

സാമ്പത്തിക വളര്‍ച്ചയുടെ നിര്‍ണായക ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുകയാണെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഹിസാഷി തക്യൂച്ചി. അടുത്ത മാനുഫാക്ചറിംഗ് ഹബ്ബായി മാറാന്‍ കരുത്തുള്ള രാജ്യമാണ് ഇന്ത്യ. അടുത്ത ദശാബ്ദങ്ങള്‍ ഇന്ത്യയുടേതായി മാറും. വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാമിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രം പരിശോധിച്ചാല്‍ വ്യത്യസ്ത രാജ്യങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍ സാമ്പത്തിക ഉന്നതി കൈവരിച്ചുവെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ രാജ്യങ്ങളും, യു.എസ്, ജപ്പാന്‍ പോലുള്ളവയും ഇതിന് ഉദാഹരണമാണ്. ലോകത്തിന്റെ ഫാക്ടറി എന്ന പദവിയില്‍ അടുത്തിടെയാണ് ചൈന എത്തിയത്. ഇനി വരാനുള്ളത് ഇന്ത്യയുടെ ഊഴമാണെന്നും അദ്ദേഹം പറയുന്നു.
ഇതിന് സഹായകമാകുന്ന ഘടകങ്ങളും അദ്ദേഹം അക്കമിട്ട് പറയുന്നുണ്ട്. തൊഴില്‍ സന്നദ്ധരായ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യ, നാല് ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥ, വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും വ്യവസായ സൗഹൃദ നയങ്ങളും എന്നിവ ഇന്ത്യക്ക് ഗുണമാണ്. കോര്‍പറേറ്റ് നികുതി കുറച്ചത്, പ്രൊഡക്ട് ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) പദ്ധതി, മേക്ക് ഇന്‍ ഇന്ത്യ പദ്ധതി എന്നിവ മികച്ച സര്‍ക്കാര്‍ നയങ്ങള്‍ക്ക് ഉദാഹരണമാണ്. ഉപഭോഗം വര്‍ധിപ്പിക്കാന്‍ നികുതിയും പലിശ നിരക്കും കുറച്ചതും മികച്ച തീരുമാനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം ജപ്പാനെ പുനര്‍നിര്‍മിക്കാന്‍ സഹായിച്ചതും സമാനമായ നയങ്ങളാണെന്നും തക്യൂച്ചി പറയുന്നു. എന്നാല്‍ യു.എസ് തീരുവ രാജ്യത്തെ വാഹനഘടക നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. മൊത്തം കയറ്റുമതിയുടെ 30 ശതമാനവും യു.എസിലേക്കാണ് പോകുന്നത്. ഇവക്കാണെങ്കില്‍ ഉയര്‍ന്ന നികുതി കൊടുക്കേണ്ട അവസ്ഥയാണ്. എന്നിരുന്നാലും ഇന്ത്യന്‍ വാഹന വിപണിക്ക് മികച്ച വളര്‍ച്ചാ സാധ്യതയാണുള്ളത്.
ഇതിനോടകം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി മാറാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2024-25) 523 ബില്യന്‍ ഡോളറിന്റെ (ഏകദേശം 4,600 കോടി രൂപ) വാഹന ഘടക ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാകും. എന്നാല്‍ ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം കൂടുതല്‍ ആശ്രയിക്കാതെ കൂടുതല്‍ വിപണി കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Maruti Suzuki CEO says India has an extraordinary opportunity and the coming decades will belong to it, citing growth in the auto sector, rising consumer demand, and favourable economic conditions.
Read DhanamOnline in English
Subscribe to Dhanam Magazine