

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുകയാണ്. യുഎസ് തീരുവയും മറ്റ് വെല്ലുവിളികളും ശക്തമായ സമയത്താണ് നിര്‍മല തന്റെ ഒന്‍പതാം ബജറ്റ് അവതരണത്തിന് എത്തുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി വലിയതോതില്‍ ബജറ്റ് വിഹിതം മാറ്റിവയ്ക്കാന്‍ ആദ്യ മോദി സര്‍ക്കാര്‍ മുതല്‍ ശ്രമിച്ചിട്ടുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.
കായികമേഖലയ്ക്ക് ഇത്തവണത്തെ ബജറ്റില്‍ വാരിക്കോരി നല്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യയാണ് വേദിയൊരുക്കുന്നത്. 2036ലെ ഒളിമ്പിക്‌സിന് ഇന്ത്യ ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്. ഈ രണ്ട് കായികമാമാങ്കങ്ങള്‍ക്കുമായി അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ തുക ചെലവഴിക്കേണ്ടതുണ്ട്.
ബജറ്റില്‍ കായികമേഖലയുടെ വിഹിതം കുത്തനെ വര്‍ധിപ്പിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനുള്ള ബജറ്റില്‍ 131 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്.
2024-25 ബജറ്റില്‍ 3,794 കോടി രൂപയാണ് സ്‌പോര്‍ട്‌സിനായി മാറ്റിവച്ചത്. ഇതില്‍ 1,000 കോടി രൂപ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന 1,000 കോടി രൂപയ്ക്കായിരുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (സായ്) 830 കോടി രൂപയും നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിക്കായി 62 കോടി രൂപയുമാണ് വകയിരുത്തിയത്.
അടുത്ത പത്തുവര്‍ഷം കൊണ്ട് സ്‌പോര്‍ട്‌സ് രംഗത്ത് അടിസ്ഥാന സൗകര്യവികസനത്തിനായി കോടികള്‍ ചെലവഴിക്കാനാണ് കേന്ദ്ര നീക്കം. ഒളിമ്പിക്‌സിനായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് കോടികളാണ് ചെലവഴിക്കേണ്ടി വരിക. വേദി അനുവദിച്ചാല്‍ അടുത്ത പത്തുവര്‍ഷം കൊണ്ട് ലോകോത്തര സൗകര്യങ്ങള്‍ തയാറാക്കണം.
എല്ലാ ഒളിമ്പിക്‌സ് ഇനങ്ങള്‍ക്കുമുള്ള വേദികള്‍, ട്രെയിനിംഗ് സെന്ററുകള്‍, താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനുമുള്ള ഗെയിംസ് വില്ലേജ് എന്നിവയെല്ലാം സമയബന്ധിതമായി നടപ്പാക്കേണ്ടി വരും. ഇതിനായി വര്‍ഷങ്ങള്‍ക്കുമുമ്പ് പണികള്‍ ആരംഭിക്കേണ്ടതുണ്ട്.
ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് 2014-15 സാമ്പത്തികവര്‍ഷം 1,643 കോടി രൂപയായിരുന്നു സ്‌പോര്‍ട്‌സിനുള്ള വിഹിതം. 2026-27 സാമ്പത്തികവര്‍ഷത്തെ ബജറ്റ് വിഹിതത്തെക്കുറിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ലെങ്കിലും ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വിനിയോഗിക്കലാകും സ്‌പോര്‍ട്‌സില്‍ നടക്കുകയെന്ന് ഉറപ്പാണ്. ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള പ്രൊജക്ടുകളുടെ തുടക്കവും അടുത്ത സാമ്പത്തികവര്‍ഷം ആരംഭിക്കും.
ഒളിമ്പിക്‌സ് പോലൊരു വലിയ വേദിക്കായുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനം മാത്രം പര്യാപ്തമാകില്ലെന്ന ബോധ്യം കേന്ദ്രത്തിനുണ്ട്. അതുകൊണ്ട് തന്നെ സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടി ലക്ഷ്യമിട്ടുള്ള പദ്ധതികളാകും ആവിഷ്‌കരിക്കുക. ഒളിമ്പിക്‌സ് വേദി അനുവദിക്കപ്പെട്ടാല്‍ ഇന്ത്യയുടെ കായിക അടിസ്ഥാന സൗകര്യ വികസനരംഗത്തും ടൂറിസത്തിലും വലിയ കുതിച്ചുചാട്ടത്തിന് അതു വഴിയൊരുക്കും.
Read DhanamOnline in English
Subscribe to Dhanam Magazine