

ഇടുക്കിയിലെ ഇടത്തരം കുടിയേറ്റ ഗ്രാമത്തില്‍ നിന്ന് ആദ്യമായിട്ട് കാനഡയ്ക്കു പോയ കൗമാരക്കാനായിരുന്നു തോമസുകുട്ടി. ഭേദപ്പെട്ട സാമ്പത്തികാവസ്ഥയിലുള്ള കുടുംബം. കാര്യമായ കടമോ സാമ്പത്തിക പ്രശ്‌നങ്ങളോ ഇല്ലാത്തവരായിരുന്നു തോമസുകുട്ടിയുടെ മാതാപിതാക്കള്‍.
ബന്ധുക്കളുടെ മക്കള്‍ പലരും വിദേശ പഠനത്തിനായി പോയതിനാല്‍ സ്റ്റാറ്റസ് ഉയര്‍ത്തുകയെന്ന ലക്ഷ്യവും തോമസുകുട്ടിയുടെ മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. തൊട്ടടുത്ത ബാങ്കില്‍ വീടും പുരയിടവും ഈടു വച്ചാണ് വിദേശ സ്വപ്‌നത്തിനായുള്ള തുക കണ്ടെത്തിയത്. എന്നാല്‍, തോമസുകുട്ടിയുടെ കാനഡ യാത്ര വലിയ പരാജയമായിരുന്നു.
പഠിക്കാന്‍ തിരഞ്ഞെടുത്ത കോഴ്‌സ് മുതല്‍ എല്ലാം പിഴച്ചു. ഒടുവില്‍ ഒന്നരവര്‍ഷത്തിനു ശേഷം മകനെ തിരിച്ചു വിളിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. തിരിച്ചെത്തിയ മകന്‍ കുറച്ചധികം കാലം വീടിനു പുറത്തേക്ക് പോലും ഇറങ്ങാതെ ഡിപ്രഷന്‍ സ്റ്റേജിലായിരുന്നു. കുടുംബം കൂട്ടായി നിന്നതു കൊണ്ടു മാത്രമാണ് മകനെ അവര്‍ക്ക് പഴയ പോലെ തിരിച്ചു കിട്ടിയത്.
വിദേശത്തേക്ക് അയയ്ക്കാന്‍ എടുത്ത കടം പെരുകിയെങ്കിലും സാമ്പത്തികബലമുള്ള ബന്ധുക്കളുടെ സഹായത്തോടെ വായ്പ തിരിച്ചടയ്ക്കാന്‍ കുടുംബത്തിനായി. ഇത് ഒരു തോമസുകുട്ടിയുടെ കഥയാണെങ്കില്‍ കേരളത്തിലെ കുടുംബങ്ങളില്‍ പലതിനും ഇതിലേറെ കണ്ണീരണിയിക്കുന്ന കഥകള്‍ പറയാനുണ്ട്. നല്ലൊരു ഭാവി മുന്നില്‍ കണ്ട് കണ്ണില്‍ കാണുന്നവരില്‍ നിന്നെല്ലാം കടംവാങ്ങി വിദേശത്തു പോയ പലരും ഇപ്പോള്‍ കടക്കെണിയില്‍ ഉഴലുകയാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വായ്പ അപകടകരമായ അവസ്ഥയിലാണ്. 2024 ഡിസംബര്‍ 31 വരെ 2,57,669 വിദ്യാര്‍ത്ഥികള്‍ എടുത്തിരിക്കുന്ന വായ്പ 9,387.11 കോടി രൂപയാണ്. ഇത് മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ ഉയര്‍ന്നതാണ്. വിദേശ വിദ്യാഭ്യാസ ട്രെന്റ് പടര്‍ന്നു പിടിച്ചതാണ് പല കുടുംബങ്ങളെയും വലിയ കടക്കെണിയിലേക്ക് തള്ളിവിട്ടത്.
കോവിഡിനുശേഷം യു.കെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള ഒഴുക്കായിരുന്നു. പ്ലസ്ടുവിനുശേഷം കോഴ്‌സുകള്‍ പോലും ശ്രദ്ധിക്കാതെയായിരുന്നു പലരും വിദേശത്തേക്ക് പറന്നത്. സ്റ്റുഡന്റ് വീസയില്‍ ചെന്നാല്‍ നല്ല ജോലി കിട്ടുമെന്നും ജീവിതം സുരക്ഷിതമാകുമെന്നുമുള്ള പ്രചാരണങ്ങളും കുട്ടികളുടെ ഒഴുക്കിന് കാരണമായി.
