അത്യാധുനിക കാന്‍സര്‍ ചികിത്സാ കേന്ദ്രം തുറന്ന് മഞ്ഞുമ്മല്‍ സെന്റ് ജോസഫ്‌സ് ആശുപത്രി

കേരളത്തിലെ ആദ്യ മിഷന്‍ ആശുപത്രിയായ എറണാകുളം, മഞ്ഞുമ്മല്‍ ആശുപത്രിയില്‍ അത്യാധുനിക കാന്‍സര്‍ ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നു. 135 വര്‍ഷം മുന്‍പ് കോളറ അടക്കമുള്ള പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോക ശ്രദ്ധ നേടിയ ആശുപത്രിയാണ് സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍. കാന്‍സര്‍ രോഗികള്‍ക്ക് മിതമായ ചെലവില്‍ അത്യാധുനിക വൈദ്യസഹായവും പ്രതിരോധ ചികിത്സയുമാണ് പുതിയ കാന്‍സര്‍ ട്രീറ്റ്മെന്റ് ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ചെയര്‍മാന്‍ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ വ്യക്തമാക്കി.

രാജ്യത്തെ മുന്‍നിര സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റും സ്‌കാര്‍ലെസ് തൈറോയ്ഡ്-ബ്രെസ്റ്റ് പ്രിസര്‍വേഷന്‍ സര്‍ജറികള്‍, കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ തടയാനുള്ള എവിഡന്‍സ് അധിഷ്ഠിത ന്യൂട്രീഷന്‍ എന്നീ മേഖലകളിലെ അതുല്യ നേട്ടങ്ങളുടെ പേരില്‍ പ്രശസ്തനുമായ ഡോ.തോമസ് വര്‍ഗീസിന്റെ മേല്‍നോട്ടത്തിലാണ് കാന്‍സര്‍ സെന്ററിന്റെ രൂപീകരണവും ചികിത്സാ പ്രോട്ടോകോളും എന്ന് സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ.ലാല്‍ജു പോളാപ്പറമ്പില്‍ പറഞ്ഞു.

സ്തന സംരക്ഷണ ഓങ്കോപ്ലാസ്റ്റിക് സര്‍ജറി, കഴുത്തിലും നെഞ്ചിനോട് ചേര്‍ന്നും കാണപ്പെടുന്ന കാന്‍സര്‍ മൂലം വരുന്നതും അല്ലാത്തതുമായ മുഴകള്‍ നീക്കം ചെയ്യാന്‍ സ്ത്രീകളിലും പുരുഷന്മാരിലും നടത്തുന്ന സ്‌കാര്‍ലെസ് തൈറോയ്ഡക്ടമി, കാന്‍സറില്‍ നിന്നുള്ള സംരക്ഷണത്തിനായി കൈകാലുകള്‍, ശ്വാസനാളം, നാവ്, താടിയെല്ലുകള്‍ എന്നിവയ്ക്കായുള്ള സര്‍ജറികള്‍, ടോട്ടല്‍ പെരിറ്റോനെക്ടമിയും HIPEC യും (Hyperthermic intraperitoneal chemotherapy) ഉള്‍പ്പെടെയുള്ള അതിനൂതന സര്‍ജറികളും അത്യാധുനിക ചികിത്സയും ഉറപ്പാക്കുന്ന ഗൈനക്കോളജിക് ഓങ്കോളജി വിഭാഗം, ഗ്യാസ്ട്രക്ടോമി,കോളക്‌റ്റോമി,റെക്ടല്‍ & പാന്‍ക്രിയാറ്റിക് ശസ്ത്രക്രിയകള്‍, അന്നനാള ശസ്ത്രക്രിയകള്‍ എന്നിവ ഉള്‍പ്പെടുന്ന ഗ്യാസ്‌ട്രോഎന്ററോളജി കാന്‍സര്‍ വിഭാഗം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഇതിനു പുറമെ, ശ്വാസകോശ അര്‍ബുദ ശസ്ത്രക്രിയകളും ചികിത്സയും, ജനിതക പ്രൊഫൈലിംഗ്, ഇമ്മ്യൂണോതെറാപ്പി എന്നിവയും പുതിയ കേന്ദ്രത്തില്‍ ലഭ്യമാണ്.




2021- 22 ലെ ഡാറ്റ പ്രകാരം തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ ഓരോ വര്‍ഷവും പുതുതായി 14,183 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഡോ.തോമസ് വര്‍ഗീസ് പറയുന്നു. നിലവില്‍ റിവ്യൂവിലുള്ള 2,11,778 കേസുകള്‍ക്ക് പുറമെയാണിത്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് കാന്‍സര്‍ രോഗികളില്‍ 80 ശതമാനത്തോളം പേര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വരുന്നുണ്ടെങ്കിലും ഇന്ത്യയില്‍ 25% രോഗികള്‍ക്ക് മാത്രമേ അതിനുള്ള സൗകര്യം ലഭ്യമാകുന്നുള്ളൂ. നേരത്തേ തിരിച്ചറിഞ്ഞ് യഥാസമയം ശസ്ത്രക്രിയ ഉറപ്പാക്കുന്നതിലൂടെ വലിയൊരളവു വരെ രോഗ വിമുക്തി സാധ്യമാക്കാന്‍ കഴിയുമെന്ന് ഡോ.തോമസ് കൂട്ടിച്ചേര്‍ത്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it