ബൈജൂസിനെ ഏറ്റെടുക്കാന്‍ മണിപ്പാല്‍ ഗ്രൂപ്പ് മാത്രം! ലക്ഷ്യം ആകാശിന്റെ നിയന്ത്രണം, ₹1.9 ലക്ഷം കോടിയില്‍ നിന്ന് വട്ടപൂജ്യമായ എഡ്‌ടെക് ഭീമന്റെ ഭാവിയെന്ത്?

ടേം ലോണ്‍ എടുത്തതിലെ പിഴവാണ് കമ്പനിക്ക് തിരിച്ചടിയായതെന്ന് അടുത്തിടെ കമ്പനി സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു
Byju Raveendran
Byjus
Published on

സാമ്പത്തിക പ്രതിസന്ധിയിലായ എഡ്‌ടെക് കമ്പനി ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ മണിപ്പാല്‍ ഗ്രൂപ്പ്. കമ്പനിയുടെ പാപ്പരത്ത (Insolvency) നടപടികളുടെ ഭാഗമായി രഞ്ജന്‍ പൈയുടെ നേതൃത്വത്തിലുള്ള മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് താല്‍പര്യപത്രം (EoI) സമര്‍പ്പിച്ചു. ബൈജൂസിന്റെ ഏറ്റവും മൂല്യമുളള ഉപസ്ഥാപനമായ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസിന്റെ (Aakash) പൂര്‍ണ്ണ നിയന്ത്രണം ഉറപ്പാക്കാനാണ് മണിപ്പാല്‍ ഗ്രൂപ്പിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.

മണിപ്പാലിന്റെ നീക്കം

2021ല്‍ ബൈജൂസ് ഏകദേശം 100 കോടി ഡോളറിന് (ഏകദേശം 8,300 കോടി രൂപ) ഏറ്റെടുത്ത സ്ഥാപനമാണ് ആകാശ്. ബൈജൂസ് സാമ്പത്തിക പ്രതിസന്ധിയിലായതോടെ ആകാശിന്റെ ഓഹരികള്‍ ഈട് നല്‍കി എടുത്ത വായ്പ അടച്ചുതീര്‍ക്കാന്‍ രഞ്ജന്‍ പൈ ഇടപെട്ടിരുന്നു. ഇതോടെ ആകാശിലെ ഏറ്റവും വലിയ ഓഹരിയുടമയായി രഞ്ജന്‍ പൈ മാറി. ഏകദേശം 40% ഓഹരി.

നിലവില്‍ ബൈജൂസ് ദേശീയ കമ്പനി ട്രൈബൂണലിന് മുന്നില്‍ പാപ്പരത്ത നടപടി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ തിങ്ക് ആന്‍ഡ് ലേണിന്റെ ഓഹരികളും ബാധ്യതകളും ഏറ്റെടുത്താല്‍ ആകാശില്‍ ബൈജൂസിന് ശേഷിക്കുന്ന ബാക്കി ഓഹരിയും മണിപ്പാലിന് സ്വന്തമാക്കാം. ഏകദേശം 25% ആയിരുന്ന ഓഹരി റൈറ്റ്‌സ് ഇഷ്യൂവിന് ശേഷം 5% ആയി കുറഞ്ഞിരുന്നു. ഇതോടെ ആകാശിന്റെ പൂര്‍ണ്ണ നിയന്ത്രണവും മണിപ്പാല്‍ ഗ്രൂപ്പിന് സ്വന്തമാകും.