മഹാരാഷ്ട്രയില്‍ 6,158,22 കോടി രൂപയാണ് സമാന കാലയളവില്‍ വിദ്യാഭ്യാസ വായ്പയായി അനുവദിച്ചത്. തെലുങ്കാന (5,103.77), ആന്ധ്രപ്രദേശ് (5,168.34) എന്നീ സംസ്ഥാനങ്ങളാണ് വിദ്യാഭ്യാസ വായ്പയില്‍ കേരളത്തിനു പിന്നിലുള്ളത്.
ഈ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കപ്പെട്ടവരില്‍ പലരും ഇന്ത്യയില്‍ തന്നെയാണ് കോഴ്‌സുകള്‍ ചെയ്യുന്നത്. എന്നാല്‍ കേരളത്തിലെ സ്ഥിതി മറിച്ചാണ്. 90 ശതമാനം വിദ്യാഭ്യാസ വായ്പകളും വിദേശ പഠനത്തിനുവേണ്ടിയായിരുന്നു. അതുകൊണ്ട് തന്നെ നിഷ്‌ക്രിയ ആസ്തികളുടെ വിഭാഗത്തിലാണ് ഇതില്‍ 880 കോടി രൂപയുടെ വായ്പകളും. മൊത്തം വായ്പകളുടെ 9.3 ശതമാനത്തിനു മുകളില്‍ വരുമിത്.
വിദ്യാഭ്യാസ വായ്പ കുടുംബങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലാക്കും. പല ഇടത്തരം കുടുംബങ്ങളും സാമ്പത്തികമായി തകര്‍ന്നടിയും. ആ രീതിയിലാണ് വിദേശ വിദ്യാഭ്യാസ ഭ്രമം മലയാളികളുടെയിടയില്‍ പിടിമുറുക്കുന്നത്- പല സാമ്പത്തിക വിദഗ്ധരും മുമ്പേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ് ഇക്കാര്യം. വിദ്യാഭ്യാസ വായ്പ സാധാരണ ഗതിയില്‍ ഈട് വേണ്ടാത്തതാണ്. എന്നാല്‍ 7.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് ഈട് നിര്‍ബന്ധമാണ്.
വിദേശ പഠനത്തിനായി പോകുന്നവരിലേറെ പേരും 20-30 ലക്ഷം രൂപയ്ക്ക് ഇടയിലാണ് വായ്പ എടുത്തിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയതും കിട്ടാക്കടം വര്‍ധിച്ചതും ബാങ്കുകളെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അടുത്ത കാലത്ത് ഇത്തരം വായ്പകള്‍ തിരിച്ചുപിടിക്കാനായി ബാങ്കുകള്‍ സര്‍ഫാസി (SARFAESI Act) നിയമം കൂടുതല്‍ കര്‍ശനമായി ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
അടുത്തിടെ മൂവാറ്റുപുഴയില്‍ സംഭവിച്ചത് വിദേശപഠന വായ്പാക്കെണിയുടെ ഉത്തമ ഉദാഹരണമാണ്. മകനെ കാനഡയില്‍ അയയ്ക്കാന്‍ ഇടത്തരം കുടുംബത്തിലെ മാതാപിതാക്കള്‍ വീട് പണയംവച്ച് എടുത്തത് 30 ലക്ഷം രൂപയാണ്. വിദേശത്ത് പോയ മകന്‍ തുടക്കത്തില്‍ വായ്പ ഒരുവിധം തിരിച്ചടച്ചു തുടങ്ങിയെങ്കിലും പിന്നീട് എല്ലാം മുടങ്ങി. തിരിച്ചടവ് സ്ഥിരമായി മുടങ്ങിയതോടെ ബാങ്കുകാരില്‍ നിന്ന് നിരന്തര സമ്മര്‍ദം തുടങ്ങി.
ഒടുവില്‍ ഈടായി നല്‍കിയ വീട് ജപ്തി ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. പ്രായമായ മാതാപിതാക്കള്‍ ആത്മഹത്യ ഭീഷണി മുഴക്കിയതും കേസ് കോടതിയിലേക്ക് എത്തുകയും ചെയ്തതോടെ തല്‍ക്കാലത്തേക്ക് ജപ്തി നടപടി നിര്‍ത്തിവയ്ക്കപ്പെട്ടു. എന്നാല്‍ തലയ്ക്കു മീതെ കുരുക്കായി ഈ കുടുംബത്തിനു മേല്‍ വായ്പയുടെ ഭാരം ഇപ്പോഴും തൂങ്ങിനില്‍ക്കുന്നു. ഇത് മൂവാറ്റുപുഴയിലെ ഒറ്റപ്പെട്ട സംഭവമല്ല. വരുംവര്‍ഷങ്ങളില്‍ ബാങ്കുകള്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നതോടെ വിദ്യാഭ്യാസ വായ്പ കെണി വലിയ സാമൂഹിക പ്രശ്‌നമായി മാറും.
Read DhanamOnline in English
Subscribe to Dhanam Magazine