യു.എ.ഇയിലും നിക്ഷേപത്തട്ടിപ്പ്; ഇന്ത്യക്കാരെയടക്കം പറ്റിച്ച് കമ്പനി ഉടമകളും ജീവനക്കാരും മുങ്ങി, 600 കോടിയിലേറെ നഷ്ടം

മികച്ച ലാഭം ഉറപ്പുനല്‍കി പ്രവാസി ഇന്ത്യക്കാരെയടക്കം വഞ്ചിച്ച് നിക്ഷേപക്കമ്പനി അധികൃതരും ജീവനക്കാരും മുങ്ങി. യു.എ.ഇയിലെ ബുര്‍ ദുബൈയിലെ അല്‍ ജവഹര്‍ സെന്ററിലുള്ള ബ്ലൂചിപ്പ് ഗ്രൂപ്പ് അധികൃതരും ജീവനക്കാരുമാണ് കോടികള്‍ തട്ടിച്ചശേഷം അപ്രത്യക്ഷരായത്.
ഓഹരികള്‍, സ്വര്‍ണം, ക്രിപ്‌റ്റോകറന്‍സി, റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ച കമ്പനിയാണ് ബ്ലൂ ചിപ്പ് ഗ്രൂപ്പെന്ന് ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏതാണ്ട് 70 മില്യണ്‍ ഡോളര്‍ (600 കോടി രൂപ) ഇടപാട് മൂല്യവും 700ലേറെ ഇടപാടുകാരുമുള്ള കമ്പനിയാണ് ബ്ലൂചിപ്പ് ഗ്രൂപ്പ്.
നിക്ഷേപവും തട്ടിപ്പും
മിനിമം 10,000 ഡോളര്‍ (എട്ടരലക്ഷം രൂപ) നിക്ഷേപിക്കണമെന്നായിരുന്നു കമ്പനി ഇടപാടുകാര്‍ക്ക് മുന്നില്‍വച്ച ചട്ടം. 18 മാസത്തേക്ക് തുക പിന്‍വലിക്കാനാവില്ല. പ്രതിമാസം മൂന്ന് ശതമാനം വീതം ലാഭമായിരുന്നു (Return) വാഗ്ദാനം. എന്നാല്‍, പൊടുന്നനേ ഒരുദിവസം റിട്ടേണുകള്‍ നല്‍കാതെ കമ്പനി അധികൃതരും 70ലേറെ വരുന്ന ജീവനക്കാരും മുങ്ങുകയായിരുന്നു എന്ന് ഇടപാടുകാര്‍ പരാതിപ്പെടുന്നു. പണം നഷ്ടമായവരില്‍ നല്ലൊരുപങ്ക് ഇന്ത്യന്‍ പ്രവാസികളാണ്. ഇതില്‍ ഒരുകോടിയിലധികം രൂപ നഷ്ടപ്പെട്ടവരുമുണ്ട്.
പങ്കില്ലെന്ന് ബോളിവുഡ് താരം സോനു സൂദ്
ബ്ലൂചിപ്പ് കമ്പനിയുടെ ഒരു പദ്ധതി 2022 ജൂലൈയില്‍ അവതരിപ്പിച്ച ചടങ്ങിലെ മുഖ്യാതിഥി ബോളിവുഡ് താരവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സോനു സൂദ് ആയിരുന്നു. എന്നാല്‍, കമ്പനിയുമായി തനിക്കൊരു ബന്ധവുമില്ലെന്നും ചടങ്ങില്‍ പങ്കെടുത്തു എന്നതുകൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രചാരകനാണ് താനെന്ന് അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്പനി നടത്തിയ വഞ്ചനയെക്കുറിച്ച് അറിഞ്ഞുവെന്നും താന്‍ കമ്പനിക്കൊപ്പമല്ല, ഇടപാടുകാര്‍ക്കൊപ്പമാണെന്നും എല്ലാവര്‍ക്കും പണം തിരികെക്കിട്ടാന്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വിദേശനാണയ ഇടപാടുകള്‍ നടത്തുന്ന കമ്പനികളുടെ പ്രകടനം വിലയിരുത്തുന്ന മൈഎഫ്എക്‌സ്ബുക്ക് എന്ന ഓണ്‍ലൈന്‍ ട്രാക്കിംഗ് സംവിധാനത്തില്‍ നിന്ന് ബ്ലൂചിപ്പ് കമ്പനി അപ്രത്യക്ഷമായിട്ടുണ്ട്. ബ്ലൂചിപ്പിന് ഇത്തരം നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ (SCA) ലൈസന്‍സ് ഇല്ലായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. കമ്പനിക്കെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നിലവില്‍ ഇടപാടുകാര്‍.
Related Articles
Next Story
Videos
Share it