മില്ലറ്റ് വിപ്ലവത്തിലേക്ക് വഴിവെട്ടിയവര്‍ പാതിവഴിയില്‍ സ്തംഭനാവസ്ഥയില്‍; സംരംഭകര്‍ക്ക് തിരിച്ചടിയാകുന്നത് മാര്‍ക്കറ്റിംഗ് പ്രതിസന്ധി

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ ആരംഭിച്ചത് 100ലേറെ ചെറുധാന്യ (മില്ലറ്റ്) ഉത്പന്ന നിര്‍മാണ സംരംഭങ്ങളാണ്. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ വായ്പയെടുത്ത് ഇത്തരത്തില്‍ പുതുവഴി തേടിയിറങ്ങിയ പലരും ഇന്ന് പ്രതിസന്ധിയുടെ കാണാക്കയത്തിലാണ്. തുടക്കത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുണ്ടായ സഹകരണം പിന്നീട് ലഭിക്കാത്തതും കൂടുതല്‍ ഉപയോക്താക്കളെ കണ്ടെത്താനാകത്തതും സംരംഭകരുടെ വീഴ്ച്ചയ്ക്ക് കാരണമായി.
കൊച്ചി സ്വദേശിയായ സോഫിയ എം.എസ് എന്ന സംരംഭകയ്ക്ക് പറയാനുള്ളത് മില്ലറ്റ് വര്‍ഷത്തില്‍ സംരംഭകത്വത്തിലേക്ക് ഇറങ്ങി കൈപൊള്ളിയ കഥയാണ്. ചെറുധാന്യങ്ങളില്‍ നിന്ന് ഇഡ്ഡലി മാവ് മുതല്‍ കേക്ക് വരെ നിര്‍മിക്കുന്നതാണ് മില്ലറ്റ് ഫാക്ടറിയെന്ന ഇവരുടെ സംരംഭം. ഒരു കോടിയിലധികം രൂപയാണ് സോഫിയയും ബിസിനസ് പങ്കാളിയും സംരംഭത്തിലേക്ക് മുടക്കിയത്. കേരളത്തില്‍ ഏറ്റവും ഗുണമേന്മയുള്ള ചെറുധാന്യങ്ങള്‍ ലഭിക്കുന്ന പാലക്കാട് അട്ടപ്പാടിയില്‍ ഇതിനായി വലിയ പ്രൊഡക്ഷന്‍ സെന്ററും ഇവര്‍ നിര്‍മിച്ചു.
വലിയ പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും മാര്‍ക്കറ്റിംഗ് വലിയ തലവേദനയാണെന്ന് സോഫിയ ധനംഓണ്‍ലൈനോട് പറഞ്ഞു. ചെറുധാന്യങ്ങളില്‍ നിന്നുള്ള വിവിധ ഉത്പന്നങ്ങള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെങ്കിലും വിപുലമായ രീതിയിലേക്ക് സംരംഭങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കുന്നില്ലെന്ന് അവര്‍ പറയുന്നു.
മില്ലറ്റിന്റെ ഗുണമേന്മയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ പ്രചാരം നല്‍കേണ്ടതിന്റെ ആവശ്യകതയാണ് സോഫിയയുടെ അനുഭവം വ്യക്തമാക്കുന്നത്. മില്ലറ്റ് വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി നൂറുകണക്കിന് സംരംഭങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം തുടങ്ങിയത്. എന്നാല്‍ പലതും അതിജീവിക്കാന്‍ പാടുപെടുകയാണ്.

മാര്‍ക്കറ്റിംഗ് പ്രതിസന്ധി

ലക്ഷങ്ങള്‍ വായ്പയെടുത്ത് സംരംഭം ആരംഭിച്ചവര്‍ക്ക് മുന്നില്‍ വെല്ലുവിളി മാര്‍ക്കറ്റിംഗ് തന്നെയാണ്. കുടുംബശ്രീ, അങ്കണവാടി തുടങ്ങിയവ വഴി മില്ലറ്റ് ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഗള്‍ഫ്, യൂറോപ്യന്‍ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യത തുറന്നു കിട്ടുന്നത് ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് ഇടയാക്കും. നിലവില്‍ കേരളത്തില്‍ നിന്നുള്ള കമ്പനികളൊന്നും തന്നെ വിദേശ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. കേരള വിപണിയെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകേണ്ട അവസ്ഥയിലാണ് സംരംഭകര്‍.

