

കേരളത്തിലെ ഭക്ഷ്യസംസ്‌കരണ കമ്പനികളുടെ പ്രധാന വിപണികളിലൊന്നാണ് ഗള്‍ഫ്. ഓണക്കാലത്ത് അരി, പലവ്യഞ്ജനങ്ങള്‍, പായസക്കൂട്ടുകള്‍, ചിപ്സ് തുടങ്ങി കേരളത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ആവശ്യകത കുത്തനെ ഉയരും. എന്നാല്‍ ഇത്തവണത്തെ ഓണക്കാലം ഇത്തരം കമ്പനികള്‍ക്ക് പ്രതിസന്ധിയുടേതാണ്. യുദ്ധം മൂലം കയറ്റുമതി ചെലവ് വര്‍ധിച്ചതിനൊപ്പം അനിശ്ചിതത്വങ്ങളും വെല്ലുവിളി സൃഷ്ടിക്കുന്നു.
കേരളത്തിലെ ഫുഡ് പ്രോസസിംഗ് കമ്പനികള്‍ക്കെല്ലാം ഗള്‍ഫ് വിപണിയില്‍ വലിയ സാന്നിധ്യമുണ്ട്. ഓണക്കാലത്ത് വിറ്റുവരവിന്റെ നല്ലൊരു പങ്ക് ഗള്‍ഫ് വിപണിയില്‍ നിന്നാണ്. സംഘര്‍ഷം രൂക്ഷമായതോടെ മാര്‍ച്ച് മുതല്‍ കേരളത്തില്‍ നിന്നുള്ള അരി, പായ്ക്കറ്റ് ഫുഡ് കയറ്റുമതി വലിയ തോതില്‍ തടസപ്പെട്ടിരുന്നു.
അരിയും പലവ്യഞ്ജനങ്ങളും കയറ്റിയ നൂറിലേറെ കണ്ടെയ്നറുകള്‍ തുറമുഖങ്ങളിലും യാത്രാമധ്യേയും കുടുങ്ങി കോടികളുടെ നഷ്ടമാണുണ്ടായത്. വേഗത്തില്‍ ചീത്തയാകുന്ന ഉത്പന്നങ്ങള്‍ പലതും ഉപേക്ഷിക്കേണ്ടി വന്നു.
കറിപ്പൊടികള്‍, പായ്ക്കറ്റ് തേങ്ങാപ്പാല്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ പ്രമുഖ കമ്പനിക്ക് കഴിഞ്ഞ മൂന്നു മാസത്തിനിടെ കോടികളുടെ നഷ്ടമാണുണ്ടായത്. മാസങ്ങള്‍ക്കു മുമ്പേ അയച്ച ലോഡ് ഇപ്പോഴും ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ലെന്ന് മലബാര്‍ ഭാഗത്തുനിന്നുള്ള ഭക്ഷ്യോത്പന്ന നിര്‍മാണ കമ്പനിയുടെ സാരഥി വെളിപ്പെടുത്തുന്നു. കടുത്ത അനിശ്ചിതത്വം മൂലം ഗള്‍ഫ് വിപണിയെ ഇത്തവണ കാര്യമായി ആശ്രയിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
വലിയ റീട്ടെയില്‍ ശൃംഖലകള്‍ക്ക് പ്രത്യേക ചരക്കുവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ ചെറുകിട ഫുഡ് പ്രോസസിംഗ് കമ്പനികള്‍ക്ക് മറ്റ് വഴികള്‍ തേടുക പ്രായോഗികമല്ല. ചരക്കുകൂലി കുത്തനെ ഉയര്‍ന്നതിന്റെ പേരില്‍ വില വര്‍ധിപ്പിച്ച് ബാധ്യത ഉപയോക്താവിലേക്ക് കൈമാറാന്‍ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ട് തന്നെ കമ്പനികളുടെ മാര്‍ജിന്‍ കുറയും.
ഓണം ചുരുങ്ങിയ ദിവസങ്ങളുള്ള സീസണ്‍ ആണ്. അതുകൊണ്ട് തന്നെ കൃത്യസമയത്ത് വിപണിയില്‍ ഉത്പന്നങ്ങള്‍ എത്തിക്കാനായില്ലെങ്കില്‍ വലിയ നഷ്ടം നേരിടേണ്ടി വരും.
ഓണം കയറ്റുമതിയുടെ ഏറ്റവും വലിയ വെല്ലുവിളി ചരക്ക് അയയ്ക്കാന്‍ കഴിയുന്നില്ല എന്നതല്ല. അയയ്ക്കുന്നതിനുള്ള ചെലവ് കുത്തനെ വര്‍ധിച്ചതാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പല വിമാനക്കമ്പനികളും കാര്‍ഗോ നിരക്ക് 20-40 ശതമാനം വരെ ഉയര്‍ത്തി. കടല്‍ ചരക്കുകൂലിയിലും അസാധാരണ വര്‍ധനയാണ് കയറ്റുമതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഓണസദ്യയ്ക്കാവശ്യമായ പഴം, പച്ചക്കറി, വാഴയില തുടങ്ങിയ വിഭവങ്ങളുമായി ലുലുവിന്റെ രണ്ട് പ്രത്യേക കാര്‍ഗോ വിമാനം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പോയിരുന്നു. ആദ്യ വിമാനത്തില്‍ 45 ടണ്‍ പഴം പച്ചക്കറി വിഭവങ്ങളാണ് കയറ്റി അയച്ചത്.
രണ്ടാം വിമാനത്തില്‍ 60 ടണ്‍ പഴം, പച്ചക്കറി, വാഴയിലകള്‍ എന്നിവയും കയറ്റിയയച്ചിരുന്നു. ലുലു ഫെയര്‍ എക്‌സ്‌പോര്‍ട്ടിന്റെ നേതൃത്വത്തില്‍ മൂന്ന് ലക്ഷത്തിലധികം പഴം-പച്ചക്കറി വിഭവങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine