മെസിക്ക് എതിരാളികള്‍ ഗ്രൗണ്ടില്‍ മാത്രമല്ല; ഇവര്‍ ചെയ്തത് നോക്കണം

മൈതാനങ്ങളില്‍ ഒട്ടേറെ എതിരാളികളെ കണ്ട താരമാണ് ഫുട്ബാള്‍ രാജാവ് ലയണല്‍ മെസി. എതിരാളികളെ കബളിപ്പിച്ച് ഗോള്‍ നേടുന്നതില്‍ അസാമാന്യ കഴിലുള്ള മെസിക്ക് മുന്നില്‍ പുതിയ എതിരാളികളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവര്‍ ഫുട്ബാള്‍ താരങ്ങളല്ല, പരിസ്ഥിതി പ്രവര്‍ത്തകരാണ്. മെസിയുടെ വീടിന് മുന്നില്‍ ചുവപ്പും കറുപ്പും നിറങ്ങള്‍ അടിച്ച് വികൃതമാക്കാന്‍ ഇവരെ പ്രേരിപ്പിച്ചത് എന്താണ്?. മെസി പ്രതികരിച്ചിട്ടില്ല. സ്പാനിഷ് ദ്വീപായ ഇബിസയിലുള്ള മെസിയുടെ വസതിയിലേക്ക് രണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ അനധികൃതമായി കയറുകയും വീടിനുമുന്നില്‍ പെയിന്റ് സ്‌പ്രേ ചെയ്യുകയുമായിരുന്നു. 2022 ലാണ് മെസി ഈ വസതി വാങ്ങിയത്. കുടുംബവുമൊത്ത് ഇടക്കൊക്കെ മെസി ഇവിടെ വന്ന് താമസിക്കാറുണ്ട്. അക്രമം നടക്കുമ്പോള്‍ മെസിയും കുടുംബവും ഈ വസതിയില്‍ ഉണ്ടായിരുന്നില്ല.

അനധികൃത നിര്‍മാണമെന്ന് ആരോപണം

11 മില്യണ്‍ യൂറോ മൂല്യമുള്ള മെസിയുടെ ലക്ഷ്വറി വസതി നിര്‍മ്മിച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പരിസ്ഥിതി നിയമങ്ങള്‍ തെറ്റിച്ചാണ് വസതി നിര്‍മ്മിച്ചിരിക്കുകന്നതെന്നും ധനികരായവര്‍ക്ക് സര്‍ക്കാര്‍ നിയമലംഘനത്തിന് കൂട്ടു നില്‍ക്കുകയാണെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. പരിസ്ഥിതി സംഘടനയായ ഫ്യൂച്ചുറോ വെഗറ്റലിന്റെ പ്രവര്‍ത്തകരായ രണ്ട് പേരാണ് വസതിയുടെ മുന്നിലേക്ക് അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് ചുമരില്‍ പെയിന്റ് സ്‌പ്രേ ചെയ്യുകയായിരുന്നു. കൃത്യത്തിന് ശേഷം ഇരുവരും ഫോട്ടോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തെ ന്യായീകരിച്ചു കൊണ്ട് പരിസ്ഥിതി സംഘടന പിന്നീട് എക്‌സില്‍ സന്ദേശം പ്രചരിപ്പിച്ചിരുന്നു. ബലീരിക് ദ്വീപുകള്‍ കടുത്ത ഉഷ്ണതരംഗത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും നാലു പേര്‍ അടുത്തിടെ മരിച്ചെന്നും സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന പരിസ്ഥിതി നാശത്തിന് അധികൃതര്‍ കൂട്ടു നില്‍ക്കുകയാണ്. ഒരു ശതമാനം വരുന്ന ധനികര്‍ക്ക് വേണ്ടി മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവന്‍ ഭീഷണി നേരിടുകയാണ്. സംഘടനയുടെ സന്ദേശത്തില്‍ കുറ്റപ്പെടുത്തി.

Related Articles
Next Story
Videos
Share it