ചാരത്തില്‍ നിന്ന് ഉയിര്‍ത്തെണീല്‍ക്കാന്‍ അനില്‍ അംബാനിയെ സഹായിച്ച മാസ്റ്റര്‍ ബ്രെയിന്‍ ആരാണ്?

ഒരിക്കല്‍ കടത്തില്‍ മുങ്ങി നിലയില്ലാ കയത്തിലേക്ക് താഴുകയായിരുന്നു അനില്‍ അംബാനി. തൊട്ടതെല്ലാം പിഴച്ച് കമ്പനികള്‍ കടംകയറി തകര്‍ന്നു തുടങ്ങിയ അനില്‍ പക്ഷേ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. തന്റെ കമ്പനികളുടെ കടങ്ങള്‍ കുറച്ചു കൊണ്ടുവരുന്ന അദ്ദേഹം പുതിയ മേഖലകളിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്.
അടുത്തിടെയാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ 3,831 രൂപയുടെ കടം 474 കോടിയായി കുറച്ചത്. കമ്പനിക്ക് കടംനല്‍കിയ ഇന്‍വെസ്റ്റ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കടത്തിന് തുല്യമായ ഓഹരികള്‍ കൈമാറിയാണ് പ്രശ്‌നം പരിഹരിച്ചത്. ഐ.സി.ഐ.സി.ഐ ബാങ്ക്, എല്‍.ഐ.സി, യൂണിയന്‍ ബാങ്ക് എന്നിവര്‍ക്കുള്ള കടങ്ങള്‍ കമ്പനി വീട്ടിയിരുന്നു.
റിലയന്‍സ് പവറും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും അടുത്തിടെ മികച്ച പ്രകടനമാണ് ഓഹരി വിപണിയില്‍ കാഴ്ച്ചവയ്ക്കുന്നത്. 2018നുശേഷം റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ 60 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. റിലയന്‍സ് പവറും വിപണിയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.

ജയ് അന്‍മോള്‍ അംബാനിയുടെ വരവ്

തകര്‍ന്നു തരിപ്പണമായി പോയെന്ന് തോന്നിച്ചിടത്തു നിന്നുള്ള അംബാനിയുടെ തിരിച്ചുവരവിന് പിന്നിലെ ബുദ്ധികേന്ദ്രം ആരാണ്? ബിസിനസ് ലോകം തേടുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. അടുത്തിടെ അനില്‍ അംബാനി റിലയന്‍സ് ജയ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു സബ്‌സിഡിയറി കമ്പനി തുടങ്ങിയിരുന്നു. ഇതില്‍ 'ജയ്' സൂചിപ്പിക്കുന്നത് അനില്‍ അംബാനിയുടെ രണ്ട് മക്കളിലൊരാളായ ജയ് അന്‍മോള്‍ അംബാനിയെയാണ്.
അനിലിന്റെ തിരിച്ചുവരവുകള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രവും അംബാനി കുടുംബത്തിലെ ഈ പുതുതലമുറക്കാരനാണ്. അടുത്തിടെ കുടുംബ ബിസിനസിലേക്ക് എത്തപ്പെട്ട ജയ് അന്‍മോള്‍ കമ്പനിയില്‍ പ്രധാനപ്പെട്ട റോളാണ് വഹിക്കുന്നത്. റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിനെ പുനരുദ്ധരിച്ചതില്‍ അനിലിന്റെ മൂത്തപുത്രന്റെ നീക്കങ്ങള്‍ വിജയം കണ്ടിരുന്നു.
പതിനെട്ടാം വയസില്‍ ബിസിനസില്‍ പ്രവേശിച്ചയാളാണ് ജയ് അന്‍മോള്‍. തുടക്കം റിലയന്‍സ് മ്യൂച്ചല്‍ ഫണ്ടിലൂടെയായിരുന്നു. 2017ല്‍ റിലയന്‍സ് ക്യാപിറ്റല്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി. നിലവില്‍ അനില്‍ അംബാനിയുടെ കീഴിലുള്ള കമ്പനികളുടെയെല്ലാം നിര്‍ണായക തീരുമാനം എടുക്കുന്നത് ജയ് ആണ്.
Related Articles
Next Story
Videos
Share it