24 മണിക്കൂറിനിടെ രണ്ട് വന്‍കിട പദ്ധതികള്‍ ഒപ്പിട്ട് ലുലുഗ്രൂപ്പ്; പുതിയ തട്ടകത്തിലേക്ക് യൂസഫലി എത്തുന്നത് വലിയ ലക്ഷ്യം മുന്നില്‍ കണ്ട്

ലുലുഗ്രൂപ്പ് ഒഡീഷയിലേക്ക് എത്തുന്നത് നേരിട്ട് ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയല്ല
24 മണിക്കൂറിനിടെ രണ്ട് വന്‍കിട പദ്ധതികള്‍ ഒപ്പിട്ട് ലുലുഗ്രൂപ്പ്; പുതിയ തട്ടകത്തിലേക്ക് യൂസഫലി എത്തുന്നത് വലിയ ലക്ഷ്യം മുന്നില്‍ കണ്ട്
x.com/Yusuffali_MA/media
Published on

മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് ഒഡീഷയില്‍ വിപുലമായ നിക്ഷേപം ലക്ഷ്യമിട്ട് പദ്ധതികളില്‍ ഒപ്പുവച്ചു. ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ 5,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഭൂവനേശ്വറിലെ പദ്ധതിക്കായും ലുലുഗ്രൂപ്പ് മുന്നോട്ടുവന്നത്. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ വ്യാപാര ഷോ ആയ ഗള്‍ഫുഡ് 2025ല്‍ വച്ചാണ് കരാറില്‍ ഒപ്പിട്ടത്. ഹൈലാന്‍ഡ് ഗ്രൂപ്പുമായി ചേര്‍ന്നാണ് ലുലുഗ്രൂപ്പിന്റെ ഒഡീഷയിലെ പദ്ധതികള്‍.

ഒഡീഷയില്‍ നിന്നുള്ള കടല്‍ മത്സ്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ഒഡീഷ വരവിനു പിന്നിലെ ലുലുവിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ലുലുഗ്രൂപ്പിന്റെ പ്രതിനിധി സംഘം ഒഡീഷയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

കയറ്റുമതി നേരിട്ടല്ല

ലുലുഗ്രൂപ്പ് ഒഡീഷയിലേക്ക് എത്തുന്നത് നേരിട്ട് ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയല്ല. ഹൈലാന്‍ഡ് ഗ്രൂപ്പ് വഴിയാകും ചെമ്മീന്‍ ഉള്‍പ്പെടെയുള്ളവ കയറ്റുമതി ചെയ്യുക. നിലവില്‍ ഒഡീഷയില്‍ ചെമ്മീന്‍ സംസ്‌കരണത്തിനായി 60 ഏക്കറില്‍ ഹൈലാന്‍ഡ് ഗ്രൂപ്പിന് സംവിധാനമുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 200 ഏക്കറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

രണ്ടാംഘട്ടത്തില്‍ ഷോപ്പിംഗ് മാളുകള്‍

ഒഡീഷയില്‍ കൂടുതല്‍ നിക്ഷേപത്തിന് ലുലുഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന് ഒഡീഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് ലുലുഗ്രൂപ്പിനെ ഒഡീഷയിലേക്ക് എത്തിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഷോപ്പിംഗ് മാളുകള്‍ പണിയാനും ലുലുഗ്രൂപ്പിന് ലക്ഷ്യമുണ്ട്.

2022 ജൂണില്‍ അന്നത്തെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മുന്‍കൈയെടുത്ത് ലുലുഗ്രൂപ്പിനെ ഒഡീഷയിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. ലുലുഗ്രൂപ്പ്, ഷറാഫ് ഗ്രൂപ്പ് എന്നീ കമ്പനികളുമായി ധാരണപത്രം ഒപ്പിട്ടെങ്കിലും പദ്ധതിക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com