ടാറ്റ ട്രസ്റ്റില്‍ നാടകീയ നീക്കം! രത്തന്‍ ടാറ്റയുടെ വിശ്വസ്തന്‍ പുറത്തേക്ക്! പ്രതിസന്ധി പുതിയ തലത്തിലേക്ക്?

Photo : Tata / Facebook
Photo : Tata / Facebook
Published on

ടാറ്റ ഗ്രൂപ്പിനെ ഉയരങ്ങളിലേക്ക് നയിച്ച രത്തന്‍ ടാറ്റയുടെ ഏറ്റവും അടുത്ത വിശ്വസ്തരിലൊരാളായ മെഹ്‌ലി മിസ്ത്രി ടാറ്റ ട്രസ്റ്റ് ബോര്‍ഡില്‍ നിന്ന് പുറത്താകും. മെഹ്‌ലിയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ നോയല്‍ ടാറ്റ, വൈസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ട്രസ്റ്റിയായ വിജയ് സിംഗ് എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയതോടെയാണ് പടിയിറക്കം ആസന്നമായത്.

രത്തന്‍ ടാറ്റയുടെ മരണശേഷം ടാറ്റ ഗ്രൂപ്പിലും ട്രസ്റ്റിലും കാര്യങ്ങള്‍ ശാന്തമായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ഈ സംഭവം. ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ പങ്കാളിത്തമുള്ള ഷപൂര്‍ജി പല്ലോജി ഗ്രൂപ്പിന്റെ പ്രതിനിധിയാണ് 65കാരനായ മെഹ്‌ലി.

ടാറ്റ ഗ്രൂപ്പിന്റെ താക്കേല്‍ സ്ഥാനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട വ്യക്തിയായിരുന്നു മെഹ്‌ലി. രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ പടിയിറക്കം ടാറ്റ ഗ്രൂപ്പില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കും.

പ്രതിസന്ധി മാറില്ല

ടാറ്റ സണ്‍സില്‍ സര്‍ ദോറബ്ജി ടാറ്റ ട്രസ്റ്റിനും (SDTT) സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിനും (SRTT) ചേര്‍ന്ന് 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മറ്റ് ട്രസ്റ്റുകളെയെല്ലാം കൂട്ടുമ്പോള്‍ ഇത് 66 ശതമാനം വരെ ഉയരും. അതിനാല്‍ തന്നെ ടാറ്റ ട്രസ്റ്റിലെ ഏതൊരു സംഭവവികാസവും ടാറ്റ സണ്‍സിന്റെ പ്രവര്‍ത്തനങ്ങളെയും നയരൂപീകരണത്തെയും സ്വാധീനിക്കും. നോയല്‍ ടാറ്റ, വേണു ശ്രീനിവാസന്‍, വിജയ് സിംഗ് മെഹ്‌ലി മിസ്ത്രി, പ്രമിത് ജാവേരി, ധാരിയുസ് ഖംബട്ട എന്നിവരാണ് സര്‍ ദോറബ്ജി ടാറ്റ ട്രസ്റ്റ് അംഗങ്ങള്‍.

സ്വന്തം കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് മെഹ്‌ലിക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. നോയല്‍ ടാറ്റയും വിയജ് സിംഗും വേണു ശ്രീനിവാസും എതിരായതോടെ സ്വഭാവികമായും മെഹ്‌ലിക്ക് പുറത്തേക്ക് പോകേണ്ടിവരും. 2022ലാണ് മെഹ്‌ലി ട്രസ്റ്റിലേക്ക് എത്തുന്നത്.

സാധാരണഗതിയില്‍ ടാറ്റ ട്രസ്റ്റിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഏകകണ്ഠമായാണ്. ടാറ്റ ട്രസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരാളെങ്കിലും എതിര്‍ത്താല്‍ പുനര്‍നിയമനം നടത്താനാവില്ലെന്നാണ് വ്യവസ്ഥ.

രത്തന്‍ ടാറ്റയുടെ മരണശേഷം കാര്യങ്ങള്‍ മാറി. ടാറ്റ ഗ്രൂപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും ആഭ്യന്തരമന്ത്രി അമിത് ഷായും ഇടപെടല്‍ നടത്തിയിരുന്നു.

രാജ്യത്തെ സ്വകാര്യ കമ്പനിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത് വളരെ അപൂര്‍വമാണ്. ടാറ്റ ഗ്രൂപ്പിലെ ഏതൊരു പ്രതിസന്ധിയും ഇന്ത്യയുടെ സാമ്പത്തികമേഖലയില്‍ തിരിച്ചടി സൃഷ്ടിക്കുമെന്നതിനാലാണ് കേന്ദ്രം പ്രശ്‌നപരിഹാരത്തിനായി ഇടപെടല്‍ നടത്തിയത്.

Power struggle in Tata Trust: Mehli Mistry, a close aide of Ratan Tata, ousted amid growing internal crisis

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com