Begin typing your search above and press return to search.
സഹകരണ സൊസൈറ്റിയില്‍ നിക്ഷേപിച്ചത് 25 ലക്ഷം രൂപ, പണം തിരികെ കിട്ടാതെ വ്യാപാരി ജീവനൊടുക്കി
ഇടുക്കി കട്ടപ്പനയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. കട്ടപ്പന ടൗണില്‍ ലേഡീസ് സ്റ്റോര്‍ നടത്തുകയായിരുന്ന മുളങ്ങാശേരിയില്‍ സാബുവാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കട്ടപ്പന പള്ളിക്കവലയില്‍ ലേഡീസ് സെന്റര്‍ നടത്തുകയായിരുന്നു സാബു. റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചനയുണ്ട്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. ബാങ്കിലേക്ക് വിവിധ സംഘടനകള്‍ മാര്‍ച്ച് നടത്തി.
നിക്ഷേപിച്ചത് 25 ലക്ഷം രൂപ
ടൗണില്‍ വര്‍ഷങ്ങളായി കച്ചവടം നടത്തിയിരുന്ന സാബു കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാല്‍ മാസംതോറും നിശ്ചിത തുക നല്‍കാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നല്‍കിയിരുന്നുവെന്നാണ് ബാങ്ക് പറയുന്നത്.
ഭാര്യയുടെ ചികിത്സയ്ക്കായി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ സൊസൈറ്റിയില്‍ എത്തിയിരുന്നു. എന്നാല്‍ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. സാബുവും ബാങ്ക് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
സഹകരണ ബാങ്കുകള്‍ പലതും നഷ്ടത്തില്‍
സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മന്ത്രി വി.എന്‍ വാസവന്‍ കഴിഞ്ഞ വര്‍ഷം നിയമസഭയിലാണ് ഇക്കാര്യം രേഖാമൂലം വ്യക്തമാക്കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 16,062 സഹകരണ സംഘങ്ങള്‍ സംസ്ഥാനത്തുണ്ടായിരുന്നു. ഇപ്പോള്‍ അത് 16,329 സഹകരണ സംഘങ്ങള്‍ ആയി. എന്നാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് 4,107 എണ്ണം മാത്രവും.
ക്രമക്കേടിലൂടെയും തെറ്റായ ധനകാര്യ മാനേജ്‌മെന്റ് രീതിയിലൂടെയും മൂലധന ശോഷണം സംഭവിച്ചിട്ടുള്ള സംഘങ്ങളില്‍ നിക്ഷേപം തിരികെ കൊടുക്കാന്‍ കഴിയാത്ത അനവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‌ലൈന്‍ - 1056 (ടോള്‍ ഫ്രീ)
Next Story
Videos