

ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തി മെക്‌സിക്കോ. ഇറക്കുമതി തീരുവ 50 ശതമാനമാക്കുന്നതിന് മെക്‌സിക്കന്‍ സെനറ്റ് അംഗീകാരം നല്കിയതോടെയാണിത്. അടുത്ത വര്‍ഷം മുതലാകും പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരിക. ചൈന, ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള ഇറക്കുമതിയില്‍ നിന്ന് തദ്ദേശീയ കമ്പനികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വാഹനങ്ങള്‍, വാഹന ഘടകങ്ങള്‍, ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്, സ്റ്റീല്‍ എന്നിവയുടെ ഇറക്കുമതിക്കാകും കൂടുതല്‍ മെക്‌സിക്കോ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. പുതിയ തീരുവ നിരക്കുകള്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമല്ല. മെക്‌സിക്കോയുമായി വ്യാപാര കരാര്‍ ഇല്ലാത്ത രാജ്യങ്ങളെയാകും ഇത് ബാധിക്കുക. ചൈന, ഇന്ത്യ, ദക്ഷിണകൊറിയ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കാകും കൂടുതല്‍ തിരിച്ചടിയുണ്ടാകുക.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിലകുറഞ്ഞ സാധനങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത് മെക്‌സിക്കന്‍ വ്യവസായ ലോകത്തിന് ഭീഷണിയാണെന്നാണ് വിലയിരുത്തല്‍. പ്രാദേശിക നിര്‍മാതാക്കള്‍ക്ക് ഏഷ്യന്‍ ഇറക്കുമതിയോട് മത്സരിച്ചു നില്‍ക്കാന്‍ സാധിക്കാത്തത് തൊഴിലവസരങ്ങള്‍ കുറയുന്നതിലേക്ക് ഉള്‍പ്പെടെ നയിക്കുന്നതായി മെക്‌സിക്കന്‍ ഭരണകൂടം കരുതുന്നു. ഇതാണ് പുതിയ തീരുവ ചുമത്തുന്നതിലേക്ക് നയിച്ചത്.
മെക്‌സിക്കന്‍ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 76 പേര്‍ അനുകൂലമായും 5 പേര്‍ എതിരായും വോട്ട് ചെയ്തു. 35 പേര്‍ വിട്ടുനിന്നു. ബില്‍ ആദ്യം പരിഗണനയ്ക്ക് വന്നപ്പോള്‍ ഇപ്പോഴുള്ളതിലും ഉയര്‍ന്ന തീരുവയായിരുന്നു വിഭാവനം ചെയ്തത്. പിന്നീടാണ് 50 ശതമാനത്തിലേക്ക് ചുരുക്കിയത്.
യുഎസ്-മെക്‌സിക്കോ-കാനഡ വ്യാപാര കരാറിലെ അവലോകന യോഗം അധികം വൈകാതെ നടക്കും. ഇതിനു മുന്നോടിയായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രീതി നേടുകയെന്ന ലക്ഷ്യവും മെക്‌സിക്കോയ്ക്കുണ്ട്.
ഇന്ത്യ-മെക്‌സിക്കോ വ്യാപാരം അടുത്തിടെയായി വലിയതോതില്‍ വര്‍ധിച്ചിരുന്നു. 2024ല്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള വ്യാപാരം 11.7 ബില്യണ്‍ ഡോളറിന്റെയാണ്. കഴിഞ്ഞ വര്‍ഷം മെക്‌സിക്കോയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ഏകദേശം 8.9 ബില്യണ്‍ ഡോളറിന്റെയാണ്.
അതേസമയം, മെക്‌സിക്കോയില്‍ നിന്നുള്ള ഇറക്കുമതി 2.8 ബില്യണ്‍ ഡോളറിന്റെ മാത്രമാണ്. ബ്രസീല്‍ കഴിഞ്ഞാല്‍ അമേരിക്കന്‍ മേഖലയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് മെക്‌സിക്കോ. ആഗോള തലത്തിലാകട്ടെ ഇന്ത്യയുടെ ഒന്‍പതാമത്തെ വലിയ വ്യാപാര പങ്കാളിയും.
Read DhanamOnline in English
Subscribe to Dhanam Magazine