

ചണ്ഡീഗഢ് ആസ്ഥാനമായുള്ള ഒരു കമ്പനി ഉടമ ദീപാവലിക്ക് തൻ്റെ ജീവനക്കാർക്ക് 51 ആഡംബര കാറുകൾ സമ്മാനമായി നൽകി. ജീവനക്കാരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ഉള്ള അംഗീകാരമായാണ് ഈ സമ്മാനം. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എം.ഐ.ടി.എസ് ഗ്രൂപ്പിന്റെ (MITS Group) സ്ഥാപകനും ചെയർമാനുമായ എം.കെ. ഭാട്ടിയയാണ് സമ്മാനം നല്‍കിയത്. കമ്പനിയുടെ ദീപാവലി ആഘോഷ വേളയിൽ പുതിയ സ്കോർപിയോ എസ്‌യുവികളുടെ താക്കോൽ ജീവനക്കാര്‍ക്ക് കൈമാറി.
വിജയത്തിൻ്റെ കൊടുമുടിയിൽ എത്തുന്നതിന് മുൻപ് ഭാട്ടിയ വലിയൊരു തകർച്ച നേരിട്ടിട്ടുണ്ട്. ഒരു കാലത്ത് പാപ്പരായി (Bankrupt) പ്രഖ്യാപിക്കപ്പെട്ട അദ്ദേഹം, പിന്നീട് തൻ്റെ കഠിനാധ്വാനം കൊണ്ട് 12 കമ്പനികളുടെ ഉടമയായി വളർന്നു. മെഡിക്കൽ സ്റ്റോർ വൻ നഷ്ടത്തിലായതിനെ തുടര്‍ന്നാണ് 2002-ൽ ഭാട്ടിയ പാപ്പരത്ത നടപടികള്‍ നേരിട്ടത്. 2015 ലാണ് എംഐടിഎസ് ആരംഭിച്ചുകൊണ്ട് അദ്ദേഹം തന്റെ ജീവിതവും കരിയറും പുനർനിർമ്മിച്ചത്.
ഇന്ത്യയിലും വിദേശത്തും ഇന്ന് ബിസിനസ് വികസിപ്പിക്കുകയാണ് ഭാട്ടിയ. കാനഡ, ലണ്ടൻ, ദുബായ് എന്നിവിടങ്ങളിലും കമ്പനിക്ക് ലൈസൻസുകൾ ഉണ്ട്. തൻ്റെ ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം ജീവനക്കാരുടെ പിന്തുണയും മികച്ച പ്രകടനവുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജീവനക്കാർ സന്തോഷവാന്മാരായിരിക്കുമ്പോൾ മാത്രമേ ഒരു സ്ഥാപനം വളരുകയുള്ളൂവെന്നും ഭാട്ടിയ പറഞ്ഞു.
അതേസമയം സമൂഹമാധ്യമങ്ങളില്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ എത്തി. “എനിക്ക് മൈക്രോബയോളജി ബിരുദമുണ്ട്, ഈ കമ്പനിയിൽ ചേരാൻ എന്തെങ്കിലും സാധ്യതയുണ്ടോ? " എന്നാണ് ഒരു ഉപയോക്താവ് തമാശയായി പറഞ്ഞത്. “ഗുണനിലവാരമുള്ള മരുന്നുകളിൽ നിന്നാണ് ലാഭം ലഭിക്കുന്നതെങ്കിൽ, ജീവനക്കാർക്ക് കാറുകളും ബംഗ്ലാവുകളും സമ്മാനമായി നൽകുന്നത് നല്ലതാണ് - പക്ഷേ ഗുണനിലവാരം വിട്ടുവീഴ്ച ചെയ്യുന്നുണ്ടെങ്കില്‍ ഈ നടപടി ശരിയല്ല.” മറ്റൊരാൾ അഭിപ്രായപ്പെട്ടു. കാറിന്റെ ഇഎംഐകൾ രഹസ്യമായി കമ്പനി ശമ്പളത്തിൽ നിന്ന് കുറയ്ക്കുന്നുണ്ടോയെന്നാണ് ചില ഉപയോക്താക്കൾ സംശയം പ്രകടിപ്പിച്ചത്.
M.K. Bhatia gifts 51 SUVs to employees on Diwali.
Read DhanamOnline in English
Subscribe to Dhanam Magazine