

വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതല്‍ താഴ്ന്നെങ്കിലും പിന്നീടു നഷ്ടം കുറച്ചു. നിഫ്റ്റി ഇടയ്ക്കു നേട്ടത്തിലേക്കു മാറിയിട്ട് ചാഞ്ചാട്ടത്തിലായി.
നിഫ്റ്റി ബാങ്കും ധനകാര്യ മേഖലാ സൂചികയും ഒരു ശതമാനത്തോളം താഴ്ന്നിട്ട് തിരിച്ചു കയറി.
ബന്ധന്‍ ബാങ്ക് ഓഹരി രാവിലെ എട്ടര ശതമാനം ഉയര്‍ന്ന് 200 രൂപയ്ക്കു മുകളില്‍ എത്തി. വിദേശ ബ്രോക്കറേജ് ജെഫറീസ് 240 രൂപ ലക്ഷ്യവില ഇട്ട് വാങ്ങല്‍ ശിപാര്‍ശ നല്‍കിയതിനെ തുടര്‍ന്നാണിത്. ബാങ്കിനു പുതിയ എംഡിയായി പാര്‍ഥാ പ്രതിമിനെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി.
രണ്ടാം പാദ റിസല്‍ട്ട് പ്രതീക്ഷയിലും മോശമായതിനെ തുടര്‍ന്ന് ടിസിഎസ് ഓഹരി ഒരു ശതമാനം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. പിന്നീടു നഷ്ടം മാറി നേട്ടമായി. വീണ്ടും താഴ്ന്നു. എച്ച്.എസ്.ബി.സി 4,540 രൂപ ലക്ഷ്യവില നിര്‍ദേശിച്ച് ഓഹരി വാങ്ങാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.
എ.ഡി.ആര്‍ വില താഴ്‌ന്നെങ്കിലും ഇന്‍ഫോസിസും വിപ്രോയും രാവിലെ ഉയര്‍ന്നു. വിപ്രോ ഒരു ശതമാനവും എച്ച്.സി.എല്‍ രണ്ടു ശതമാനവും കയറി.
മികച്ച ബിസിനസ് വളര്‍ച്ചയെ തുടര്‍ന്ന് ആനന്ദ് റഠി ഓഹരി മൂന്നു ശതമാനം കയറി.
ഇന്നലെ എട്ടു ശതമാനം കയറിയ മസഗോണ്‍ ഡോക്ക് ഷിപ്പ് യാര്‍ഡ് ഇന്നു രണ്ടു ശതമാനം താഴ്ന്നു.
നൊമുറ ഡൗണ്‍ ഗ്രേഡ് ചെയ്തതിനെ തുടര്‍ന്ന് ക്രെഡിറ്റ് ആക്‌സസ് ഓഹരി മൂന്നര ശതമാനം ഇടിഞ്ഞു.
ഇക്വിറസ് കാപ്പിറ്റലിലെ ഒന്‍പതു ശതമാനം ഓഹരി വിറ്റതിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് ഓഹരി ഒന്നര ശതമാനം ഉയര്‍ന്ന് 188 രൂപയ്ക്കു മുകളിലായി.
ടാറ്റാ സ്റ്റീല്‍ രണ്ടും നാല്‍കോ നാലും ഹിന്‍ഡാല്‍കോ രണ്ടും ശതമാനം ഉയര്‍ന്നു.
രൂപ ഇന്നു ചെറിയ നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ഡോളര്‍ ഒരു പൈസ കുറഞ്ഞ് 83.96 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.98 രൂപയായി. റിസര്‍വ് ബാങ്ക് വിപണിയില്‍ ഗണ്യമായി ഇടപെടുന്നുണ്ട്.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2,642 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 560 രൂപ കയറി 56,760 രൂപയായി.
ക്രൂഡ് ഓയില്‍ വില അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം 79.12 ഡോളറില്‍ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine