

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ മൊബൈല്‍ റീച്ചാര്‍ജ് നിരക്കുകള്‍ തുടര്‍ച്ചയായി ഉയര്‍ത്തുന്നത് മലയാളി കുടുംബങ്ങളുടെ പ്രതിമാസ ബജറ്റില്‍ പുതിയ സമ്മര്‍ദം സൃഷ്ടിക്കുകയാണ്.
അടുത്ത കാലത്തായി പ്ലാനുകളുടെ നിരക്കില്‍ ശരാശരി 12% മുതല്‍ 20% വരെ വര്‍ധനയുണ്ടായി. ഒരുകാലത്ത് ചെറിയ പ്രതിമാസ ചെലവായി കണക്കാക്കിയിരുന്ന മൊബൈല്‍ റീച്ചാര്‍ജ് ഇന്ന് കുടുംബ ബജറ്റിലെ പ്രധാന ചെലവുകളിലൊന്നായി മാറിയിരിക്കുന്നു.
ഡിജിറ്റല്‍ സാക്ഷരതയിലും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസം, ജോലി, ബാങ്കിംഗ്, ഷോപ്പിംഗ്, വിനോദം തുടങ്ങി ദൈനംദിന ജീവിതത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റിനോടുള്ള ആശ്രയത്വം കൂടുതലാണ്. അതുകൊണ്ടുതന്നെ താരിഫ് നിരക്കിലെ ചെറിയ വര്‍ധന പോലും സാധാരണക്കാരെയും ഇടത്തരം കുടുംബങ്ങളെയും നേരിട്ട് ബാധിക്കുന്നു.
നാല് അംഗങ്ങളുള്ള ഒരു ശരാശരി മലയാളി കുടുംബത്തിന്റെ കാര്യം നോക്കാം. വീട്ടിലെ നാല് പേരും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം റീച്ചാര്‍ജ് ആവശ്യമായി വരും.
മുന്‍പ് പ്രതിദിനം 1.5 ജിബി മുതല്‍ 2 ജിബി വരെ ഡാറ്റ ലഭിക്കുന്ന 84 ദിവസത്തെ പ്ലാനുകള്‍ക്ക് ഏകദേശം 660 മുതല്‍ 719 വരെയായിരുന്നു നിരക്ക്. സമാന പ്ലാനുകളുടെ നിരക്ക് ഇപ്പോള്‍ 859 മുതല്‍ 899 വരെയായി ഉയര്‍ന്നിരിക്കുകയാണ്.
മുന്‍പ് നാലുപേരുള്ള ഒരു കുടുംബത്തിന് 28 ദിവസത്തെ റീച്ചാര്‍ജിനായി ശരാശരി 900 മുതല്‍ 1,000 വരെ ചെലവായിരുന്നെങ്കില്‍, ഇപ്പോഴത് 1,400 മുതല്‍ 1,600 വരെയായി ഉയര്‍ന്നു.
അതായത് മൊബൈല്‍ റീച്ചാര്‍ജിന് മാത്രം ഒരു കുടുംബം പ്രതിമാസം 400 മുതല്‍ 600 വരെ അധികമായി ചെലവഴിക്കേണ്ടി വരുന്നു. വാര്‍ഷികമായി കണക്കാക്കിയാല്‍ 5,000 മുതല്‍ 7,000 വരെ അധിക ബാധ്യതയുണ്ടാകുന്നു.
ഇതിനൊപ്പം ഡാറ്റ ആഡ്-ഓണ്‍ പാക്കുകള്‍, ഒ.ടി.ടി സബ്സ്‌ക്രിപ്ഷനുകള്‍, ബ്രോഡ്ബാന്‍ഡ് ബില്ലുകള്‍ എന്നിവ കൂടി ചേര്‍ന്നാല്‍ ഡിജിറ്റല്‍ കണക്റ്റിവിറ്റിക്കുള്ള ഒരു കുടുംബത്തിന്റെ യഥാര്‍ത്ഥ ചെലവ് ഇതിലും കൂടുതലാകും.
ഓണ്‍ലൈന്‍ പഠനം, മത്സര പരീക്ഷാ പരിശീലനം, വീഡിയോ ക്ലാസുകള്‍, വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മൊബൈല്‍ ഡാറ്റയെ മാത്രം ആശ്രയിക്കുന്നവര്‍ക്കാണ് നിരക്കുവര്‍ധന കൂടുതല്‍ തിരിച്ചടിയാകുന്നത്. പ്രതിദിന ഡാറ്റ പരിധി പൂര്‍ത്തിയാകുമ്പോള്‍ അധിക ഡാറ്റ പാക്കുകള്‍ വാങ്ങേണ്ടിവരുന്നത് പ്രതിമാസ ചെലവ് വീണ്ടും ഉയര്‍ത്തുന്നു.
അതേസമയം, ഫോണ്‍ പ്രധാനമായും സംസാരിക്കാന്‍ മാത്രം ഉപയോഗിക്കുന്ന മുതിര്‍ന്ന ഉപയോക്താക്കള്‍ക്കും കുറഞ്ഞ നിരക്കിലുള്ള വോയ്‌സ് പ്ലാനുകളുടെ അഭാവം തിരിച്ചടിയാണ്. വലിയ തോതിലുള്ള ഡാറ്റ ആവശ്യമില്ലാത്തവര്‍ പോലും ഉയര്‍ന്ന അടിസ്ഥാന നിരക്കുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം അഥവാ എ.ആര്‍.പി.യു ഉയര്‍ത്തുക എന്നതാണ് ടെലികോം കമ്പനികളുടെ പ്രധാന ലക്ഷ്യം. 5ജി നെറ്റ്വര്‍ക്ക് വികസനം, സ്പെക്ട്രം വാങ്ങല്‍, ടവര്‍ അടിസ്ഥാനസൗകര്യം, സാങ്കേതിക നവീകരണം തുടങ്ങിയ മേഖലകളില്‍ കമ്പനികള്‍ വന്‍തുകയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഈ നിക്ഷേപത്തിന്റെ ഒരു ഭാഗം തിരിച്ചുപിടിക്കാനും കമ്പനികളുടെ ലാഭക്ഷമത മെച്ചപ്പെടുത്താനുമാണ് താരിഫ് വര്‍ധന നടപ്പാക്കുന്നത്.
