കേരളത്തില്‍ നിന്ന് ഇതരസംസ്ഥാനക്കാര്‍ 'കൂടൊഴിയുന്നു', കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി; സ്തംഭനം ഹോട്ടലില്‍ മുതല്‍ കെട്ടിട നിര്‍മാണത്തില്‍ വരെ

പലയിടങ്ങളിലും തൊഴിലാളികള്‍ കൂട്ടമായി നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്
AI Image
AI Image
Published on

കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി കലൂരിലെ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു ഇക്ബാല്‍ അന്‍സാരി. ബംഗാള്‍ സ്വദേശിയാണ്. കുടുംബത്തോടൊപ്പമാണ് കൊച്ചിയില്‍ താമസിക്കുന്നത്. അന്‍സാരിയുടെ ബന്ധുക്കളും കേരളത്തിലുണ്ട്. രണ്ടുമാസം മുമ്പ് അദ്ദേഹത്തിന്റെ ഭാര്യയടക്കമുള്ള ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം അന്‍സാരിയും ബംഗാളിലേക്ക് ട്രെയിന്‍ കയറി.

ഇത് വെറുമൊരു അന്‍സാരിയുടെ മാത്രം കാര്യമല്ല. കഴിഞ്ഞ ആറുമാസത്തിനിടയില്‍ കേരളത്തില്‍ നിന്ന് ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടം വിട്ടത്. കേരളത്തിലെ നിര്‍മാണ, ഹോട്ടല്‍ മേഖലകളില്‍ വര്‍ഷങ്ങളായി ഇതരസംസ്ഥാനക്കാരാണ് കൂടുതല്‍. എന്നാല്‍ 2025ന്റെ അവസാനം മുതല്‍ കേരളത്തില്‍ നിന്ന് മടങ്ങുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്.

കാരണങ്ങള്‍ പലത്

പലവിധ കാരണങ്ങളാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് കാരണം. കേരളത്തില്‍ നിന്ന് മടങ്ങിയവരിലേറെയും ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അതിലേറ്റവും പ്രധാനം തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ആണ്. വോട്ടര്‍പട്ടിക പരിഷ്‌കരണ സമയത്ത് വ്യക്തിയുടെ സാന്നിധ്യം ഇല്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തുപോകുമെന്ന ഭയവും പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നതുമാണ് കൂട്ടപ്പാലായനത്തിന് കാരണമാകുന്നത്.

ബംഗാളില്‍ നിന്നുള്ള ഇതരംസ്ഥാനക്കാരാണ് കൂടുതലായി മടങ്ങിയത്. കേരളത്തോടൊപ്പം അടുത്തമാസം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. അവിടെ വോട്ടര്‍പട്ടിക പരിഷ്‌കാരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. നാട്ടിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ പേര് വെട്ടിയേക്കുമെന്ന ഭയത്താലാണ് പലരും ബംഗാളിലേക്ക് തിരികെ പോകുന്നത്.

ബംഗാളികള്‍ കൂടുതലായി ജോലി ചെയ്തിരുന്ന ഹോട്ടല്‍ മേഖലയില്‍ ഇവരുടെ പോക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എല്‍പിജി സിലിണ്ടര്‍ പ്രശ്‌നം വരുംമുമ്പേ ഇവരുടെ കൊഴിഞ്ഞുപോക്ക് ഹോട്ടല്‍, റസ്‌റ്റോറന്റ് മേഖലയില്‍ അനിശ്ചിതത്വത്തിന് കാരണമായിരുന്നു. തൊഴിലാളികളുടെ മടക്കവും ഗ്യാസ് സിലിണ്ടര്‍ പ്രശ്‌നവും ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ ധനംഓണ്‍ലൈനോട് പറഞ്ഞു.

നിര്‍മാണ മേഖലയും പ്രശ്‌നത്തിലാണ്

ഇതരസംസ്ഥാന തൊഴിലാളികള്‍ പാചകവാതക ലഭ്യതക്കുറവും ജീവിതച്ചെലവിലെ വര്‍ധനവും കാരണം നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയെന്നാണ് നിര്‍മാണ മേഖലയിലെ സംരംഭകര്‍ പറയുന്നത്. പലയിടങ്ങളിലും തൊഴിലാളികള്‍ കൂട്ടമായി നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിലെ നിര്‍മാണ മേഖലയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികളില്‍ വലിയ ആശ്രയമുണ്ട്.

കെട്ടിടനിര്‍മാണം, റോഡ് നിര്‍മാണം, ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍, ടൈല്‍ പണി, പെയിന്റിംഗ് തുടങ്ങി പല മേഖലകളിലും പ്രധാന തൊഴിലാളിശക്തി ഇവരാണ്. എല്‍പിജി ക്ഷാമം മൂലം താമസസ്ഥലങ്ങളില്‍ പാചകം ചെയ്യാനുള്ള സൗകര്യം കുറയുകയും ഭക്ഷണച്ചെലവ് കൂടുകയും ചെയ്തതോടെ പലരും ജോലി തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്നതായി തൊഴിലുടമകള്‍ പറയുന്നു. ഇതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട സംഘടനകള്‍ പറയുന്നതനുസരിച്ച്, ചില ജില്ലകളില്‍ ഇതിനകം തന്നെ തൊഴിലാളി ലഭ്യത കുറയുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വലിയ പദ്ധതികള്‍ നടപ്പിലാക്കുന്ന കമ്പനികള്‍ക്കും ചെറുകിട കോണ്‍ട്രാക്ടര്‍മാര്‍ക്കും ഇതു വലിയ വെല്ലുവിളിയായേക്കാം.

കേരളത്തിലെ പല മേഖലകളുടെയും പ്രവര്‍ത്തനം ഇതരസംസ്ഥാന തൊഴിലാളികളില്‍ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. നിര്‍മാണം, കൃഷി, മത്സ്യബന്ധന അനുബന്ധ ജോലികള്‍, ഹോട്ടല്‍-റസ്റ്റോറന്റ് മേഖല, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഇവരുടെ പങ്ക് നിര്‍ണായകമാണ്.

തൊഴിലാളികളുടെ കൂട്ടമടക്കം തുടരുമെങ്കില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും അതിന്റെ പ്രതിഫലനം കാണാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. തൊഴിലാളി ക്ഷാമം മൂലം നിര്‍മാണ ചെലവ് കൂടാനും പദ്ധതികള്‍ വൈകാനും സാധ്യതയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com