ഏറ്റെടുക്കാന്‍ മണിപ്പാല്‍ മാത്രം

ബൈജൂസിന്റെ മാതൃസ്ഥാപനത്തെ ഏറ്റെടുക്കാന്‍ നിലവില്‍ താല്‍പര്യപത്രം നല്‍കിയ ഏക സ്ഥാപനം മണിപ്പാല്‍ ഗ്രൂപ്പ് മാത്രമാണ്. അപേക്ഷ പാപ്പരത്ത പ്രൊഫഷണല്‍ (RP) പരിശോധിച്ച ശേഷം അടുത്ത ഘട്ടമായ ഡ്യൂ ഡിലിജന്‍സിനായി (Due Diligence) മണിപ്പാല്‍ ഗ്രൂപ്പിനെ പരിഗണിച്ചേക്കും. അപേക്ഷ നല്‍കിയത് കൊണ്ട് മാത്രം ഏറ്റെടുക്കലിന് അനുമതി ലഭിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. സ്ഥാപനത്തെ ഏറ്റെടുക്കാന്‍ നവംബര്‍ 13 വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ മണിപ്പാല്‍ ഗ്രൂപ്പ് മാത്രമാണ് താത്പര്യം പ്രകടിപ്പിച്ചത്.

1.9 ലക്ഷം കോടിയില്‍ നിന്ന് പൂജ്യത്തിലേക്ക്

2022ല്‍ 22 ബില്യന്‍ ഡോളര്‍ (ഏകദേശം 1.9 ലക്ഷം കോടി രൂപ) മൂല്യം കണക്കാക്കിയ കമ്പനിയാണ് ബൈജൂസ്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയതാണ് ബൈജൂ രവീന്ദ്രന്റെ കമ്പനിയെ വലിയ നേട്ടത്തിലേക്ക് നയിച്ചത്. ഫോബ്‌സിന്റെ സമ്പന്ന പട്ടികയില്‍ ഇടം നേടാനും ബൈജു രവീന്ദ്രന് കഴിഞ്ഞിരുന്നു. എന്നാല്‍ സാമ്പത്തിക ക്രമക്കേടുകളും ജീവനക്കാരുടെ പിരിച്ചുവിടലും വിവാദമായതോടെ 2023ല്‍ കമ്പനിയുടെ മൂല്യം ടെക് നിക്ഷേപകനായ പ്രൊസൂസ് 75 ശതമാനം വെട്ടിക്കുറച്ചു.

ഇതിന് പിന്നാലെ ജീവനക്കാരുടെ പി.എഫ് വിഹിതം അടക്കാത്തതും വിവാദമായി. കൃത്യസമയത്ത് പണമടച്ചില്ലെന്ന് കാട്ടി ഗൂഗ്ള്‍, ഫേസ്ബുക്ക് സേവനവും നിറുത്തി. ടേം ലോണ്‍ എടുത്തതിലെ പിഴവാണ് കമ്പനിക്ക് തിരിച്ചടിയായതെന്ന് അടുത്തിടെ കമ്പനി സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൂടുതല്‍ കരുത്തോടെ ബൈജൂസ് 2.0 കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടയിലാണ് മണിപ്പാല്‍ ഗ്രൂപ്പിന്റെ നീക്കം.

ഭാവിയെന്ത്

പാപ്പരത്ത നടപടികളില്‍ പങ്കുചേരുന്നതിലൂടെ കമ്പനിയുടെ സാമ്പത്തികവും പ്രവര്‍ത്തനപരവുമായ രേഖകള്‍ പരിശോധിക്കാന്‍ മണിപ്പാല്‍ ഗ്രൂപ്പിന് കഴിയും. സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനുള്ള പരിഹാര പദ്ധതി (Resolution Plan) സമര്‍പ്പിക്കാനാണ് ഗ്രൂപ്പിന്റെ ശ്രമം. ആകാശിനെ ഗ്രൂപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളുമായി ചേര്‍ക്കുമോ അതോ നിലവിലെ സ്ഥിതി തുടരുമോയെന്നാണ് കണ്ടറിയേണ്ടത്. തിങ്ക് ആന്‍ഡ് ലേണിനെ ഏറ്റെടുക്കുമ്പോള്‍ ബൈജൂസിന്റെ ഭാവിയെന്താകുമെന്നും എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.

Manipal Group has formally submitted a bid via an Expression of Interest to acquire the parent company of Byju’s, Think & Learn, under insolvency proceedings—marking a key moment in India’s ed-tech industry.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com