ബിഗ് ടിക്കറ്റ് ലോട്ടറി: ₹44 കോടി ഒന്നാംസമ്മാനം അബുദബിയിലെ മലയാളി നേഴ്‌സിന്

വന്‍തുകയുടെ സമ്മാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ യു.എ.ഇയിലെ 'ബിഗ് ടിക്കറ്റ്' ലോട്ടറിയുടെ ഒന്നാംസമ്മാനമായ 20 ലക്ഷം ദിര്‍ഹം (ഏകദേശം 44 കോടി രൂപ) സ്വന്തമാക്കി മലയാളി നേഴ്‌സ് കൊല്ലം സ്വദേശി ലവ്‌സിമോള്‍ അച്ചാമ്മ. കഴിഞ്ഞ 21 വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്യുന്ന ലവ്‌സിമോള്‍ ഭര്‍ത്താവിനൊപ്പം അബുദബിയിലാണ് താമസം. രണ്ടും മൂന്നും സമ്മാനങ്ങളും നേടിയത് മലയാളികൾ തന്നെയാണ്.

Also Read : യു.എ.ഇക്ക് വേണം ഡോക്ടര്‍മാരെയും നേഴ്സുമാരെയും; മലയാളികള്‍ക്ക് മികച്ച അവസരം

അബുദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നെടുത്ത ടിക്കറ്റാണ് ലവ്‌സിമോളെ ഗ്രാന്‍ഡ് സമ്മാനത്തിന് അര്‍ഹയാക്കിയത്. തുകയിലൊരു പങ്ക് ചാരിറ്റിക്ക് നല്‍കുമെന്ന് ലവ്‌സിമോള്‍ പറഞ്ഞതായി യു.എ.ഇ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാക്കിത്തുക കുടുംബത്തിനായും മക്കളുടെ വിദ്യാഭ്യാസത്തിനായും ചെലവഴിക്കും. ലവ്‌സിമോളുടെ രണ്ടുമക്കളും കേരളത്തില്‍ പഠിക്കുകയാണ്. .

സമ്മാനം വാരിക്കൂട്ടി മലയാളികൾ
ബിഗ് ടിക്കറ്റില്‍ കോടികളുടെ സമ്മാനം നേടിയ മലയാളികള്‍ നിരവധിയാണ്. കഴിഞ്ഞ ശനിയാഴ്ചത്തെ നറുക്കെടുപ്പിലെ ഗ്രാന്‍ഡ് സമ്മാനമാണ് ലവ്‌സിമോള്‍ നേടിയത്. മറ്റ് സമ്മാനങ്ങള്‍ സ്വന്തമാക്കിയവരിലും മലയാളികള്‍ ധാരാളം. രണ്ടാംസമ്മാനമായ ഒരുലക്ഷം ദിര്‍ഹം നേടിയത് അലക്‌സ് കുരുവിളയാണ്. നജീബ് അബ്ദുള്ള അമ്പലത്ത് വീട്ടില്‍ മൂന്നാംസമ്മാനമായ 70,000 ദിര്‍ഹം നേടി.

ബംഗ്ലാദേശില്‍ നിന്നുള്ള യാസ്മിന്‍ അഖ്തര്‍ നാലാംസമ്മാനമായ 60,000 ദിര്‍ഹവും മലയാളി ഫിറോസ് പുതിയകോവിലകം അഞ്ചാംസമ്മാനമായ 50,000 ദിര്‍ഹവും സ്വന്തമാക്കി. പാകിസ്ഥാനില്‍ നിന്നുള്ള യാസിര്‍ ഹുസൈനാണ് ഡ്രീം കാര്‍ വിഭാഗത്തിലെ സമ്മാനമായ റേഞ്ച് റോവര്‍ കാറിന് അര്‍ഹനായത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it