

പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന. ഭാവിയിലെ ഇന്ത്യയുടെ തൊഴിൽ ശക്തിയെ രൂപപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവയ്പ്പ് എന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ സാമ്പത്തിക ചെലവായി കണക്കാക്കുന്നത്. 2025 ഓഗസ്റ്റ് 1 നും 2027 ജൂലൈ 31 നും ഇടയിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾക്കാണ് പദ്ധതി ബാധകമാകുക.
പദ്ധതിയുടെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് തൊഴിലുടമകളോടും ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവരോടും തൊഴിൽ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. പദ്ധതിയില്‍ രജിസ്റ്റർ ചെയ്യുന്നതിനുള്ള പോർട്ടൽ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. https://pmvbry.epfindia.gov.in അല്ലെങ്കില്‍ https://pmvbry.labour.gov.in വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഈ പദ്ധതിക്ക് രണ്ട് ഭാഗങ്ങളാണ് ഉളളത്. പാർട്ട് എ പ്രകാരം, ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒറ്റത്തവണ ഇൻസെന്റീവ് നൽകും. ഇത് ഒരു മാസത്തെ ശമ്പളത്തിന് തുല്യമായതോ 15,000 രൂപ വരെയോ രണ്ട് ഗഡുക്കളായി നല്‍കും. ഒരു ലക്ഷം രൂപ വരെ മൊത്ത ശമ്പളമുള്ള ജീവനക്കാർക്ക് ഈ ഇൻസെന്റീവ് ലഭിക്കും.
പാര്‍ട്ട് ബി തൊഴിലുടമകൾക്കുള്ളതാണ്. ഓരോ അധിക ജീവനക്കാരനും സ്ഥാപനത്തിലേക്ക് കടന്നു വരുമ്പോള്‍ ആദ്യ ആറ് മാസത്തേക്ക് സ്ഥാപനങ്ങള്‍ക്ക് പ്രതിമാസം 3,000 രൂപ വരെ ഇന്‍സെന്റീവ് നല്‍കും. പാർട്ട് ബി പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹത നേടുന്നതിന് സ്ഥാപനങ്ങൾക്കുളള വ്യവസ്ഥകൾ ഇപ്രകാരമാണ്. 50 ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് രണ്ട് ജീവനക്കാരെയെങ്കിലും അധികമായി നിയമിക്കണമെന്നും 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് അഞ്ച് ജീവനക്കാരെയെങ്കിലും അധികമായി നിയമിക്കണമെന്നുമാണ് വ്യവസ്ഥ.
എല്ലാ പുതിയ ജീവനക്കാരും UMANG ആപ്പിൽ ലഭ്യമായ ഫേസ് ഓതന്റിക്കേഷൻ ടെക്നോളജി വഴി യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) സൃഷ്ടിക്കേണ്ടതുണ്ട്. തൊഴിലുടമകൾക്ക് പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന പോർട്ടൽ സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.
ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്കുള്ള എല്ലാ പേയ്‌മെന്റുകളും ആധാർ അധിഷ്ഠിത പേയ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി, അവരുടെ പാൻ-ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്.
PM Modi's "Viksit Bharat Rojgar Yojana" aims to create over 3.5 crore jobs with incentives for both employers and first-time job seekers.
Read DhanamOnline in English
Subscribe to Dhanam Magazine