സിഗ്നലില്‍ പച്ച തെളിയുന്നത് പോലും അറിയാം, ഗൂഗ്ള്‍ മാപ്പിന് പകരമാകാന്‍ മാപ്പിള്‍സ്, ഏറ്റെടുത്ത് കേന്ദ്രമന്ത്രിമാരും, ഓഹരിക്ക് കുതിപ്പ്

പ്രതിവര്‍ഷം 463 കോടി വരുമാനമുള്ള കമ്പനിയാണ് മാപ്പ് മൈ ഇന്ത്യ
MapmyIndia GPS navigation screen beside a smartphone map with red location pins.
map my india
Published on

മാപ്പ്‌മൈ ഇന്ത്യ നിര്‍മിച്ച മെയിഡ് ഇന്‍ ഇന്ത്യ നാവിഗേഷന്‍ ആപ്പ് - മാപ്പിള്‍സ് (Mappls) തരംഗമാകുന്നു. സോഹോയുടെ അരട്ടൈക്ക് ശേഷമാണ് മറ്റൊരു ഇന്ത്യന്‍ ആപ്പ് കൂടി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. കിടിലന്‍ ഫീച്ചറുകളുള്ള മാപ്പിള്‍സ് ഗൂഗ്ള്‍ മാപ്പിന്റെ പകരക്കാരനാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവിന്റെ വരെ പ്രശംസ പിടിച്ചുപറ്റിയ മാപ്പിള്‍സിനെപ്പറ്റി കൂടുതലറിയാം.

എന്താണ് മാപ്പിള്‍സ്

ഇന്ത്യന്‍ കമ്പനിയായ മാപ്പ് മൈ ഇന്ത്യ വികസിപ്പിച്ച മാപ്പിംഗ്, നാവിഗേഷന്‍, ജിയോസ്‌പേഷ്യല്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമാണ് മാപ്പിള്‍സ്. ഗൂഗ്ള്‍ മാപ്പ് മാതൃകയില്‍ ഇന്ത്യന്‍ റോഡുകള്‍ക്ക് അനുസൃതമായ വിവരങ്ങളാണ് മാപ്പിള്‍സ് നല്‍കുന്നത്. ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഡിസൈന്‍ ചെയ്ത ഡിജിറ്റല്‍ മാപ്പുകള്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, തത്സമയ ട്രാഫിക്ക് അലര്‍ട്ടുകള്‍ എന്നിവയാണ് മാപ്പിള്‍സിന്റെ പ്രത്യേകത. ജംഗ്ഷനുകളുടെ ത്രി ഡി വ്യൂ, ബില്‍ഡിംഗുകള്‍ക്ക് അകത്തെ ഷോപ്പുകളുടെ വിവരങ്ങള്‍, ഓഫ്‌ലൈന്‍ മാപ്പുകള്‍ എന്നിവയും ഇതില്‍ കിട്ടും. മാത്രവുമല്ല സ്പീഡ് ലിമിറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍, അപകട മേഖലകളെക്കുറിച്ചുള്ള മുന്നറിയിപ്പ്, വലിയ വളവുകള്‍, സ്പീഡ് ബ്രേക്കറുകള്‍, ട്രാഫിക്ക് സിഗ്നലുകള്‍, സി.സി.ടി.വി, നിരീക്ഷണ ക്യാമറകളുടെ ലൊക്കേഷന്‍ എന്നിവയും ആപ്പില്‍ അറിയാം. ഇനി യാത്രക്ക് എത്ര രൂപ ചെലവാകുമെന്ന് മനസിലാക്കാനുള്ള ട്രിപ്പ് കാല്‍കുലേറ്ററും ഇതില്‍ ലഭ്യമാണ്. 200ലധികം രാജ്യങ്ങളിലും ആപ്പിന്റെ സേവനം ലഭ്യമാണ്.

ഗൂഗ്ള്‍ മാപ്പിന് പകരമോ?

ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന നാവിഗേഷന്‍ ആപ്പാണ് ഗൂഗ്ള്‍ മാപ്പ്. എന്നാല്‍ ഇതുകാരണം കുഴപ്പത്തില്‍ ചാടിയവരും ഏറെയാണ്. പണി തീരാത്ത പാലത്തില്‍ കൂടിയും ചെറിയ അരുവിയിലൂടെയും ഒക്കെ വഴി കാണിച്ച് വാഹനങ്ങള്‍ അപകടത്തില്‍ പെട്ട വാര്‍ത്തകളും നമ്മള്‍ വായിച്ചിട്ടുണ്ട്. ഗൂഗ്ള്‍ മാപ്പ് ഇന്ത്യക്ക് വേണ്ടി ഡിസൈന്‍ ചെയ്തത് അല്ലെന്നതാണ് പ്രധാന പ്രശ്‌നം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാലങ്ങള്‍ പോലുള്ള സ്ഥലങ്ങളില്‍ ത്രീഡി വ്യൂ കാണാനുള്ള സൗകര്യം ഒരുക്കുമെന്നാണ് മാപ്പിള്‍സ് പറയുന്നത്. എല്ലാ വിവരങ്ങളും ഇന്ത്യയില്‍ തന്നെ സ്റ്റോര്‍ ചെയ്യുമെന്നതിനാല്‍ ഡാറ്റ പ്രൈവസിയെക്കുറിച്ചുള്ള ടെന്‍ഷനുകളും വേണ്ടെന്നാണ് അശ്വനി വൈഷ്ണവും വിശദീകരിക്കുന്നു. രാജ്യത്തെ റെയില്‍ നാവിഗേഷന് വേണ്ടി മാപ്പിള്‍സിനെ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഹരിക്ക് കുതിപ്പ്

അതേസമയം, മാപ്പിള്‍സിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ മാതൃകമ്പനിയായ സി.ഇ ഇന്‍ഫോ സിസ്റ്റംസ് ലിമിറ്റഡിന്റെ ഓഹരികളും കുതിച്ചു. സോഹോയുടെ അരട്ടൈ ആപ്പുമായി ബന്ധിപ്പിക്കുമെന്ന വാര്‍ത്തകളും ഓഹരികള്‍ക്ക് കരുത്തേകി. വ്യാപാരം ആരംഭിച്ചപ്പോള്‍ 10 ശതമാനത്തോളമാണ് ഓഹരികള്‍ കുതിച്ചത്. 11.30 ആയപ്പോള്‍ ഓഹരിയൊന്നിന് 1,810 രൂപയെന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 100 രൂപയോളം ഓഹരിക്ക് വര്‍ധനയുണ്ട്. നിലവില്‍ ഇന്ത്യയിലെ പത്തോളം സര്‍ക്കാര്‍ വകുപ്പുകള്‍ മാപ്പിള്‍സിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മാപ്പിള്‍സ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും കമ്പനി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിവര്‍ഷം 463 കോടി വരുമാനമുള്ള കമ്പനിയാണ് മാപ്പ് മൈ ഇന്ത്യ.

Discover Mappls, the Made-in-India navigation app offering real-time traffic, 3D maps, and privacy-focused features — a strong alternative to Google

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com