് ഫ്ളേവേഴ്സ് എന്ന കൊച്ചി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പിന്റെ പ്രൊമോട്ടറും രഞ്ജിത് ജോര്‍ജാണ്. കൊച്ചി ആസ്ഥാനമായി 2021ല്‍ രഞ്ജിത് തുടക്കമിട്ട ഫ്രഷ് സ്റ്റാര്‍ട്ട് വെല്‍നസ് കഫെയുടെ ഉല്‍പ്പാദനകേന്ദ്രം ബാംഗ്ലൂരാണ്. കമ്പനിയുടെ മില്ലറ്റ് അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ www.thewellnesscafe.in എന്ന സൈറ്റില്‍ ലഭ്യമാണ്.
Next Story
Videos