മോദിയുടെ സൗഹൃദം കണ്ണുവയ്ക്കുന്നത് എണ്ണയില്‍; പുടിന്‍ കൈ കൊടുക്കുമോ ദീര്‍ഘകാല കരാറിന്?

പ്രധാനമന്ത്രിയായി മൂന്നാംവട്ടവും ചുമതലയേറ്റ ശേഷം നരേന്ദ്ര മോദി ആദ്യ പൂര്‍ണ സന്ദര്‍ശനത്തിനായി എന്തുകൊണ്ട് റഷ്യയെ തിരഞ്ഞെടുത്തു? പാശ്ചാത്യരും യു.എസും മാറ്റിനിര്‍ത്തുന്ന റഷ്യയോട് ചേര്‍ന്നു നില്‍ക്കാനുള്ള തീരുമാനത്തിന് പിന്നില്‍ സൗഹൃദം മാത്രമല്ല സാമ്പത്തിക കാരണങ്ങളുമുണ്ട്. മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ഏവരും കാത്തിരിക്കുന്നത് എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട കരാറുകളാണ്.
വേണം ദീര്‍ഘകാല കരാര്‍
ഇന്ത്യയെ സംബന്ധിച്ച് റഷ്യ തന്ത്രപ്രധാന പങ്കാളിയാണ്. യു.എസിനൊപ്പം നില്‍ക്കുമ്പോഴും മോസ്‌കോയെ പിണക്കാന്‍ മാറിമാറിവന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ തയാറായില്ല. മോദി പ്രധാനമന്ത്രിയായ ശേഷം റഷ്യയുമായി കൂടുതല്‍ അടുക്കുന്നതാണ് കണ്ടത്. ഈ അടുത്ത സൗഹൃദം വാണിജ്യ തലത്തിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കാനായാല്‍ അതു വലിയ നേട്ടമാകും.
എണ്ണവിലയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ ഇന്ത്യയെ ബാധിക്കാറുണ്ട്. വിദേശ ധാന്യശേഖരത്തിന്റെ നല്ലൊരു പങ്കും എണ്ണ ഇറക്കുമതിക്കാണ് ഇന്ത്യ ചെലവഴിക്കുന്നത്. ഈ ചെലവ് ഒരുപരിധി വരെ കുറയ്ക്കാന്‍ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം സാധിച്ചിരുന്നു.
പശ്ചാത്യ രാജ്യങ്ങളും സൗഹൃദ രാഷ്ട്രങ്ങളും യു.എസിന്റെയും പങ്കാളികളുടെയും കോപം ഭയന്ന് മാറിനിന്നപ്പോഴും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കൂട്ടുകയാണ് ചെയ്തത്. റഷ്യയ്ക്ക് സാമ്പത്തികമായി ക്ഷീണം ചെയ്യാതിരിക്കാനും ഇന്ത്യയുടെ നിലപാട് സഹായിച്ചു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നീ പൊതുമേഖല എണ്ണ കമ്പനികള്‍ക്കൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസും റഷ്യന്‍ എണ്ണയുടെ ഉപയോക്താക്കളാണ്. പ്രതിദിനം 8,71,200 ബാരലാണ് പ്രതിദിനം ഇറക്കുമതി ചെയ്യുന്നത്.
സൗദി അറേബ്യ ഉള്‍പ്പെടുന്ന ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറച്ച് വില ഉയര്‍ത്താനുള്ള നീക്കങ്ങളിലാണ്. സ്വാഭാവികമായും ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നതാണ് ഈ തീരുമാനം. എണ്ണ വിപണിയിലെ അസ്ഥിരത ഇന്ത്യയ്ക്കു മേല്‍ പതിക്കാതിരിക്കാന്‍ റഷ്യയില്‍ ദീര്‍ഘകാല പങ്കാളിയെ കണ്ടെത്താനാകും മോദി സര്‍ക്കാര്‍ ശ്രമിക്കുക.
