

പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സ്ഥിതി കൂടുതല്‍ രൂക്ഷമായി. ഗള്‍ഫ് മേഖലയിലെ ഒരു കോടിയോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ കടുത്ത ആശങ്കയില്‍. ദുബൈ, അബുദാബി, ദോഹ, ബഹ്‌റൈന്‍ തുടങ്ങിയ നഗരങ്ങളില്‍ ആകാശത്ത് മിസൈലുകളും ഡ്രോണുകളും കടന്നുപോകുന്ന ദൃശ്യങ്ങള്‍ നേരില്‍ കാണുകയാണ് അവര്‍. പലര്‍ക്കും ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പുകള്‍ ലഭിക്കുന്നു. ചില പ്രദേശങ്ങളില്‍ പൊട്ടിത്തെറി ശബ്ദങ്ങള്‍ കേള്‍ക്കുന്നു. അത്യാവശ്യ സാധനങ്ങള്‍ എങ്ങനെയും സംഘടിപ്പിച്ച് വീടിനുള്ളില്‍ അടച്ചിരിക്കാന്‍ മാത്രമാണ് കഴിയുന്നത്. മിക്കവരും വര്‍ക്ക് ഫ്രം ഹോമില്‍. നാട്ടിലേക്ക് മാറി നില്‍ക്കാമെന്നു വെച്ചാല്‍ വ്യോമഗതാഗതം പൂര്‍ണമായും തടസപ്പെട്ടു നില്‍ക്കുന്നു.
''ആകാശത്ത് ഡ്രോണുകളും മിസൈലുകളും വ്യക്തമായി കാണാനായി. ചിലപ്പോള്‍ അവയെ തടയുന്ന സംവിധാനങ്ങളുടെ പ്രകാശവും കാണാമായിരുന്നു. അധികൃതര്‍ വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചു.''-ദുബൈയിലെ ഒരു വ്യവസായി പറഞ്ഞു. പ്രവാസികളുടെ ഇന്ത്യയിലെ കുടുംബങ്ങളും ആശങ്കയിലാണ്. ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാരില്‍ പലരും ട്രാന്‍സിറ്റ് ടെര്‍മിനലുകളില്‍ കുടുങ്ങിയിരിക്കുകയാണ്. പ്രവാസി സംഘടനകള്‍ ഭക്ഷണവും താമസ സൗകര്യവും ഒരുക്കാന്‍ ശ്രമിക്കുന്നു.
ഔദ്യോഗിക മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുകയാണ് പല ഗള്‍ഫ് രാജ്യങ്ങളും. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളാകട്ടെ, പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നൂ. ഇന്ത്യയിലെ കുടുംബങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത സന്ദേശങ്ങള്‍ പങ്കുവെക്കുന്നതും ഭീതിക്ക് കാരണമാകുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി, വ്യാപാരം, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തിയിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ സാഹചര്യം വെറും ഭൗമരാഷ്ട്രീയ പ്രശ്‌നമല്ല, വ്യക്തിപരമായ പ്രതിസന്ധിയുമാണ്. സംഘര്‍ഷം തുടര്‍ന്നാല്‍ സുരക്ഷാ നടപടികളും ആവശ്യമെങ്കില്‍ തിരിച്ചുവരവ് നടപടികളും ഏകോപിപ്പിക്കേണ്ട സാഹചര്യം ഇന്ത്യാ സര്‍ക്കാരിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും മുന്നിലുണ്ടാകും. അടുത്ത ദിവസങ്ങള്‍ ഈ മേഖലയിലെ പ്രവാസികള്‍ക്ക് നിര്‍ണായകം. പ്രതിസന്ധി മുറുകിയാല്‍, ഭക്ഷണ സാധനങ്ങളുടെ ലഭ്യത വരെ പ്രശ്‌നത്തിലാകാം.
ഇതിനിടെ, ഈ സംഘര്‍ഷം എത്ര നാള്‍ തുടരുമെന്ന കാര്യത്തില്‍ അവ്യക്തത ബാക്കി. അമേരിക്കക്ക് ഒട്ടും അനായാസമല്ല കാര്യങ്ങള്‍. ഇറാനെതിരെ അമേരിക്ക സ്വീകരിക്കുന്ന കടുത്ത നിലപാട് മുന്‍പ് വെനസ്വേലയെതിരെ ഉപയോഗിച്ച തന്ത്രങ്ങളോട് താരതമ്യപ്പെടുത്താനാകില്ലെന്ന് വിലയിരുത്തല്‍. ഇറാന്‍ സൈനിക ശേഷിയിലും പ്രാദേശിക സ്വാധീനത്തിലും തികച്ചും വ്യത്യസ്തമായ രാഷ്ട്രമാണ്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം, മിസൈല്‍-ഡ്രോണ്‍ ശേഷി, ഹിസ്ബുല്ല, ഹൂതികള്‍ തുടങ്ങിയ പ്രാദേശിക കൂട്ടുകെട്ടുകള്‍ എന്നിവ ഇറാനെ ആഗോള രാഷ്ട്രീയത്തില്‍ ശക്തമായ സ്ഥാനത്ത് നിര്‍ത്തുന്നു.
ഇറാനില്‍ ഭരണകൂടമാറ്റം സാധ്യമാണെന്ന സൂചനകള്‍ ട്രംപ് നല്‍കിയിട്ടുണ്ടെങ്കിലും, അതിന് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ശക്തമായ സുരക്ഷാ സംവിധാനവും റവലൂഷനറി ഗാര്‍ഡിന്റെ ഏകോപിത നിലപാടും ഭരണകൂടം ഉടന്‍ തകരാനുള്ള സാധ്യത കുറയ്ക്കുന്നു. പുറത്തുനിന്നുള്ള സമ്മര്‍ദ്ദം മാത്രം മതിയാകില്ലെന്നാണ് വിലയിരുത്തല്‍.
ഇറാന്‍ വിഷയത്തില്‍ അമേരിക്കക്ക് പൊതുജന പിന്തുണയും പരിമിതമാണെന്നാണ് പുതിയ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. വിപുലമായ സൈനിക ഇടപെടലുകള്‍ എണ്ണവില ഉയരാന്‍ ഇടയാക്കുകയും സാമ്പത്തിക പ്രതിസന്ധി ശക്തമാക്കുകയും ചെയ്യുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. മിഡില്‍ ഈസ്റ്റിന്റെ ഭൗമപ്രാധാന്യം കണക്കിലെടുത്താല്‍ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine