കുവൈത്ത് തീപിടുത്തം: മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറി

കുവൈത്തിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ മരിച്ച 23 മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹം പ്രത്യേക വ്യോമസേനാ വിമാനത്തിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന് വേണ്ടി മൃതദേഹങ്ങളില്‍ പുഷ്പ്പചക്രമര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരായ കീര്‍ത്തി വര്‍ധന്‍ സിംഗ്, സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ജനപ്രതിനിധികള്‍ എന്നിവരും കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.
7 തമിഴ്‌നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹവും കൊച്ചിയില്‍ വച്ച് ബന്ധുക്കള്‍ക്ക് കൈമാറി. പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സില്‍ പൊലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ വീടുകളിലേക്ക് തിരിച്ചത്. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചതോടെ കുവൈത്തിലുണ്ടായ തീപിടുത്തത്തില്‍ മരണ സംഖ്യ അമ്പതായി.
ചേര്‍ത്ത് പിടിച്ച് നാട്
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വ്യവസായികളും ജോലി ചെയ്തിരുന്ന കമ്പനിയും ചേർന്ന് 22 ലക്ഷം രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ രണ്ടും സംസ്ഥാന സര്‍ക്കാര്‍ അഞ്ചും ലക്ഷം വീതം നല്‍കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി അഞ്ച് ലക്ഷം പ്രഖ്യാപിച്ചു. ആര്‍.പി ഗ്രൂപ്പ് ഉടമ രവി പിള്ള രണ്ട് ലക്ഷവും നല്‍കും. ഇവര്‍ ജോലി ചെയ്തിരുന്ന എന്‍.ബി.ടി.സി കമ്പനി ഓരോരുത്തര്‍ക്കും എട്ട് ലക്ഷം വീതവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തു. കുവൈത്ത് സര്‍ക്കാരും ധനസഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതെത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കണമെന്ന് കുവൈത്ത് രാജാവ് അമിര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹാണ് ഉത്തരവിട്ടത്.
മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. 160 ലധികം പേര്‍ താമസിച്ച ഫ്ളാറ്റിലെ മുഴുവന്‍ പേരും ഉറങ്ങികിടക്കുമ്പോഴാണ് താഴത്തെ നിലയിലെ സെക്യൂരിറ്റി ജീവനക്കാരുടെ ക്യാബിനില്‍ പാചക വാതക ചോര്‍ച്ചയുണ്ടാകുന്നത്. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ കെട്ടിടം മുഴുവന്‍ തീയും കറുത്ത പുകയും പടര്‍ന്നു. രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ പലരും കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയതും അപകടത്തിന്റെ തോത് വര്‍ധിപ്പിച്ചു. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. ഡി.എന്‍.എ പരിശോധനയടക്കം നടത്തിയാണ് പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.
46 പേരും ഇന്ത്യക്കാര്‍
മരിച്ച 49 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 46 പേര്‍ ഇന്ത്യാക്കാരാണ്. മൂന്നുപേര്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ളവരും.ഒരാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 5 മലയാളികള്‍ അപകടനില തരണം ചെയ്തു.

Related Articles

Next Story

Videos

Share it