പരീക്ഷണം വിജയം; രാജനഗരിയിലേക്കും ഇനി കൊച്ചി മെട്രോയുടെ കുതിപ്പ്
രാജനഗരിയായ തൃപ്പൂണിത്തുറയിലേക്ക് പരീക്ഷണ ഓട്ടം വിജയകരമായി നടത്തി കൊച്ചി മെട്രോ. ഡിസംബര്‍ 7ന് രാത്രി 11.30ന് എസ്.എന്‍. ജങ്ഷന്‍ മെട്രോ സ്റ്റേഷനില്‍ പരീക്ഷണയോട്ടത്തിന്റെ നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന ടെര്‍മിനല്‍ സ്റ്റേഷനായ തൃപ്പൂണിത്തുറയിലേക്ക് എട്ടിന് പുലര്‍ച്ചെ 1.30ന് ആദ്യ പരീക്ഷണയോട്ടത്തിന് തുടക്കം കുറിച്ചു.
ഭാരം കയറ്റാതെയും വേഗത കുറച്ചുമാണ് ഈ പരീക്ഷണ ഓട്ടം നടത്തിയത്. എസ്.എന്‍. ജങ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 1.18 കിലോമീറ്ററിന്റെ നിര്‍മ്മാണമാണ് നിലവില്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.
തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുങ്ങി
മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റേഷന്റെ നിര്‍മ്മാണവും സിഗ്നലിംഗ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായി. വരും ദിവസങ്ങളിലും ഈ മേഖലയില്‍ പരീക്ഷണയോട്ടം തുടരും. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലുള്ളത്.