
ഓഹരി വിപണിയിലെ മാന്ദ്യം മാറിത്തുടങ്ങിയതോടെ കൂടുതല്‍ കമ്പനികള്‍ പ്രാഥമിക ഓഹരിവില്പനയുമായി (ഐപിഒ) രംഗത്തെത്തുകയാണ്. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട കമ്പനികളിലൊന്നാണ് മീഷോ. ഇ-കൊമേഴ്‌സ് രംഗത്ത് ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളിയായി വളരുന്ന മീഷോ ഓഹരി വില്പനയ്ക്കായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (SEBI) അപേക്ഷ സമര്‍പ്പിച്ചു.
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പ്രാഥമിക ഓഹരി വില്പന നടത്താനാണ് കമ്പനിയുടെ ലക്ഷ്യം. ഓഹരി വില്പനയിലൂടെ 4,350 കോടി സമാഹരിക്കാനാണ് മീഷോയുടെ നീക്കമെന്ന് വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കമ്പനിയുടെ ആസ്ഥാനം അടക്കം ഇന്ത്യയിലേക്ക് അടുത്തിടെ മാറ്റിയിരുന്നു. ഡയറക്ടര്‍ ബേര്‍ഡില്‍ അടക്കം മാറ്റങ്ങളും കൊണ്ടുവന്നു.
ഐ.ഐ.ടി ഡല്‍ഹിയിലെ ബിരുദധാരികളായ വിദിത് ആത്രേയും സഞ്ജീവ് ബര്‍ണ്‍വാളും ചേര്‍ന്ന് 2015 ഡിസംബറിലാണ് മീഷോ സ്ഥാപിച്ചത്. ചെറുകിട ബിസിനസുകാര്‍ക്കും വ്യക്തികള്‍ക്കും മുതല്‍മുടക്കില്ലാതെ വീട്ടിലിരുന്ന് ബിസിനസ്സ് ചെയ്യാന്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കം. 2016-ല്‍ വൈ കോമ്പിനേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഇന്ത്യന്‍ കമ്പനികളില്‍ ഒന്നായിരുന്നു മീഷോ.
ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ, ഇലവേഷന്‍ ക്യാപിറ്റല്‍, സോഫ്ട്ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം മീഷോയില്‍ മുമ്പ് നിക്ഷേപം നടത്തിയിരുന്നു. 2022 സാമ്പത്തികവര്‍ഷം 3,240 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. ഇത് 2024 സാമ്പത്തികവര്‍ഷം 7,615 കോടി രൂപയായി ഉയര്‍ന്നു. നഷ്ടം കുറച്ചു കെണ്ടു വരാനും ഇക്കാലത്ത് കമ്പനിക്ക് സാധിച്ചു. 3,248 കോടിയില്‍ നിന്ന് 305 കോടിയിലേക്ക് നഷ്ടം കുറയ്ക്കാന്‍ മീഷോയ്ക്കായി.
Read DhanamOnline in English
Subscribe to Dhanam Magazine