ഇന്ത്യന്‍ യൂട്യൂബ് താരം ഡവോസില്‍

ഓരോ വര്‍ഷവും, ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തിനായി നൂറുകണക്കിന് ലോക നേതാക്കള്‍, ബിസിനസ്സ് മുതലാളിമാര്‍, സിഇഒമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവര്‍ സ്വിസ് പട്ടണമായ ഡവോസില്‍ ഒത്തുകൂടുന്നു. ഈ വര്‍ഷം 52 രാഷ്ട്രത്തലവന്മാര്‍ക്കും ഗവണ്‍മെന്റ് മേധാവികള്‍ക്കും 600 ഓളം സിഇഒമാര്‍ക്കുമാണ് ഡവോസ് ആതിഥേയത്വം വഹിക്കുന്നത്. ഈ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഡിജിറ്റല്‍ താരങ്ങളുടെ പ്രതിനിധി സംഘവും ഉള്‍പ്പെടുന്നു.

ഡവോസില്‍ നടക്കുന്ന ഈ ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക യോഗത്തിലേക്ക് ഇത്തവണ ഡിജിറ്റല്‍ താരങ്ങളുടെ പ്രതിനിധി സംഘത്തില്‍ ആറ് യൂട്യൂബ് താരങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ ഇന്ത്യക്കാരിയാണ്. 'മോസ്റ്റ്‌ലി സെയിന്‍' എന്ന യൂട്യൂബ് ചാനലുടമയായ പ്രജക്ത കോലിയാണ് ഈ ആറ് പേര് അടങ്ങുന്ന സംഘത്തിലെ ഇന്ത്യക്കാരി. എന്താണ് ഈ മോസ്റ്റ്‌ലി സെയിന്‍. ആരാണ് ഈ പ്രജക്ത കോലി.

മോസ്റ്റ്‌ലി സെയിന്‍

സ്ത്രീകള്‍ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോമഡി ചാനലുകളില്‍ മുന്നില്‍ നില്‍ക്കുന്ന 'മോസ്റ്റ്‌ലി സെയിന്‍' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് 29കാരിയായ പ്രജക്ത കോലി. ഇതിന് 6.8 ദശലക്ഷം വരിക്കാരുണ്ട്. പ്രജക്ത കോലിയുടെ ചെറുഹാസ്യ പരിപാടികള്‍ക്കായുള്ള ഒരു ചാനല്‍ എന്ന നിലയിലാണ് ഇത് ആരംഭിച്ചത്. എന്നാല്‍ അടുത്തിടെ ബോളിവുഡിലെ ചില പ്രമുഖ താരങ്ങളുമായി അവര്‍ നടത്തിയ അഭിമുഖങ്ങളും അവരുടെ യാത്രാ വ്‌ളോഗുകളും ശ്രദ്ധേയമായി. ഇന്‍സ്റ്റാഗ്രാമില്‍, അവര്‍ക്ക് 7.3 ദശലക്ഷം ഫോളോവേഴ്സുണ്ട്.

ഒരു യൂട്യൂബര്‍ എന്നതിലുപരി പ്രജക്ത കോലി ഒരു അഭിനേതാവും കൂടിയാണ്. കഴിഞ്ഞ വര്‍ഷം ജുഗ് ജുഗ്ഗ് ജിയോ എന്ന ചിത്രത്തിലൂടെയാണ് അവര്‍ ബിഗ് സ്‌ക്രീനില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. അനില്‍ കപൂര്‍, നീതു കപൂര്‍, വരുണ്‍ ധവാന്‍, കിയാര അദ്വാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നെറ്റ്ഫ്‌ലിക്സിന്റെ മിസ്മാച്ച്ഡ് ഉള്‍പ്പടെ മറ്റ് വെബ് സീരീസുകളിലും കോലി അഭിനയിച്ചിട്ടുണ്ട്. 2017 ല്‍ ഒബാമ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പ്രജക്ത കോലിയെ ക്ഷണിച്ചിരുന്നു.

ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തിന്റെ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതിനും പ്രധാന പ്രശ്നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കൊണ്ടുവരാന്‍ സഹായിക്കുന്നതിനുമാണ് ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും ആവേശകരവും സാമൂഹികമായി അവബോധമുള്ളതുമായ ഡിജിറ്റല്‍ താരങ്ങളായ ഇവരെ തിരഞ്ഞെടുത്തത്. സ്ത്രീകളുടെ വിദ്യാഭ്യാസം, കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടെത്തി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തില്‍ പ്രജക്ത കോലി എത്തുന്നത്.

പ്രജക്ത കോലിയെ കൂടാതെ അദന്ന സ്റ്റെയ്നക്കര്‍, ലൂയിസ് വില്ലാര്‍, വോഡെമയ, നതാലിയ അര്‍കുരി, നുസെയ്ര്‍ യാസിന്‍ എന്നിവരാണ് ഈ സംഘത്തിലുള്ളവര്‍. ഈ വാര്‍ഷിക യോഗത്തില്‍ ഇതുവരെ പങ്കെടുത്തിട്ടുള്ള ഇത്തരം താരങ്ങളുടെ ഏറ്റവും വലിയ ഗ്രൂപ്പാണ് ഈ വര്‍ഷത്തെ പ്രതിനിധി സംഘം. ഇവരിലൂടെ ഇത് 230 ദശലക്ഷത്തിലധികം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it