അട്ടപ്പാടിയിലെ ചെറുധാന്യ പെരുമ

കേരളത്തിലെ ആദ്യത്തെ മില്ലറ്റ് വില്ലേജാണ് അട്ടപ്പാടി. ഇവിടെ 1200 ഹെക്ടര്‍ സ്ഥലത്താണ് ചെറുധാന്യങ്ങളുടെ ഉത്പാദനം നടക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 7,000 കിലോ ചെറുധാന്യങ്ങള്‍ സംസ്‌കരിച്ചെടുക്കാന്‍ ഇവിടത്തെ കേന്ദ്രത്തിനായി. റാഗി, ചാമ, തിന, പനി വരഗ്, കമ്പ്, മണി ചോളം, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളാണ് പ്രധാനമായും കൃഷി മേഖലയില്‍ ചെയ്യുന്നത്.
കൃഷി വകുപ്പിന് കീഴിലായി ഫാര്‍മര്‍ പ്രൊഡ്യുസേഴ്‌സ് ഓര്‍ഗനൈസേഷന് കീഴിലുള്ള 150ലധികം വരുന്ന ചെറുധാന്യ കര്‍ഷകര്‍ അട്ടപ്പാടിയിലെ സംസ്‌കരണ കേന്ദ്രം ഉപയോഗപ്പെടുത്തുന്നുണ്ട്. നിരവധി ബഹുരാഷ്ട്ര കമ്പനികളും ഇവിടെ നിന്ന് ചെറുധാന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവിലാണ് സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

മില്ലറ്റിലെ ഇന്ത്യന്‍ മേന്മ

ചെറുധാന്യങ്ങളുടെ ഉത്പാദത്തില്‍ ഇന്ത്യ ഒന്നാമതും കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുമാണ്. ലോകത്തെ 41 ശതമാനം ചെറുധാന്യ ഉത്പാദനവും ഇന്ത്യയിലാണ്. ചെറുധാന്യങ്ങളെ പോഷകധാന്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേപ്പാള്‍, യു.എ.ഇ, സൗദി അറേബ്യ, ലിബിയ, ടുണീഷ്യ, മൊറോക്കോ, യു.കെ, യെമന്‍, അള്‍ജീരിയ തുടങ്ങിവയാണ് ഇന്ത്യ മില്ലറ്റുകള്‍ കയറ്റുമതി ചെയ്യുന്ന പ്രധാനരാജ്യങ്ങള്‍. കേന്ദ്ര വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2.20 കോടി ഡോളറിന്റെ ചെറുധാന്യമാണ് ഇന്ത്യ ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്.

ദേശീയ കാര്‍ഷികക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 1965-70 കാലഘട്ടത്തില്‍ ഇന്ത്യയുടെ മൊത്ത ധാന്യ ഉത്പാദനത്തിന്റെ 20 ശതമാനം മില്ലറ്റുകളായിരുന്നു. എന്നാല്‍, അത് നിലവില്‍ ആറ് ശതമാനത്തിലേക്ക് ചുരുങ്ങി. ഈ കുറവ് പരിഹരിച്ച് മില്ലറ്റുകളുടെ ഉത്പാദനവും വിപണനവും പ്രചാരവും വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഈ വര്‍ഷം ഇന്ത്യയുടെ ശ്രമങ്ങള്‍. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ ചെറുധാന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മില്ലറ്റുകള്‍ കൃഷി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങള്‍.

അരിയേയും ഗോതമ്പിനേയും പോലെ പുല്ലു വര്‍ഗത്തില്‍പ്പെട്ട ചില സസ്യങ്ങളാണ് മില്ലറ്റ് അഥവാ ചെറുധാന്യങ്ങള്‍. കമ്പം, ചോളം, റാഗി, തിന, വരക്, പനി വരക്, ചാമ, കുതിരവാലി എന്നിവയെല്ലാം ചെറുധാന്യങ്ങളില്‍ പെടുന്നു. ചൈന, ആഫ്രിക്ക മുതലായ രാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ ചില സംസ്ഥാനങ്ങളിലും ഇവ ഭക്ഷണത്തിലെ പ്രധാന വിഭവമാണ്. ലോകത്തിന്റെ വിശപ്പകറ്റാന്‍ ചെറുധാന്യങ്ങള്‍ക്ക് സാധിക്കുമെന്ന തിരിച്ചറിവിലാണ് ഐക്യരാഷ്ട്രസഭ 2023നെ മില്ലറ്റ് വര്‍ഷമായി ആചരിച്ചത്.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it