മുമ്പ് നിരവധി ടെലികോം കമ്പനികള്‍ രാജ്യത്തുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്നോ നാലോ കമ്പനികളിലേക്ക് ചുരുങ്ങി. മത്സരത്തിന്റേതായ അന്തരീക്ഷം മാറി. കുത്തക രീതിയിലേക്ക് ടെലികോം രംഗം എത്തി. ഇതാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്.
ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി പ്രതിമാസ വരുമാനം 200 മുതല്‍ 300 രൂപ വരെയുള്ള നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനികള്‍ മുന്നോട്ടു പോകുന്നത്. ഇതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിലുള്ള നിരവധി പ്ലാനുകള്‍ പിന്‍വലിക്കുകയും നിലവിലുള്ള പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ആവശ്യമില്ലാത്ത അധിക ഡാറ്റയോ മറ്റ് സേവനങ്ങളോ ഉള്‍പ്പെടുന്ന വിലകൂടിയ പ്ലാനുകള്‍ തിരഞ്ഞെടുക്കേണ്ടിവരുന്നതായും പരാതിയുണ്ട്.
മൊബൈല്‍ റീച്ചാര്‍ജ് ചെലവ് വര്‍ധിച്ചതോടെ മലയാളി ഉപഭോക്താക്കളുടെ ഉപയോഗരീതിയിലും മാറ്റം പ്രകടമാണ്. വീട്ടിലെ ഓരോ അംഗത്തിനും വലിയ ഡാറ്റ പ്ലാനുകള്‍ പ്രത്യേകം റീച്ചാര്‍ജ് ചെയ്യുന്നതിന് പകരം, മാസം 500 മുതല്‍ 700 വരെ നിരക്കിലുള്ള വൈഫൈ കണക്ഷനുകള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്.
വീട്ടില്‍ കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ വ്യക്തിഗത മൊബൈല്‍ ഡാറ്റ പ്ലാനുകളേക്കാള്‍ ഫൈബര്‍ കണക്ഷന്‍ ചെലവുകുറഞ്ഞ മാര്‍ഗമായി മാറാം. മൊബൈല്‍ നമ്പറുകളില്‍ കുറഞ്ഞ ഡാറ്റയുള്ള അടിസ്ഥാന പ്ലാന്‍ നിലനിര്‍ത്തുകയും വീട്ടിലെ ഉപയോഗത്തിന് വൈഫൈ ആശ്രയിക്കുകയും ചെയ്യുന്ന രീതിയും വ്യാപകമാകുന്നു.
സ്വകാര്യ ടെലികോം കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ നിരക്ക് കുറവുള്ള ബിഎസ്എന്‍എല്‍ പ്ലാനുകളിലേക്ക് മാറാന്‍ താല്‍പര്യം കാണിക്കുന്നവരുമുണ്ട്. മാസംതോറും റീച്ചാര്‍ജ് ചെയ്യുന്നതിനുപകരം ദീര്‍ഘകാല പ്ലാനുകള്‍ തിരഞ്ഞെടുക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. വാര്‍ഷിക പ്ലാനുകള്‍ക്ക് ഒരുമിച്ച് വലിയ തുക നല്‍കേണ്ടിവരുമെങ്കിലും, പ്രതിമാസ ചെലവായി കണക്കാക്കുമ്പോള്‍ ചില ഉപയോക്താക്കള്‍ക്ക് ഇവ ലാഭകരമായേക്കാം.
പെട്രോള്‍, പാചകവാതകം, ഭക്ഷ്യവസ്തുക്കള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിലക്കയറ്റത്തിനൊപ്പം മൊബൈല്‍ ഡാറ്റ നിരക്കുകളും ഉയരുന്നത് സാധാരണക്കാരന്റെ സമ്പാദ്യത്തില്‍ നിന്നുള്ള വിഹിതം കുറയ്ക്കുകയാണ്.
ടെലികോം കമ്പനികള്‍ എ.ആര്‍.പി.യു ഉയര്‍ത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ വരും മാസങ്ങളിലും ചെറുകിട പ്ലാനുകളുടെ നിരക്കിലോ ആനുകൂല്യങ്ങളിലോ മാറ്റമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
മൊബൈല്‍ റീച്ചാര്‍ജിനെ ചെറിയൊരു ചെലവായി അവഗണിക്കുന്ന കാലം കഴിഞ്ഞു. നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഇത് വര്‍ഷത്തില്‍ പതിനായിരക്കണക്കിന് രൂപ ചെലവാകുന്ന സ്ഥിരം സാമ്പത്തിക ബാധ്യതയായി മാറുകയാണ്. അതുകൊണ്ടുതന്നെ വൈദ്യുതി ബില്ലും ഇന്ധനച്ചെലവും പോലെ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ചെലവുകളും കുടുംബ ബജറ്റില്‍ പ്രത്യേകം കണക്കാക്കേണ്ട സമയമാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine