

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചതിലൂടെ കോള്‍ സെന്ററുകളില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റ് ലാഭിച്ചത് 500 മില്യന്‍ ഡോളറെന്ന് (ഏകദേശം 4,200 കോടി രൂപ) റിപ്പോര്‍ട്ട്. നിലവിലുള്ള ജീവനക്കാരില്‍ നിന്നും 6,000 പേരെക്കൂടി പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. മൈക്രോസോഫ്റ്റിലെ ഒരു അവലോകന യോഗത്തിനിടെ കമ്പനി ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ ജുഡ്‌സണ്‍ അല്‍ത്തോഫാണ് (Judson Althoff) ഇക്കാര്യം വെളിപ്പെടുത്തിയത്. എ.ഐ സേവനങ്ങള്‍ മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സര്‍വീസ്, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് എന്നീ മേഖലകളില്‍ വലിയ മാറ്റമുണ്ടാക്കി. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെട്ടതാക്കാനും ഇതുപകരിച്ചെന്നും അദ്ദേഹം ജീവനക്കാരോട് പറഞ്ഞെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ല.
നിലവില്‍ മനുഷ്യന്‍ ചെയ്യുന്ന പല തൊഴിലുകള്‍ക്കും ഭീഷണിയായ രീതിയില്‍ എ.ഐ വളരുമെന്ന ആശങ്കക്കിടെയാണ് ഈ റിപ്പോര്‍ട്ട്. പല കമ്പനികളും ഇന്ന് പുതിയ ആളുകളെ നിയമിക്കുന്നത് നിറുത്തിയിരിക്കുകയാണ്. ഇവര്‍ക്ക് പകരം പല റോളുകളിലും എ.ഐ ഏജന്റുകള്‍ പണിയെടുത്ത് തുടങ്ങി. ഗൂഗ്‌ളിന്റെയും മെറ്റയുടെയും വലിയൊരു ശതമാനം കോഡിംഗ് ജോലികളും നിലവില്‍ എ.ഐ സഹായത്തോടെയാണ് ചെയ്യുന്നതെന്ന് കമ്പനികള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിലെ 35 ശതമാനം കോഡിംഗ് ജോലിയും ഇതിനോടകം എ.ഐ ഏജന്റിനെ ഏല്‍പ്പിച്ചു കഴിഞ്ഞു.
പല ജോലികള്‍ക്കും മനുഷ്യ സഹായം ആവശ്യമില്ലാതായതോടെ പിരിച്ചുവിടലും വ്യാപകമായി. ഇക്കൊല്ലം മാത്രം മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത് 15,000 ജീവനക്കാരെയാണ്. ഉപയോക്താക്കളുമായി നേരിട്ട് ഇടപെടുന്ന സെയില്‍സ് വിഭാഗത്തില്‍ നിന്നാണ് കൂടുതല്‍ പേര്‍ക്കും ജോലി നഷ്ടമായത്. ഇനിയും കൂടുതല്‍ പേരെ പിരിച്ചുവിടുമെന്ന ആശങ്കയും ശക്തമാണ്. ആളുകളെ പിരിച്ചുവിട്ടതിലൂടെ ലാഭിക്കുന്ന പണം എ.ഐ മേഖലയില്‍ നിക്ഷേപിക്കാനാണ് മിക്ക കമ്പനികളുടെയും പദ്ധതിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Microsoft reports $500 million in AI-driven savings—especially in call centers—while laying off nearly 9,000 employees and shifting focus to AI-first operations.
Read DhanamOnline in English
Subscribe to Dhanam Magazine