

സോഹോയുടെ അറട്ടൈക്ക് ശേഷം മറ്റൊരു ഇന്ത്യന്‍ കമ്പനിയുടെ ആപ്പ് കൂടി ട്രെന്‍ഡിംഗാവുകയാണ്. ഐ.എസ്.ആര്‍.ഒയുടെ സഹായത്തോടെ മാപ്പ് മൈ ഇന്ത്യയെന്ന ഇന്ത്യന്‍ കമ്പനി തദ്ദേശീയമായി നിര്‍മിച്ച മാപ്പിള്‍സിന്(Mappsl) സാക്ഷാല്‍ ഗൂഗ്ള്‍ മാപ്പിനെ വരെ വിറപ്പിക്കാന്‍ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് സ്വന്തം വാഹനത്തിലിരുന്ന് ആപ്പ് ടെസ്റ്റ് ചെയ്യുന്ന വീഡിയോ പുറത്തുവന്നതാണ് മാപ്പിള്‍സ് പെട്ടെന്ന് വൈറലാകാന്‍ കാരണം. എന്നാല്‍ ഗൂഗ്ള്‍ മാപ്പിനേക്കാള്‍ എന്തുകൊണ്ടാണ് മാപ്പിള്‍സ് വ്യത്യസ്തമാകുന്നത് പരിശോധിക്കാം.
മാപ്മൈഇന്ത്യ വികസിപ്പിച്ചെടുത്ത, ഇന്ത്യയുടെ തനതായ ഒരു ഡിജിറ്റല്‍ നാവിഗേഷന്‍, മാപ്പിംഗ് ആപ്ലിക്കേഷനാണിത്. ഉപയോക്താക്കളെ കൃത്യമായ സ്ഥലങ്ങളും വിലാസങ്ങളും കണ്ടെത്താന്‍ സഹായിക്കുന്നതോടൊപ്പം വാഹനമോടിക്കാനും നടക്കാനും പൊതുഗതാഗതത്തിനും ഉള്‍പ്പെടെ വഴികാട്ടിയായും ഇത് പ്രവര്‍ത്തിക്കുന്നു. റോഡുകളിലെ തിരക്ക് മനസിലാക്കാനും അതിനനുസരിച്ച് റൂട്ടുകള്‍ പ്ലാന്‍ ചെയ്യാനും ഇതിലൂടെ കഴിയും. ഇന്ത്യന്‍ റോഡുകള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങളാണ് ഗൂഗ്ള്‍ മാപ്പില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഐ.എസ്.ആര്‍.ഒയുടെ ഉപഗ്രഹ ദൃശ്യങ്ങളും ഡാറ്റയും ഉപയോഗിച്ചാണ് മാപ്പ് മൈ ഇന്ത്യ മാപ്പിള്‍സ് ഒരുക്കിയിരിക്കുന്നത്. ഇതിനായി 2021ല്‍ ധാരണയിലെത്തി. ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക സേവനങ്ങള്‍ നല്‍കാന്‍ മാപ്പിള്‍സിന് കഴിയുന്നത് ഇതുകൊണ്ടാണ്.
മാപ്പിള്‍സ് വെബ്‌സൈറ്റ് വഴിയോ ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നോ മാപ്പിള്‍സ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സപ്പോര്‍ട്ട് ചെയ്യുമെന്നതിനാല്‍ കാറുകളിലും ഇവ ഉപയോഗിക്കാം.
- ജംഗ്ഷന്‍ വ്യൂ : പരിചയമില്ലാത്ത ഒരു നഗരത്തില്‍ ഫ്‌ളൈഓവറുകളും പല ലൈനുകളുള്ള റോഡുകളും ഉണ്ടെങ്കില്‍ പെട്ടത് തന്നെ. ഇത് പരിഹരിക്കാന്‍ മാപ്പ്ള്‍സില്‍ കവലകളുടെ (ജംഗ്ഷന്‍) ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളുടെ 3ഡി രൂപരേഖ ലഭ്യമാണ്. ഇത് ഓരോ ലൈനുകളും പ്രവേശന കവാടങ്ങളും എക്‌സിറ്റുകളും വ്യക്തമായി കാണിക്കുന്നു. ഡ്രൈവര്‍മാര്‍ക്ക് ഏതു വഴിയാണ് പോകേണ്ടതെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയും. അപകടങ്ങളും ഒഴിവാക്കാം.
ലൈവ് ട്രാഫിക്ക് അപ്‌ഡേറ്റ്: ട്രാഫിക് വിവരങ്ങള്‍ ലൈവായി ഇതില്‍ അറിയാം. തിരക്ക്, റോഡിലെ വേഗപരിധി, ട്രാഫിക് സിഗ്‌നലുകള്‍ എവിടെയാണെന്നും എത്ര നേരം കൊണ്ട് സിഗ്നല്‍ ലൈറ്റുകളില്‍ പച്ചയും ചുവപ്പും തെളിയുമെന്നും ലൈവായി അറിയാം. സ്പീഡ് ക്യാമറകളുടെ സാന്നിധ്യം അറിയിക്കുകയും, റോഡിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഈ സവിശേഷത ഉപയോക്താക്കളെ കൂടുതല്‍ സുഗമവും സുരക്ഷിതവുമായ യാത്രകള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നു.
