പ്രവാസികള്‍ കേരളത്തില്‍ നിക്ഷേപിക്കാന്‍ ഭയക്കുന്നു, മാതൃക നിക്ഷേപക സംരക്ഷണ നിയമം നടപ്പാക്കണം; ആവശ്യവുമായി ശശി തരൂര്‍

ആഗോള വിതരണ ശൃംഖലകള്‍ ചൈനയ്ക്ക് പകരമായി ഉത്പാദന കേന്ദ്രങ്ങള്‍ തിരയുന്ന സാഹചര്യത്തില്‍ അവസരങ്ങളേറെയാണെന്ന്
പ്രവാസികള്‍ കേരളത്തില്‍ നിക്ഷേപിക്കാന്‍ ഭയക്കുന്നു, മാതൃക നിക്ഷേപക സംരക്ഷണ നിയമം നടപ്പാക്കണം; ആവശ്യവുമായി ശശി തരൂര്‍
Published on

പ്രവാസികളില്‍ പലരും കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഭയക്കുകയാണെന്ന് ശശി തരൂര്‍ എം.പി. കേരളത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് അവരുടെ സമ്പാദ്യം നഷ്ടപ്പെടാതിരിക്കാന്‍ മാതൃക നിക്ഷേപക സംരക്ഷണ നിയമം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച ഇന്ത്യ ഫോര്‍വേഡ് ടോക്ക് സീരീസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍ നിയമങ്ങളില്‍ പലതും കാലഹരണപ്പെട്ടതാണ്. തെറ്റായ നിയമങ്ങളും ചട്ടങ്ങളും വ്യവസായ മേഖലയിലെ വിദേശ നിക്ഷേപങ്ങള്‍ക്ക് തടസമായി നില്‍ക്കുന്നുണ്ട്. തൊഴിലാളികള്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് അഭിപ്രായത്തോട് യോജിപ്പില്ല. സമയമല്ല ഉത്പാദനക്ഷമതയാണ് കൂട്ടേണ്ടതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

ഡെന്മാര്‍ക്കിലേതു പോലെ തൊഴിലിടങ്ങളിലെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയാണ് വേണ്ടത്. രാജ്യം ഇതുവരെ നേടിയ സാമ്പത്തിക വളര്‍ച്ചയില്‍ മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത് ഒരു വിരോധാഭാസമാണ്. ഇന്ത്യയിലെ തൊഴില്‍ ശക്തിയുടെ ഏകദേശം 40 ശതമാനം ഇപ്പോഴും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രീതികള്‍ മാറേണ്ട സമയമായെന്നും തരൂര്‍ വ്യക്തമാക്കി.

ഇന്ത്യ ഉത്പാദന ഹബ്ബായി മാറണം

ഇന്ത്യയെ ഒരു ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കിയാല്‍ മാത്രമേ ഒരു വികസിത രാഷ്ട്രമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുകയുള്ളുവെന്ന് ശശി തരൂര്‍ പറയുന്നു. ഒരു ആഗോള ഉത്പാദന കേന്ദ്രമായി ഉയര്‍ന്നുവരാനുള്ള കഴിവും, കാഴ്ചപ്പാടും, ശേഷിയും ഇന്ത്യയ്ക്കുണ്ട്. ആഗോള വിതരണ ശൃംഖലകള്‍ ചൈനയ്ക്ക് പകരമായി ഉത്പാദന കേന്ദ്രങ്ങള്‍ തിരയുന്ന സാഹചര്യത്തില്‍ അവസരങ്ങളേറെയാണെന്നും തരൂര്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com