
സംസ്ഥാനത്ത് ക്ഷീരമേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. പല കർഷകരും പശുക്കളെ വളർത്തുന്നത് നിർത്തുകയാണ്. മിൽമയുടെ പാല്‍ സംഭരണ വില ലിറ്ററിന് 38 രൂപ മുതൽ 45.80 രൂപ വരെയാണ്. എന്നാൽ ഉൽപാദനച്ചെലവ് ലിറ്ററിന് ശരാശരി 65 രൂപയിലാണ് എത്തി നില്‍ക്കുന്നത്. പാലിന്റെ സംഭരണ വില ലിറ്ററിന് 70 രൂപയായി ഉയർത്തണമെന്നാണ് കർഷകരുടെ പരക്കെയുളള ആവശ്യം. ഈ ആവശ്യവുമായി കർഷകർ സമരരംഗത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുകയാണ്.
ക്ഷീരമേഖലയില്‍ തൊഴിലാളിയുടെ ദിവസ വേതനം 1,200 രൂപയായി ഉയർന്നിരിക്കുകയാണ്. കുറഞ്ഞ സംഭരണ വിലയും വർദ്ധിച്ചുവരുന്ന തീറ്റച്ചെലവും രോഗം മൂലമുള്ള പശുക്കളുടെ മരണനിരക്കും ക്ഷീരമേഖലയുടെ പ്രതികൂല ഘടകങ്ങളാണ്. സംസ്ഥാനത്തുടനീളമുള്ള കർഷകർ തിരുവനന്തപുരത്തെ ക്ഷീര വികസന ഡയറക്ടറുടെ ഓഫീസിന് മുമ്പില്‍ മെയ് 16 ന് ധർണ നടത്തുകയാണ്.
കന്നുകാലി വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതി ആരംഭിക്കാനുളള ഒരുക്കത്തിലാണ് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ്. ക്ഷീരകൃഷിയിലെ കുറവ് പഠിക്കാൻ സർക്കാർ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ട്. പാൽ വില വർദ്ധിപ്പിച്ചാൽ വിലകുറഞ്ഞ ബ്രാൻഡുകൾ കൊണ്ട് വിപണി നിറയുമെന്നും കർഷകർ പ്രതിസന്ധിയിലാകുമെന്നും അധികൃതര്‍ക്ക് ആശങ്കയുണ്ട്.
അതേസമയം, ഗുണനിലവാരമുള്ള പാൽ ആവശ്യമുള്ള ഉപയോക്താക്കൾ പാല്‍ വില വര്‍ധിപ്പിച്ചാല്‍ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. പച്ചപ്പുല്ല് ലഭ്യമല്ലാത്തതിനാൽ കന്നുകാലികളെ തീറ്റാൻ തമിഴ്‌നാട്ടിൽ നിന്ന് കോൺ സൈലേജാണ് കർഷകർ വാങ്ങുന്നത്. കിലോയ്ക്ക് 8 രൂപ സബ്‌സിഡി നിരക്കിൽ കന്നുകാലി തീറ്റയായ സൈലേജ് മിൽമ വിതരണം ചെയ്യുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് വലിയൊരു ആശ്വാസമാണ്. കാര്യമായ ലാഭം ഇല്ലാത്തതിനാല്‍ യുവതലമുറയും ഈ മേഖലയിലേക്ക് കടക്കാൻ വിമുഖത കാണിക്കുകയാണ്.
Milk producers in Kerala face a severe crisis as production costs soar, prompting farmers to plan protests.
Read DhanamOnline in English
Subscribe to Dhanam Magazine