അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ആപ്പ് ഉടന്‍

കേരളത്തില്‍ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കുന്നതിന് പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷനായി മൊബൈല്‍ ആപ്പ് ഉടന്‍ അവതരിപ്പിക്കും. ഇതോടെ ഇത്തരം തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനുള്ള കാര്യക്ഷമമായ സംവിധാനം തൊഴില്‍ വകുപ്പ് ഒരുക്കും.

നടപടികള്‍ അപര്യാപ്തം

2021 ഡിസംബറില്‍ കിഴക്കമ്പലത്ത് പോലീസിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ജീവനക്കാരുടെ രജിസ്‌ട്രേഷനും ഇടനിലക്കാരുടെ ലൈസന്‍സും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അന്യസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയതുള്‍പ്പെടെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ തെളിയിക്കുന്നത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണെന്നാണ്.

നിലവില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നില്ല. കേരളത്തിലേക്ക് വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാകുമോ എന്നും നോക്കുമെന്നും അദ്ദേഹം പറഞ്ഞു. ബയോമെട്രിക്‌സും ആധാര്‍ വിവരങ്ങളും ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം നിര്‍ബന്ധമാക്കുകയും അത് ഉപയോഗിക്കാത്ത വ്യക്തികള്‍ക്ക് പിഴ ചുമത്തുകയും ചെയ്യുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് കടക്കുന്നത് തടയാന്‍ സഹായിക്കും.

30 ലക്ഷത്തിന് മുകളില്‍

കേരളത്തില്‍ നിലവില്‍ എത്ര അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നുള്ള ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ 2013 ല്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം ഏകദേശം 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ അന്ന് കേരളത്തിലുണ്ടെന്ന് പറഞ്ഞിരുന്നു. മാത്രമല്ല പ്രതിവര്‍ഷം രണ്ടര ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലെത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഇത് കണക്കാക്കിയാല്‍ ഇന്ന് 30 ലക്ഷത്തിന് മുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നത് ഉറപ്പാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം 5 ലക്ഷമാണ്.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it