
ആഗോള സാമ്പത്തിക മേഖലയില്‍ ഇടപെടാനുള്ള യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് തടയിട്ട് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. മൊത്തകടം 36 ലക്ഷം കോടി ഡോളര്‍ (ഏകദേശം 3,000 ലക്ഷം കോടി രൂപ) പിന്നിട്ടതോടെ യു.എസിന്റെ ക്രെഡിറ്റ് റേറ്റിംഗ് ട്രിപ്പിള്‍ എ (AAA)യില്‍ നിന്നും ഡബിള്‍ എ വണ്ണിലേക്ക് ( Aa1) ലേക്ക് വെട്ടിക്കുറച്ചു. 1919ലാണ് മൂഡീസ് യു.എസിന് AAA റേറ്റിംഗ് നല്‍കുന്നത്. കുമിഞ്ഞുകൂടിയ വായ്പകളും പലിശ ചെലവുകളും കുറക്കാന്‍ യു.എസ് ഭരണകൂടവും കോണ്‍ഗ്രസും പരാജയപ്പെട്ടെന്ന് മൂഡീസ് കുറ്റപ്പെടുത്തി. യു.എസിന് നല്‍കിയിരുന്ന സുസ്ഥിര (stable) റേറ്റിംഗ് നെഗറ്റീവാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
ഒരു രാജ്യത്തിന് വായ്പ തിരിച്ചടക്കാനുള്ള ഉയര്‍ന്ന ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മൂഡീസിന്റെ ട്രിപ്പിള്‍ എ ക്രെഡിറ്റ് റേറ്റിംഗ്. വായ്പകള്‍ തിരിച്ചടക്കാനുള്ള മികച്ച സാമ്പത്തികസ്ഥിതിയിലാണെന്നും ഇത് സൂചിപ്പിക്കുന്നു. ക്രെഡിറ്റ് റേറ്റിംഗ് കുറയുന്നതോടെ രാജ്യങ്ങളുടെ തിരിച്ചടവ് ശേഷി കുറയുകയും വായ്പാ തിരിച്ചടവിന്റെ ചെലവ് വര്‍ധിക്കുകയും ചെയ്യുമെന്നും നിരീക്ഷകര്‍ പറയുന്നു. 2023ല്‍ യു.എസിന്റെ ട്രിപ്പിള്‍ എ ക്രെഡിറ്റ് റേറ്റിംഗ് ഭീഷണിയിലാണെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ ഫിച്ച് റേറ്റിംഗ്‌സ് 2023ലും എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് 2011ലും യു.എസിന്റെ സവിശേഷ റേറ്റിംഗ് വെട്ടിക്കുറച്ചിരുന്നു.
അമേരിക്കയുടെ വായ്പാ തിരിച്ചടവ് ശേഷിയിലുള്ള വിശ്വാസം കുറഞ്ഞതിന്റെ സൂചനയാണ് മൂഡീസ് റേറ്റ് കുറച്ചതിലൂടെ വ്യക്തമാകുന്നതെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. കൂടാതെ വായ്പാ കുടിശിക കുന്നുകൂടുന്നത്, വായ്പാ - ജി.ഡി.പി അനുപാതം (Debt to GDP ratio) കൂടുന്നത് എന്നിവയും പ്രകടമാകുന്നു. 2035 എത്തുമ്പോള്‍ യു.എസിന്റെ ധനക്കമ്മി ജി.ഡി.പിയുടെ 9 ശതമാനമാകുമെന്നാണ് കരുതുന്നത്. 2024ല്‍ ഇത് ജി.ഡി.പിയുടെ 6.4 ശതമാനമായിരുന്നു.
2035ല്‍ മൊത്ത വായ്പകള്‍ ജി.ഡി.പിയുടെ 134 ശതമാനവുമാകുമെന്നും മൂഡീസ് പറയുന്നു. 2024ല്‍ ആകെ വരുമാനത്തിന്റെ 18 ശതമാനമാണ് പലിശ തിരിച്ചടവിന് ചെലവഴിച്ചിരുന്നത്. 2035ലെത്തുമ്പോള്‍ ഇത് ജി.ഡി.പിയുടെ 30 ശതമാനമായി വളരും. എന്നാല്‍ 85,812 ഡോളറിന്റെ ആളോഹരി ജി.ഡി.പി (GDP per capita), അമേരിക്കന്‍ ഡോളറിന്റെ ഗ്ലോബല്‍ റിസര്‍വ് പദവി, സ്വതന്ത്ര ഫെഡറല്‍ റിസര്‍വിന്റെ മികച്ച സാമ്പത്തിക നയങ്ങള്‍ എന്നിവ യു.എസിന്റെ ശക്തിയാണെന്നും മൂഡീസ് പറയുന്നു.
യു.എസ് റേറ്റിംഗ് കുറച്ചതിനോട് അന്താരാഷ്ട്ര ഓഹരി വിപണികള്‍ വലിയ തോതില്‍ പ്രതികരിക്കാന്‍ സാധ്യതയില്ലെങ്കിലും ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ മികച്ച മണ്‍സൂണ്‍ പ്രതീക്ഷ, കമ്പനികളുടെ പാദഫലങ്ങള്‍ തുടങ്ങിയ കാര്യങ്ങളാകും നിര്‍ണായകമാവുക. യു.എസുമായുള്ള താരിഫ് ചര്‍ച്ചകളും നിക്ഷേപകരെ സ്വാധീനിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
Moody’s has downgraded the US government's credit rating, citing rising federal debt and mounting interest payments as major concerns.
Read DhanamOnline in English
Subscribe to Dhanam Magazine