കെ റെയിൽ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി മെട്രോമാൻ

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കെ റെയ്ല്‍ പദ്ധതിയുടെ അപ്രായോഗികതകള്‍ അക്കമിട്ട് പറഞ്ഞ് ഇ ശ്രീധരന്‍. വേണ്ടത്ര തയാറെടുപ്പും മുന്നൊരുക്കങ്ങളുമില്ലാതെയാണ് പദ്ധതിക്കായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.

ഇ ശ്രീധരന്റെ വിലയിരുത്തല്‍ ഇങ്ങനെയാണ്;
പദ്ധതി 64000 കോടി രൂപയില്‍ പണിപൂര്‍ത്തിയാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നതെങ്കിലും 1.10 ലക്ഷം കോടി രൂപയെങ്കിലും വേണ്ടി വരും. ചുരുങ്ങിയത് 20000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്യേണ്ടി വരും.
പാതയുടെ രണ്ടു വശങ്ങളിലും വലിയ മതില്‍ നിര്‍മിക്കുന്നതോടെ കേരളം വിഭജിക്കപ്പെടും
2025 ല്‍ പണി തീര്‍ക്കുമെന്ന ഏജന്‍സിയുടെ വാദം അറിവില്ലായ്മയാണ്. അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാവില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ഏജന്‍സിയായ ഡിഎംആര്‍സിക്കു പോലും 8 മുതല്‍ 10 വര്‍ഷം വരെ വേണ്ടി വരും.
പാതയുടെ അലൈന്‍മെന്റ് ശരിയല്ല.
റെയ്ല്‍വേ പാതയ്ക്ക് സമാന്തരമായി വേഗപാത നിര്‍മിക്കുന്നത് ഭാവിയില്‍ റെയ്ല്‍വേ വികസനത്തെ ബാധിക്കും. ഈ ലൈന്‍ റെയില്‍വേയുടെ മൂന്നു നാലും പാതയായി പ്രവര്‍ത്തിക്കണമെന്നാണ് റെയ്ല്‍വേയുടെ ആവശ്യമെങ്കിലും നിശ്ചിത ഗേജില്‍ അത് സാധ്യമാകില്ല.
വരുമാനം കൂട്ടാന്‍ സില്‍വര്‍ ലൈനില്‍ രാത്രിയില്‍ റോ റോ സര്‍വീസ് വിഭാവനം ചെയ്യുന്നുണ്ടെങ്കിലും രാത്രിയാലാണ് അറ്റകുറ്റപ്പണികള്‍ നടക്കുക എന്നതിനാല്‍ അത് സാധ്യമാകില്ല.
നെല്‍വയലുകളിലൂടെയാണ് 140 കിലോമീറ്റര്‍ പാത കടന്നു പോകുന്നത്. ഇത് വേഗപാതയ്ക്ക് അനുയോജ്യമല്ല. ഭൂമിക്കടിയിലൂടേയോ തൂണിനു മുകളിലൂടേയോ വേണം പാത കടന്നു പോകേണ്ടത്. അങ്ങനെയാണ് ലോകത്തെവിടെയും തറനിരപ്പില്‍ വേഗ പാത നിര്‍മിക്കപ്പെട്ടിട്ടില്ല.
ഗൂഗ്ള്‍ മാപ്പും ലിഡാര്‍ സര്‍വേയും ഉപയോഗിച്ച് അലൈന്‍മെന്റ് നടത്തുന്നത് കൃത്യമായിരിക്കില്ല. നേരിട്ടുള്ള ലൊക്കേഷന്‍ സര്‍വേ ഇതുവരെ നടത്തിയിട്ടില്ല.
പദ്ധതി പ്രഖ്യാപിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞെങ്കിലും ഇതു വരെ ഒരു മേല്‍പ്പാലം പോലും നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല.
ബിജെപി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇ ശ്രീധരന്‍ പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it