₹6,600 കോടി രൂപയുടെ മീഷോ ഐപിഒ, യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് പറിച്ചുനട്ട കമ്പനിയുടെ ഓഹരിവില്പന ഏതു രീതിയില്‍? വിശദാംശങ്ങള്‍

2024-25 സാമ്പത്തികവര്‍ഷം 3,941 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. യുഎസില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ആസ്ഥാനം മാറ്റം വഴിയുണ്ടായ നികുതികള്‍, മറ്റ് ചെലവുകള്‍ എന്നിവയാണ് നഷ്ടം ഉയരുന്നതിന് കാരണമായത്
meesho
Published on

ഇ-കൊമേഴ്‌സ് രംഗത്തെ മുന്‍നിരക്കാരായ മീഷോയുടെ പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) സെബിയുടെ അനുമതി. ഡിസംബറില്‍ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐപിഒ 6,600 കോടി രൂപയുടേതാകുമെന്നാണ് വിവരം. 4,250 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഐപിഒയില്‍ ഉണ്ടാകും. നിലവിലുള്ള നിക്ഷേപകര്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ 2,000 കോടി രൂപയിലധികം മൂല്യം വരുന്ന ഓഹരികളും വില്പനയ്ക്ക് വയ്ക്കും.

2015ല്‍ വിദിത് അത്രെയും സഞ്ജീവ് ബര്‍ണവാളും ചേര്‍ന്ന് സ്ഥാപിച്ചതാണ് മീഷോ. യുഎസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്കിയായിരുന്നു കമ്പനി പ്രവര്‍ത്തിച്ചിരുന്നു. ഐപിഒ ഉള്‍പ്പെടെ മുന്നില്‍ കണ്ട് ജൂണിലാണ് കമ്പനി ആസ്ഥാനം ബെംഗളൂരുവിലേക്ക് മാറ്റിയത്.

എലിവേഷന്‍ ക്യാപിറ്റല്‍, പീക്ക് എക്‌സ്‌വി പാര്‍ട്‌ണേഴ്‌സ്, വെന്‍ച്വര്‍ ഹൈവേ, വൈ കോംപിനേറ്റര്‍ എന്നിവ ഉള്‍പ്പെടെ ആദ്യകാല നിക്ഷേപകര്‍ തങ്ങളുടെ ഓഹരികളുടെ നിശ്ചിത ശതമാനം വിറ്റഴിക്കുമെന്നാണ് സൂചന. മറ്റ് നിക്ഷേപകര്‍ക്കൊപ്പം വിദിത് അത്രെയും സഞ്ജീവ് ബര്‍ണവാളും തങ്ങളുടെ കൈവശമുള്ള ഓഹരികളില്‍ ഒരുപങ്ക് വിറ്റഴിക്കും.

2024-25 സാമ്പത്തികവര്‍ഷം 3,941 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. യു.എസായിരുന്നു ആസ്ഥാനം. ഐ.പി.ഒയും മറ്റും മുന്നില്‍ക്കണ്ട്ബെംഗളൂരുവിലേക്കുള്ള ആസ്ഥാനം മാറ്റം വഴിയുണ്ടായ നികുതികള്‍, മറ്റ് ചെലവുകള്‍ എന്നിവയാണ് നഷ്ടം ഉയരുന്നതിന് കാരണമായത്.

വരുമാനം ഉയരുന്നു

ഇതുവരെ ലാഭത്തിലേക്ക് എത്തിയില്ലെങ്കിലും വരുമാനത്തില്‍ ക്രമാനുഗതമായ വര്‍ധന രേഖപ്പെടുത്താന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട്. നഷ്ടം കുറച്ചു കൊണ്ടുവരാനും കഴിഞ്ഞു. 2024 സാമ്പത്തികവര്‍ഷം 7,615 കോടി രൂപയായിരുന്നു വരുമാനം. നഷ്ടം 305 കോടി രൂപയും. 2025 സാമ്പത്തികവര്‍ഷം വരുമാനം 25 ശതമാനം ഉയര്‍ന്ന് 9,390 കോടി രൂപയായി. ആകെ ഉപയോക്താക്കളുടെ എണ്ണം 21.3 കോടിയായി. കമ്പനിയുടെ ഓര്‍ഡര്‍ ഫ്രീക്വന്‍സി 7.5 മടങ്ങില്‍ നിന്ന് 9.2 ശതമാനമായും ഉയര്‍ന്നു.

മീഷോയുടെ ലോജിസ്റ്റിക് വിഭാഗമായ വാല്‍മോ (Valmo) ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 300 ദശലക്ഷം ഷിപ്പ്‌മെന്റുകള്‍ നടത്തി വലിയ വളര്‍ച്ച സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സ്ഥാപിതമായ ശേഷം മീഷോയുടെ 61 ശതമാനം ഓര്‍ഡറുകളും വാല്‍മോ വഴിയായിരുന്നു.

ചെറുകിട ബിസിനസുകാരെയും വ്യക്തികളെയും മുതല്‍മുടക്കില്ലാതെ വീട്ടിലിരുന്ന് ബിസിനസ് ചെയ്യാന്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മീഷോയുടെ തുടക്കം. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ, ഇലവേഷന്‍ ക്യാപിറ്റല്‍, സോഫ്ട്ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം മീഷോയില്‍ മുമ്പ് നിക്ഷേപം നടത്തിയിരുന്നു.

സ്റ്റാര്‍ട്ടപ്പ് കമ്പനികളായി തുടങ്ങി വളര്‍ന്നുവന്ന നിരവധി കമ്പനികള്‍ അടുത്തിടെ പ്രാഥമിക ഓഹരി വില്പന നടത്തുകയോ ലിസ്റ്റിംഗിനായി രേഖകള്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടുണ്ട്. ലെന്‍സ്‌കാര്‍ട്ട്, ഗ്രോ തുടങ്ങിയവയുടെ ഐപിഒയും അധികം വൈകില്ലെന്നാണ് റിപ്പോര്‍ട്ട്.

Meesho plans ₹6,600 crore IPO in December after shifting base to India, showcasing revenue growth despite past losses

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com