യു.എ.ഇയില്‍ ഈ നിയമം പാലിക്കാതെ പുകവലിച്ചാല്‍ പിഴ ഒന്നര ലക്ഷം രൂപ

കുട്ടികളുടെ അടുത്തുനിന്നുകൊണ്ടുള്ള പുകവലിയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയിലയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതും തടയുന്നതിന് കര്‍ശനമായ നടപടികളുമായി യു.എ.ഇ. രാജ്യത്ത് കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന വദീമ നിയമം അനുസരിച്ച് കുട്ടികളുടെ സാന്നിധ്യത്തില്‍ പുകവലിക്കുന്നത് കര്‍ശനമായി നിരോധിച്ചു.

വദീമ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച് 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ സാന്നിധ്യത്തില്‍ പൊതു, സ്വകാര്യ ഗതാഗത മാര്‍ഗങ്ങളില്‍ പുകവലിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന സ്ഥലത്തോ മുറിയിലോ കുട്ടികളുടെ സാന്നിധ്യത്തില്‍ പുകവലിക്കുന്നതും കുറ്റകരമാണ്. നിയമലംഘകര്‍ക്ക് 5,000 ദിര്‍ഹത്തില്‍ (1.15 ലക്ഷം രൂപ) കുറയാത്ത പിഴ ചുമത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന വ്യക്തികള്‍ക്ക് 3 മാസത്തില്‍ കുറയാത്ത തടവോ അല്ലെങ്കില്‍ 15,000 ദിര്‍ഹത്തില്‍ (3.5 ലക്ഷം രൂപ) കുറയാത്ത പിഴയോ ലഭിക്കും. വില്‍പ്പനക്കാരന്‍ വാങ്ങുന്നയാള്‍ക്ക് 18 വയസ്സ് പ്രായമുണ്ടെന്നതിന്റെ തെളിവ് നല്‍കാന്‍ ആവശ്യപ്പെടേണ്ടതുണ്ടെന്ന് നിയമം പറയുന്നു. ലഹരിപാനീയങ്ങളും കുട്ടിയുടെ ആരോഗ്യം അപകടകരമാക്കുന്ന മറ്റേതെങ്കിലും വസ്തുക്കളും വില്‍ക്കുന്ന വ്യക്തികള്‍ക്കും ഈ പിഴ ബാധകമാണ്.

പുകവലിക്കുന്ന വ്യക്തികള്‍ക്ക് ചുറ്റുമുള്ള പുകവലിക്കാത്തവര്‍ക്കും പുകവലിക്കുന്നവര്‍ക്കുണ്ടാകുന്ന അതേ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെടുമെന്ന് യു.എ.ഇയിലെ വിദഗ്ധര്‍ പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം പുകയില ഉപയോഗം ഓരോ വര്‍ഷവും 80 ലക്ഷത്തിലധികം ആളുകളെയാണ് കൊല്ലുന്നത്.

Related Articles
Next Story
Videos
Share it