ടോളും കണക്കാക്കാം: ആപ്പിലെ ടോള്‍ കാല്‍ക്കുലേറ്റര്‍ വഴി യാത്രയിലെ ടോള്‍ നിരക്കുകള്‍ കണക്കാക്കാം. വഴിയിലുള്ള ടോള്‍ പ്ലാസകള്‍ ഏതൊക്കെയെന്ന് തിരിച്ചറിയാം. അതുപോലെ എത്ര പണം ലാഭിക്കാമെന്നും മുന്‍കൂട്ടി കണക്കാക്കാം.
ഇന്ത്യന്‍ ഭാഷകള്‍: മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളിലും ആപ്പ് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ വഴിയില്‍ പെട്ടുപോകില്ലെന്ന് സാരം.
ക്യാമറ: ആപ്പിലെ ബില്‍റ്റ് ഇന്‍ ക്യാമറ ഫ്യൂച്ചറിലൂടെ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ ഓട്ടോമാറ്റിക്ക് ജിയോടാഗിലൂടെ റെക്കോഡ് ചെയ്യാനും കഴിയും. മാപ്പിള്‍സ് ആപ്പിലൂടെ ഒരു സ്ഥലത്തിന്റെ ഫോട്ടോ എടുത്താല്‍ അതിനെ ക്യൂ.ആര്‍ കോഡാക്കി മാറ്റാന്‍ ഉപയോക്താവിന് കഴിയും. ഈ സ്ഥലം പിന്നീട് സന്ദര്‍ശിക്കുന്നതിനോ മറ്റൊരാള്‍ക്ക് പങ്കുവെക്കുന്നതിനോ ഇത് പ്രയോജനപ്പെടുത്താം.
സ്പീഡ് ക്യാമറയും പറഞ്ഞുതരും: സ്പീഡ് ക്യാമറകള്‍, ട്രാഫിക്ക് സിഗ്നല്‍ പോലുള്ളവയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കാനും ആപ്പിന് കഴിയും. ഇത് ഗൂഗ്ള്‍ മാപ്പില്‍ ഇല്ലാത്ത ഫീച്ചറാണ്. കൂടാതെ സ്പീഡ് ബ്രേക്കറുകള്‍, വലിയ വളവുകള്‍, റോഡിലെ പ്രശ്‌നങ്ങള്‍ എന്നിവയും ആപ്പിലൂടെ അറിയാം.
ഡിജി പിന്‍: തപാല്‍ വകുപ്പിന്റെ ഡിജിറ്റല്‍ വിലാസ സംവിധാനമായ ഡിജിപിന്‍ (DigiPin) സംയോജിപ്പിച്ചതിലൂടെ, രാജ്യത്തുടനീളമുള്ള ഡിജിറ്റല്‍ വിലാസങ്ങള്‍ തിരിച്ചറിയാന്‍ മാപ്പിള്‍സിന് കഴിയും. ഇത് വിലാസങ്ങളുടെ കൃത്യത വര്‍ദ്ധിപ്പിക്കും. അവസാന ഘട്ടത്തിലെ വിതരണം (last-mile delivery) മെച്ചപ്പെടുത്തുന്നു. ഒപ്പം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏതെങ്കിലും സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.
3ഡിമെറ്റാവേഴ്‌സ്: യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ത്രിമാന, 360 ഡിഗ്രിയിലുള്ള മാപ്പാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഉപയോക്താക്കള്‍ക്ക് ബ്രൗസറുകളോ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളോ ഉപയോഗിച്ച് ഇവ ഉപയോഗിക്കാം. കേവലം സ്ഥലങ്ങള്‍ കണ്ടെത്തുന്നതിലുപരി അര്‍ബന്‍ പ്ലാനിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മോണിറ്ററിംഗ് പോലുള്ള ആവശ്യങ്ങള്‍ക്കും മാപ്പിള്‍സ് ഉപയോഗിക്കാം.
മാപ്പിള്‍സിലെ മുഴുവന്‍ ഡാറ്റയും ഇന്ത്യയിലെ സെര്‍വറുകളിലാണ് സ്‌റ്റോര്‍ ചെയ്യുന്നതെന്നാണ് കമ്പനി പറയുന്നത്. വിദേശങ്ങളിലേക്ക് ഒരുതരത്തിലും ഡാറ്റ കൈമാറ്റം ചെയ്യുന്നില്ല. വ്യക്തികളുടെ സുരക്ഷ പാലിക്കാന്‍ ഉയര്‍ന്ന തരത്തിലുള്ള മാര്‍ഗങ്ങളാണ് കമ്പനി സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine