

പശ്ചിമേഷ്യ സമാധാനത്തിലേക്ക് മടങ്ങുന്നതിന്റെ ലക്ഷണമൊന്നും കാണാത്തത് പ്രവാസികളുടെ സാമ്പത്തിക, മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം പ്രവാസ ലോകത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പല കമ്പനികളും ജീവനക്കാരെ ശമ്പളരഹിത ലീവില്‍ വിട്ടിരിക്കുകയാണ്. അത്യാവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള മേഖലകളില്‍ ശമ്പളം ചരിത്രത്തിലാദ്യമായി മുടങ്ങുകയും ചെയ്തിട്ടുണ്ട്. മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഇതുതന്നെയാണ് അവസ്ഥ.
വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയതും സര്‍വീസുകള്‍ വെട്ടിക്കുറച്ചതും പ്രവാസികളുടെ നാട്ടിലേക്കുള്ള വരവിനെയും ബാധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉടന്‍ മാറില്ലെന്ന സൂചന ലഭിച്ചതോടെ ഫാമിലിയായി താമസിക്കുന്നവര്‍ ജീവിതപങ്കാളിയെയും മക്കളെയും നാട്ടിലേക്ക് അയയ്ക്കാനുള്ള പ്ലാനിലാണ്. കുടുംബാംഗങ്ങളെ നാട്ടിലേക്ക് അയയ്ക്കാന്‍ പോലും ടിക്കറ്റ് ചാര്‍ജ് കുറയാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. അവധിക്കാലമോ ഉത്സവസീസണോ അല്ലാത്ത ദിവസങ്ങളിലും ടിക്കറ്റു നിരക്കുകള്‍ വളരെ ഉയര്‍ന്നതാണ്.
ഗള്‍ഫിലെ മലയാളി സമൂഹത്തിന്റെ വലിയൊരു വിഭാഗം നിര്‍മാണം, ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍, ട്രാന്‍സ്പോര്‍ട്ട്, സേവന മേഖലകള്‍ എന്നിവയിലാണു ജോലി ചെയ്യുന്നത്. യുദ്ധമോ രാഷ്ട്രീയ അനിശ്ചിതത്വമോ വന്നാല്‍ ആദ്യം ബാധിക്കപ്പെടുന്ന മേഖലകളും ഇവ തന്നെയാണ്. പല കമ്പനികളും യുദ്ധം തുടങ്ങിയശേഷം ചെലവ് നിയന്ത്രണം ആരംഭിച്ചിരുന്നു. പുതിയ നിയമനങ്ങള്‍ ഏറെക്കുറെ നിലച്ചു. ഓവര്‍ടൈം കുറയുന്നു. ചില മേഖലകളില്‍ കരാര്‍ പുതുക്കലുകളിലും അനിശ്ചിതത്വമുണ്ടാകുന്നു.
എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ എംജോ കുര്യന്‍ ആറുവര്‍ഷമായി ദുബൈയിലാണ്. ഭാര്യ നഴ്‌സായി ജോലി ചെയ്യുന്നു. എംജോ ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനിയിലായിരുന്നു. യുദ്ധം തുടങ്ങിയതോടെ കമ്പനി പ്രവര്‍ത്തനം നിജപ്പെടുത്തി. ഒരു മാസമായി പ്രത്യേക ജോലിയൊന്നുമില്ലാതെ എംജോ ഫ്‌ളാറ്റില്‍ തന്നെ കഴിച്ചു കൂട്ടുകയാണ്. എത്രനാള്‍ ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് അറിയില്ലെന്നാണ് ഈ ചെറുപ്പക്കാരന്‍ ധനംഓണ്‍ലൈനോട് പറഞ്ഞത്.
തൊടുപുഴ സ്വദേശിയായ അമല്‍ദേവിന്റെ കാര്യവും വ്യത്യസ്തമല്ല. നേഴ്‌സായ ഭാര്യയ്‌ക്കൊപ്പം കഴിഞ്ഞ വര്‍ഷം ആദ്യമാണ് ഖത്തറിലെത്തിയത്. ആദ്യം ജോലി ചെയ്തിരുന്ന ഐടി കമ്പനിയില്‍ നിന്ന് ഫെബ്രുവരി ആദ്യം രാജിവച്ചിരുന്നു. ദോഹ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ കയറുന്നതിനായിരുന്നു രാജി. മാര്‍ച്ച് പകുതിയോടെയായിരുന്നു പുതിയ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നത്.
യുദ്ധം തുടങ്ങിയതോടെ തല്ക്കാലം കാത്തിരിക്കൂവെന്നാണ് കമ്പനി ഇ-മെയ്ല്‍ ആയച്ചിരിക്കുന്നത്. ഭാര്യയെ ആശുപത്രിയുടെ തന്നെ ഹോസ്റ്റലിലേക്ക് മാറ്റി ചെലവുചുരുക്കിയ അമല്‍ ഇപ്പോള്‍ നാട്ടിലുണ്ട്. ഇനിയെന്ന് തിരിച്ചു ജോലിയിലേക്ക് മടങ്ങാമെന്ന ഉറപ്പില്ലെന്ന് ഈ 33കാരന്‍ പറയുന്നു.
ഗള്‍ഫ് വരുമാനം കേരള സമ്പദ്വ്യവസ്ഥയുടെ നെടുന്തൂണ്‍ ആണ്. ബാങ്ക് നിക്ഷേപം മുതല്‍ സ്വര്‍ണം വാങ്ങല്‍, റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍ വ്യാപാരം വരെ നിരവധി മേഖലകള്‍ പ്രവാസി പണത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. പ്രവാസികള്‍ ചെലവ് ചുരുക്കുകയും യാത്ര കുറയ്ക്കുകയും നിക്ഷേപങ്ങളില്‍ കാലതാമസം വരുത്തുകയും ചെയ്താല്‍ അത് മൊത്തം സമ്പദ്‌വ്യവസ്ഥയെ ബാധിക്കും.
കഴിഞ്ഞ രണ്ടുമാസത്തിനിടെ സ്ഥലവില്പനയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. യുദ്ധം തുടങ്ങും മുമ്പേ റിയല്‍ എസ്റ്റേറ്റ് മേഖല തളര്‍ച്ചയിലായിരുന്നു. ഗള്‍ഫ് പ്രശ്‌നം ആരംഭിച്ചതോടെ ഒന്നുകൂടി ഇടിഞ്ഞു. ആളുകള്‍ക്ക് സ്ഥലം വാങ്ങാന്‍ താല്പര്യം കുറഞ്ഞിട്ടുണ്ട്- റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ എം. ജംഷീര്‍ ധനംഓണ്‍ലൈനോട് പറഞ്ഞു.
ഗള്‍ഫ് പ്രവാസികള്‍ ഏറെയുള്ള മലബാര്‍ മേഖലയില്‍ യുദ്ധത്തിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ വിവാഹങ്ങളില്‍ ചെലവുചുരുക്കല്‍ ദൃശ്യമാണ്. ഹോട്ടലുകളിലും വസ്ത്രശാലകളിലും കസ്റ്റമേഴ്‌സിന്റെ വരവില്‍ വലിയ കുറവില്ലെങ്കിലും വില്പന കുറഞ്ഞിട്ടുണ്ട്.
കോവിഡ് കാലത്തിന് സമാനമായ മുരടിപ്പ് ടാക്‌സി മേഖലയില്‍ അനുഭവപ്പെട്ടു തുടങ്ങിയതായി കോഴിക്കോട് റെന്റ് എ കാര്‍ ബിസിനസ് നടത്തുന്ന മുഹമ്മദ് സക്കീര്‍ പറയുന്നു. പ്രവാസികള്‍ നാട്ടിലെത്തുമ്പോഴായിരുന്നു കൂടുതലായി വാഹനങ്ങള്‍ക്ക് ഓട്ടം ലഭിച്ചിരുന്നത്. ഇത്തവണ നാട്ടിലെത്തിയ പ്രവാസികളുടെ എണ്ണം കുറഞ്ഞത് ബിസിനസിനെ ബാധിച്ചുവെന്ന് സക്കീര്‍ പറയുന്നു.
യുദ്ധം നീണ്ടുനിന്നാല്‍ ഗള്‍ഫ് രാജ്യങ്ങളെക്കാള്‍ വലിയ പ്രതിസന്ധിയാകും കേരളത്തെ കാത്തിരിക്കുക. പ്രവാസിപ്പണത്തിന്റെ ഒഴുക്ക് കുറയുന്നതും പ്രവാസികളുടെ തിരിച്ചുവരവും പുതിയ സര്‍ക്കാരിന് വലിയ തലവേദനയാകും
Read DhanamOnline in English
Subscribe to Dhanam Magazine