ഫുട്‌ബോള്‍ ക്ലബ് ആഴ്‌സണലുമായി കൈകോര്‍ത്ത് മലയാളിയുടെ റിയല്‍ എസ്റ്റേറ്റ് കമ്പനി
പ്രമുഖ മലയാളി വ്യവസായിയായ പി.എന്‍.സി മേനോന്‍ സ്ഥാപിച്ച റിയല്‍റ്റി കമ്പനിയായ ശോഭ റിയല്‍റ്റി (Sobha Realty) ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് ആഴ്‌സണലുമായി(Arsenal)പങ്കാളിത്തത്തിലേര്‍പ്പെട്ടു. പങ്കാളിത്തത്തിന്റെ ഭാഗമായി, ദുബൈയിലും പുറത്തും സ്‌പോര്‍ട്‌സ് വ്യവസായം വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങളില്‍ ആഴ്‌സണലും ശോഭ റിയല്‍റ്റിയും സഹകരിച്ച് പ്രവര്‍ത്തിക്കും.
എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എല്ലാ ആഭ്യന്തര ഗെയിമുകളിലും ശോഭ റിയാലിറ്റിയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് ശോഭ റിയല്‍റ്റിയുടെ കോ-ചെയര്‍മാനായ രവി മേനോന്‍ പറഞ്ഞു.
ദുബായ് ആസ്ഥാനമായുള്ള ആഡംബര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ശോഭ റിയല്‍റ്റിയുമായി ചേര്‍ന്ന് യൂത്ത് ഫുട്‌ബോള്‍ ക്ലിനിക്കുകള്‍, ടൂര്‍ണമെന്റുകള്‍, സെമിനാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഫുട്‌ബോളുമായി ബന്ധപ്പെട്ട ഇവന്റുകള്‍ ഹോസ്റ്റുചെയ്യുന്നതുള്‍പ്പെടെ നിരവധി സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് കമ്പനിയെന്ന് ആഴ്‌സണല്‍ ചീഫ് കോമേഴ്‌സ്യല്‍ ഓഫീസര്‍ ജൂലിയറ്റ് സ്ലോട്ട് പറഞ്ഞു. ആദ്യമായാണ് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ആഴ്‌സണൽ പങ്കാളിത്തത്തിലേര്‍പ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം ഒമാനില്‍ സ്ഥാപിച്ചുകൊണ്ട് 1976ലാണ് പി.എന്‍.സി മേനോന്‍ ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. 1995 ല്‍ ശോഭ ഡെവലപ്പേഴ്സ് എന്ന സ്ഥാപനം ബാംഗ്ലൂരില്‍ ആരംഭിച്ചു. 2003 ലാണ് ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയത്.