മുതലാക്കണം അവസരം
യുക്രെയ്ന്‍ യുദ്ധം നീണ്ടുനില്‍ക്കുന്നത് റഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമല്ല. എന്നിരുന്നാലും അധിനിവേശം ലക്ഷ്യം കാണാതെ പിന്മാറാന്‍ പുടിന്‍ തയാറാകുകയുമില്ല. ഈ അവസരത്തില്‍ എണ്ണ വാങ്ങലില്‍ ദീര്‍ഘകാല കരാര്‍ ആവശ്യപ്പെടാന്‍ ഇന്ത്യയ്ക്ക് സാധിക്കും. റഷ്യന്‍ ഓയില്‍ വമ്പന്മാരായ റോസ്‌നെഫ്റ്റിന്റെ സി.ഇ.ഒ ഇഗോര്‍ സെചിന്‍ ഇന്ത്യയുമായുള്ള ദീര്‍ഘകാല കരാറിനെ അനുകൂലിക്കുന്ന വ്യക്തിയാണ്.
പുടിന്റെ വിശ്വസ്തനായ സെചിന്‍ കഴിഞ്ഞദിവസം ഇക്കാര്യത്തില്‍ സൂചനയും നല്‍കിയിരുന്നു. എണ്ണ ഇറക്കുമതിയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ഇന്ത്യയുമായുള്ള പങ്കാളിത്തം റഷ്യയ്ക്കും ദീര്‍ഘകാല നേട്ടം സമ്മാനിക്കുന്നതാണ്.
റഷ്യന്‍ എണ്ണ തന്നെ മുന്നില്‍
ജൂണിലും ഇന്ത്യയുടെ ഇറക്കുമതിയില്‍ റഷ്യന്‍ എണ്ണയ്ക്കാണ് മുന്‍തൂക്കം. മൊത്തം ഇറക്കുമതിയുടെ 42 ശതമാനവും റഷ്യയില്‍ നിന്നാണ്. മെയില്‍ ഇത് 37 ശതമാനമായിരുന്നു. ഇറാഖ് (16%), സൗദി അറേബ്യ (8%), യു.എ.ഇ (8%), യു.എസ് (7%) എന്നിവരുടെ വിഹിതം ഒന്നിച്ചുകൂട്ടിയാലും റഷ്യന്‍ വിഹിതത്തെ മറികടക്കാന്‍ സാധിക്കില്ല.
റഷ്യന്‍ നിക്ഷേപം കൂട്ടാം
ഇന്ത്യക്ക് എണ്ണ നല്‍കുന്നതുവഴി ലഭിക്കുന്ന വരുമാനം ഇന്ത്യന്‍ ബാങ്കുകളിലെ വോസ്ട്രോ അക്കൗണ്ടുകളിലാണ് (വിദേശ കറന്‍സിയില്‍ തുറക്കുന്ന അക്കൗണ്ട്) റഷ്യന്‍ കമ്പനികള്‍ സൂക്ഷിച്ചിരുന്നത്. ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂടുകയും ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി ഇതിനെ അപേക്ഷിച്ച് കുറഞ്ഞുനില്‍ക്കുന്നതിനാലും വോസ്ട്രോ അക്കൗണ്ടില്‍ രൂപ കുന്നുകൂടുകയായിരുന്നു. ഇടപാടുകള്‍ കഴിഞ്ഞുള്ള അധികപ്പണമാണ് ഇത്തരത്തില്‍ കൂടിക്കിടക്കുന്നത്.
റിസര്‍വ് ബാങ്ക് ഫെമ (FEMA/ Foreign Exchange Management Act) ചട്ടങ്ങളില്‍ ഭേദഗതി വരുത്തുകയും റഷ്യന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അവസരങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. ചൈനയെ പോലെ സംശയദൃഷ്ടിയോടെ നോക്കേണ്ട രാജ്യമല്ല റഷ്യ. അതുകൊണ്ട് തന്നെ റഷ്യന്‍ കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ എണ്ണ നയതന്ത്രം വഴിയൊരുക്കും.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it