വയനാട് ദുരന്തം: മോഹന്‍ലാല്‍ മൂന്ന് കോടി കൂടി നല്‍കും; വിശ്വശാന്തി നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ

കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചലച്ചിത്ര നടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകും. ആദ്യഘട്ടം എന്ന നിലയിലാണ് 3 കോടി രൂപ ഇപ്പോള്‍ നൽകുന്നത്. പിന്നീട് ആവശ്യാനുസരണം വേണ്ട പണം നൽകുമെന്നും മോഹൻലാൽ പറഞ്ഞു.
രാജ്യം കണ്ടതില്‍ വച്ചേറ്റവും സങ്കടകരമായ ദിവസങ്ങളാണ് കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെയും മറ്റും കണ്ടത്. നിമിഷനേരം കൊണ്ട് ഒരുപാട് പേര്‍ക്ക് ഉറ്റവരയും ഉടയവരെയും നഷ്ടമായ കാഴ്ച വളരെ സങ്കടകരമാണ്. നമ്മെളെല്ലാം ഒന്നായി അവരെ സഹായിക്കുകയാണ് ഈ അവസരത്തില്‍ വേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ പുനര്‍നിര്‍മിക്കുമെന്ന് മോഹന്‍ ലാല്‍

നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ നമുക്ക് കഴിയില്ല. ഇനി എന്ത് ചെയ്യാന്‍ കഴിയുമോ അതാണ് ചെയ്യേണ്ടതെന്നും മോഹന്‍ ലാല്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന് ഇല്ലാതായ മുണ്ടക്കൈ എല്‍.പി സ്‌കൂള്‍ കണ്ടപ്പോള്‍ മോഹന്‍ ലാലിന്റെ കണ്ണുകള്‍ നിറഞ്ഞതായി കൂടെയുണ്ടായിരുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മേജര്‍ രവി പറഞ്ഞു.
ഇന്ത്യൻ സൈന്യം, വ്യോമസേന, നാവികസേന, അഗ്നിരക്ഷാസേന, എൻ.ഡി.ആർ.എഫ്, പൊലീസ്, ആതുരസേവകർ, നല്ലവരായ നാട്ടുകാർ എന്നിവരുടെ ദുരിത മേഖലയിലെ സേവനം എടുത്തുപറയേണ്ടതാണെന്നും മോഹന്‍ ലാല്‍ പറഞ്ഞു. ചുരുങ്ങിയ സമയംകൊണ്ട് സൈന്യത്തിന് ബെയ്‌ലി പാലം നിർമിക്കാനായത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം സഹായിച്ചു.
താനും കൂടി ഉൾപ്പെടുന്ന 122 ഇൻഫെന്ററി ബറ്റാലിയൻ ടി.എ മദ്രാസാണ് ദുരന്തം സംഭവിച്ചപ്പോള്‍ ആദ്യം ഇവിടെയെത്തുന്നത്. ബറ്റാലിയനിലെ നാൽപ്പതോളം പേര്‍ ഇവിടെയെത്തി മികച്ച രക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഒരുപാട് പേരെ സംഘത്തിന് രക്ഷിക്കാനായി. കഴിഞ്ഞ 16 വർഷമായി താന്‍ ഈ ബറ്റാലിയന്റെ ഭാഗമാണ് എന്നത് തനിക്ക് അഭിമാനം നല്‍കുന്നു. ഇവരോടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റുളളവരോടും നന്ദി പറയാനും മനസ്സുകൊണ്ട് അവരെ നമസ്കരിക്കാനുമാണ് ദുരന്ത മേഖലയില്‍ എത്തിയത്. ഇത്തരം ദുരന്തങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
വിശ്വശാന്തി ഫൗണ്ടേഷൻ
മോഹന്‍ലാലിന്റെ മാതാപിതാക്കളായ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയമ്മയുടെയും പേരിൽ 2015 ലാണ് വിശ്വശാന്തി ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. ഇത് വിശ്വശാന്തി ഡവലപ്‌മെന്റ് എന്ന പേരിൽ കമ്പനി ആക്ട് 2013 ന്റെ സെക്ഷൻ 8 പ്രകാരം കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സമൂഹത്തിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ പ്രവര്‍ത്തിക്കുന്നത്.
2019 പ്രളയം, ഹൃദ്രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളെ സഹായിക്കുന്നതിനായി അമൃത ആശുപത്രിയുമായി സഹകരിച്ചുളള പ്രവര്‍ത്തനം, എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിന് ഭക്ഷണം, മരുന്ന് തുടങ്ങിയവ വിതരണം ചെയ്യുന്നതിനായി സംഭവാന ചെയ്ത റോബോട്ട് (KARMI-Bot), അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവ ഫൗണ്ടേഷന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.
ചൂരല്‍മല ദുരന്തം സംഭവിച്ചപ്പോള്‍ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ ലാല്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. അതുകൂടാതെയാണ് ഇപ്പോള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യഘട്ടം എന്ന നിലയില്‍ താരം മൂന്ന് കോടി സംഭാവന ചെയ്തിരിക്കുന്നത്.
മോഹന്‍ലാലിന്റെ പ്രഥമ സംവിധാന സംരഭമായ ബറോസ് എന്ന 3ഡി ചലച്ചിത്രത്തിന്റെ അവസാന മിനുക്കു പണികളിലാണ് താരം ഇപ്പോള്‍. സന്തോഷ് ശിവന്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന 100 കോടിക്ക് മുകളില്‍ ബജറ്റില്‍ ഒരുക്കുന്ന ചലചിത്രം ഒരു ദൃശ്യവിസ്മയമായിരിക്കും പ്രേക്ഷകര്‍ക്ക് നല്‍കുക.
ശോഭാ ഗ്രൂപ്പ് 50 വീടുകൾ നിര്‍മിച്ച് നല്‍കും
വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശോഭാ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ പി.എന്‍.സി മേനോന്‍ 10 കോടി രൂപ ചെലവിൽ 50 വീടുകൾ നിര്‍മിച്ച് നല്‍കും. താല്‍കാലിക ആശ്വാസം എന്ന നിലയില്‍ മാത്രമല്ല, ദുരന്തത്തിനിരയായവര്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് 10 കോടി രൂപ ചെലവില്‍ 50 വീടുകള്‍ നിര്‍മിക്കുന്നത്.
ഈ വീടുകളുടെ നിർമ്മാണവും ധനസഹായവും കൈകാര്യം ചെയ്യുക പി.എൻ.സി മേനോനും ഭാര്യ ശോഭാ മേനോനും സ്ഥാപിച്ച ശ്രീ കുറുംബ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റായിരിക്കും. സംസ്ഥാനത്ത് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സി.എസ്.ആർ സംരംഭങ്ങൾക്കും നേതൃത്വം നൽകുന്നുതിൽ പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമാണ് ട്രസ്റ്റ്. പാലക്കാട് ജില്ലയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 1,000 വീടുകള്‍ നിര്‍മ്മിക്കാനുള്ള ശോഭാ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പുരോഗമിക്കുകയാണ്.

Related Articles

Next Story

Videos

Share it