പി.വി ഗംഗാധരന്‍, കലയെയും നാടിനെയും അകമഴിഞ്ഞ് സ്‌നേഹിച്ച ബിസിനസുകാരന്‍

കലാമൂല്യമുള്ള, കാഴ്ചശീലങ്ങളെ മാറ്റി മറിച്ച സിനിമകളിലൂടെ മലയാള സിനിമ ലോകത്ത് വ്യക്തിമുദ്ര ചാര്‍ത്തുക മാത്രമല്ല രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ പുരോഗതിക്കായി പരിശ്രമിക്കുകയും ചെയ്തു പി.വി.ജി
PV Gangadharan
Published on

മാതൃഭൂമി ഡയറക്റ്റര്‍, സിനിമാ നിര്‍മാതാവ്, വ്യവസായി, എ.ഐ.സി.സി അംഗം എന്നിങ്ങനെ വിഭിന്ന തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി.വി. ഗംഗാധരന്‍ (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സംസ്‌കാരം നാളെ (ശനിയാഴ്ച) വൈകിട്ട് ആറിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍.

പി.വി.ജി എന്ന ചുരുക്കപ്പേരില്‍ സിനിമയിലും രാഷ്ട്രീയത്തിലും ബിസിനസ് മേഖലയിലും സംഘടനാരംഗത്തുമെല്ലാം നിറസാന്നിധ്യമായിരുന്നു പി.വി. ഗംഗാധരന്‍. ഗൃഹലക്ഷ്മി എന്ന ബാനറിലൂടെ പി.വി.ജി ഇന്നത്തെ തലമുതിര്‍ന്ന താരങ്ങളുടെയും സംവിധായകരുടെയും തുടക്കകാലത്ത് ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാതാവായിരുന്നു.

പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ മടികാണിക്കാതിരുന്ന പി.വി.ജി നിര്‍മിച്ച ജയന്‍ നായകനായ ഐ.വി ശശി ചിത്രം അങ്ങാടി ഇന്നും മലയാള സിനിമയിലെ ആക്ഷന്‍ ചിത്രങ്ങളുടെ മുന്‍നിരയിലുണ്ട്. 1977ല്‍ ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കടന്ന പി.വി.ജി വടക്കന്‍ വീരഗാഥ, അദ്വൈതം, ഏകലവ്യന്‍ തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചത്. കാണാക്കിനാവ്, ശാന്തം തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരങ്ങള്‍ മലയാള സിനിമയിലേക്ക് അദ്ദേഹമെത്തിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഒട്ടേറെ സിനിമകള്‍ക്ക് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

പ്രമുഖ വ്യവസായിയും സ്വാതന്ത്ര്യസമര സേനാനിയുമായ പരേതനായ പി.വി സാമിയുടെയും മാധവി സാമിയുടെയും മകനായി 1943ല്‍ കോഴിക്കോടായിരുന്നു പി.വി.ജിയുടെ ജനനം. പി.വി സാമി പടുത്തുയര്‍ത്തിയ കെ.ടി.സി ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ ജ്യേഷ്ഠ സഹോദരനായ പി.വി ചന്ദ്രനൊപ്പം വലിയ പങ്കാണ് പി.വി.ജി വഹിച്ചത്. ആഴ്ചവട്ടത്തെ കേരളകലയില്‍ നിന്ന് പി.വി ചന്ദ്രനും പി.വി.ജിയും ചേര്‍ന്ന് കെ.ടി.സിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് വളര്‍ത്തിയപ്പോള്‍ തന്നെ പി.വി.ജി സിനിമാ നിര്‍മാണത്തിന് പുറമേ രാഷ്ട്രീയ - സാംസ്‌കാരിക - സാമൂഹ്യ മണ്ഡലങ്ങളിലും നിറസാന്നിധ്യമായി. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും വിജയം നേടാനായില്ല.

ഉത്തരകേരളത്തിലെ വ്യവസായികളുടെ സംഘടനയായ മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ സാരഥിയായി മൂന്നു തവണ പി.വി.ജി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഈ കാലയളവിലാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനുള്ള പ്രക്ഷോഭപരിപാടികളും മറ്റും ചേംബര്‍ ആവിഷ്‌കരിച്ചത്. മലബാര്‍ എയര്‍പോര്‍ട്ട് കര്‍മസമിതി, ട്രെയ്ന്‍ കര്‍മസമിതി എന്നിവയുടെയെല്ലാം സാരഥ്യം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു.

പാരീസ് കേന്ദ്രീകരിച്ചുള്ള ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്, ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

പി.വി.എസ് ആശുപത്രി ഡയറക്റ്റര്‍, ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം ഡയറക്റ്റര്‍, ശ്രീനാരായണ എഡ്യൂക്കേഷന്‍ സൊസൈറ്റി ഡയറക്റ്റര്‍, പി.വി.എസ് നഴ്‌സിംഗ് സ്‌കൂള്‍ ഡയറക്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പന്തീരാങ്കാവ് എഡ്യൂക്കേഷന്‍ സൊസൈറ്റി, പി.വി.എസ് കോളെജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് എന്നിവയുടെയും നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല മുന്‍ സെനറ്റ് അംഗവുമായിരുന്നു.

പി.വി ഷെറിന്‍ ആണ് ഭാര്യ. ചലച്ചിത്ര നിര്‍മാണ കമ്പനിയായ എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ മക്കളാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com