കടക്കെണിയില്‍ ബൈജൂസിന് പുതിയ രക്ഷകന്‍ കേരളത്തിനടുത്ത് നിന്ന്! കരകയറ്റാന്‍ അവസാന നീക്കം

ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനെ ഏറ്റെടുക്കാന്‍ മറ്റ് ചില കമ്പനികളും താല്പര്യമറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പക്ഷേ ബൈജൂസിന്റെ ഉപകമ്പനികളില്‍ മാത്രമാണ് താല്പര്യം
Image: Byjus, canava
Image: Byjus, canava
Published on

കടക്കെണിയില്‍പ്പെട്ട് ഉഴലുന്ന മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ എഡ്‌ടെക് കമ്പനിയായ ബൈജൂസിനെ ഏറ്റെടുക്കാന്‍ മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ്. ബൈജൂസിനെ പൂര്‍ണമായി ഏറ്റെടുക്കാനാണ് മണിപ്പാല്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള താല്പര്യപത്രം അറിയിച്ചിട്ടുണ്ട്.

പാപ്പരത്ത നടപടി നേരിടുന്ന ബൈജൂസിനെ ഏറ്റെടുക്കാന്‍ നവംബര്‍ 13 വരെ ബിഡ് നല്കാം. ബൈജൂസിന്റെ ഉപകമ്പനിയായ ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസിന്റെ പ്രധാന ഓഹരിയുടമകളാണ് മണിപ്പാല്‍ ഗ്രൂപ്പ്. നിലവില്‍ കമ്പനിക്ക് 58 ശതമാനം പങ്കാളിത്തം ഈ കമ്പനിയിലുണ്ട്.

ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനെ ഏറ്റെടുക്കാന്‍ മറ്റ് ചില കമ്പനികളും താല്പര്യമറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പക്ഷേ ബൈജൂസിന്റെ ഉപകമ്പനികളില്‍ മാത്രമാണ് താല്പര്യം. ആകാശിനാണ് കൂടുതല്‍ ഡിമാന്‍ഡ്. വൈറ്റ്ഹാറ്റ്ജൂണിയര്‍, ടോപ്പര്‍ തുടങ്ങിയ ഉപകമ്പനികള്‍ക്കും താല്പര്യക്കാരുണ്ട്.

രക്ഷകനായ പൈ

ഡോ. രഞ്ജന്‍ പൈ നയിക്കുന്ന മണിപ്പാല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ്. ബൈജൂസ് മുമ്പ് കടക്കെണിയിലായപ്പോഴായിരുന്നു ആദ്യമായി മണിപ്പാല്‍ ഗ്രൂപ്പ് നിക്ഷേപകരായി എത്തിയത്.

കോവിഡ് കാലത്തടക്കം മികച്ച ബിസിനസുമായി തിളങ്ങി നിന്നിരുന്ന ബൈജൂസിന് തിരിച്ചടിയായത് അനിയന്ത്രിതമായ ഏറ്റെടുക്കലുകളും ചെലവഴിക്കലുകളുമാണ്. 2021ലാണ് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ബൈജൂസ് 8,000 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. കോവിഡിന് പിന്നാലെ സാമ്പത്തിക ഞെരുക്കത്തിലായ ബൈജൂസില്‍ മണിപ്പാല്‍ ഗ്രൂപ്പ് 1,400 കോടി രൂപയുടെ നിക്ഷേപം നടത്തി. 2023ലായിരുന്നു ഇത്.

അടുത്തിടെ ബൈജൂസ് രണ്ട് അമേരിക്കന്‍ കമ്പനികളെ ചുളുവിലയ്ക്ക് വിറ്റഴിച്ചു. വായ്പ കുടിശികകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വമ്പന്‍ വിലക്കുറവിലാണ് എപിക് (Epic), ടിങ്കര്‍ (Tynker) എന്നീ കമ്പനികളെ വിറ്റത്.

2021ല്‍ 200 മില്യണ്‍ ഡോളറിന് (ഏകദേശം 1,700 കോടി രൂപ) ബൈജൂസ് വാങ്ങിയ കോഡിംഗ് പ്ലാറ്റ്ഫോമായ ടിങ്കറിനെ വെറും 2.2 മില്യണ്‍ ഡോളറിനാണ് (ഏകദേശം 18 കോടി രൂപ) ചിക്കാഗോ ആസ്ഥാനമായ കോഡ്എച്ച്എസ് (CodeHS) എന്ന കംപ്യൂട്ടര്‍ സയന്‍സ് ലേണിംഗ് പ്ലാറ്റ്ഫോം സ്വന്തമാക്കിയത്. അതായത് 99 ശതമാനം ഡിസ്‌കൗണ്ടിലാണ് വില്‍പ്പന.

Manipal Group moves to acquire struggling Byju's fully, as other firms show interest in its subsidiaries

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com