യുദ്ധമുഖത്തെ ചാരന്‍മാര്‍; 60,000 അടി ഉയരത്തില്‍ പറക്കും; വിനാശകാരികള്‍ ഈ ഡ്രോണുകള്‍

പരമ്പരാഗത യുദ്ധരീതികളില്‍ നിന്ന് മാറി, സാമാന്യ മനുഷ്യബുദ്ധിക്കപ്പുറത്തുള്ള തന്ത്രങ്ങളും ആക്രമണങ്ങളുമാണ് ഇത്തരം ഡ്രോണുകള്‍ പ്ലാന്‍ ചെയ്യുന്നത്
Drone
DroneCanva
Published on

യുദ്ധങ്ങള്‍ ഇപ്പോള്‍ പഴയതു പോലെയല്ല. ടെക്‌നോളജിയുടെ കരുത്തില്‍ വേഗതയേറിയതും കൃത്യതയാര്‍ന്നതുമായ യുദ്ധക്കോപ്പുകളാണ് ഇപ്പോള്‍ രാജ്യങ്ങള്‍ ഉപയോഗിക്കുന്നത്. വലുതും ഭാരമേറിയതുമായ യുദ്ധവിമാനങ്ങളുടെ സ്ഥാനത്ത് ചെറു ഡ്രോണുകള്‍ കളം വാഴുകയാണ്. ഇവയാകട്ടെ അങ്ങേയറ്റം വിനാശകാരികളും. എതിരാളികളുടെ കണ്ണില്‍പെടാതെ കൊള്ളിയാന്‍ പോലെ പറന്ന് ലക്ഷ്യസ്ഥാനം കൃത്യമായി ആക്രമിച്ച് തിരിച്ചെത്തുന്നവ. എതിര്‍ പാളയത്തിലെ രഹസ്യങ്ങള്‍ ചോര്‍ത്താനും ഉഗ്രശേഷിയുള്ള ഈ ഡ്രോണുകള്‍ക്ക് കഴിയുന്നു.

എല്ലാം എഐ മയം

യുദ്ധക്കോപ്പുകളെ നിയന്ത്രിക്കുന്നതും നിര്‍മിതബുദ്ധിയാണ്. പരമ്പരാഗത യുദ്ധരീതികളില്‍ നിന്ന് മാറി, സാമാന്യ മനുഷ്യ ബുദ്ധിക്കപ്പുറത്തുള്ള തന്ത്രങ്ങളും ആക്രമണങ്ങളുമാണ് ഇത്തരം ഡ്രോണുകള്‍ പ്ലാന്‍ ചെയ്യുന്നത്. യുദ്ധ വിമാനങ്ങള്‍ക്കൊന്നും പണ്ടത്തെ പോലെ പൈലറ്റ് വേണ്ട. ഇസ്രായേല്‍-ഇറാന്‍ യുദ്ധം ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങള്‍ ഇപ്പോള്‍ നിര്‍മിത ബുദ്ധിയുടെ നിയന്ത്രണത്തിലാണ്. ഒരു പൈലറ്റ് നിയന്ത്രിക്കുന്ന യുദ്ധവിമാനത്തേക്കാള്‍ മണിക്കൂറുകളോളം അധികസമയം ആക്രമണ രംഗത്ത് നില്‍ക്കാനും എതിരാളികളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനും കൃത്യതയോടെ ആക്രമണം നടത്താനും ഇവക്ക് കഴിയുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അടുത്തിടെ നടന്ന യുദ്ധത്തില്‍ വ്യാപകമായി ഡ്രോണുകളെ ഉപയോഗിച്ചിരുന്നു.

ഏറ്റവും വിനാശകാരികളായ ഡ്രോണുകള്‍

1.എംക്യു-9 റീപ്പര്‍ MQ-9 Reaper(അമേരിക്ക): ആകാശത്ത് 50,000 അടി ഉയരത്തില്‍ പറക്കാന്‍ ശേഷി. 27 മണിക്കൂര്‍ തുടര്‍ച്ചയായി ആക്രമണം നടത്തും. 1700 കിലോയാണ് ഭാരം. ഉഗ്രശേഷിയുള്ള മിസൈലുകളും ബോംബുകളും വഹിക്കാന്‍ ശേഷിയുണ്ട്.

2.ആര്‍ക്യു-4 ഗ്ലോബല്‍ ഹോക്ക് RQ-4 Global Hawk(അമേരിക്ക): പ്രധാന ജോലി ചാരപ്രവര്‍ത്തം. 60,000 അടി ഉയരത്തില്‍ പറക്കും. 30 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തനം. നാലുവശത്തുമുള്ള റഡാറിലൂടെ വലിയൊരു ഭൂപ്രദേശത്തെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിവ്. കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിക്കാന്‍ ഇലക്ട്രോ-ഒപ്റ്റിക്കല്‍ സിസ്റ്റം. എതിരാളികളുടെ നീക്കങ്ങളെ ഒപ്പിയെടുത്ത് വാര്‍ റൂമിലെത്തിക്കാന്‍ കേമന്‍.

3.ബേറെക്ടര്‍ ടിബി2 Bayraktar TB2(തുര്‍ക്കി): സിറിയയിലും ലിബിയയിലും യുദ്ധമുഖങ്ങളില്‍ ഏറെ ഉപയോഗിക്കപ്പെട്ട ഡ്രോണ്‍. വില കുറവായതിനാല്‍ മിക്ക രാജ്യങ്ങളുടെ കയ്യിലുമുണ്ട്. 27,000 അടി ഉയരത്തില്‍ പറക്കും. 27 മണിക്കൂര്‍ ആകാശത്ത് തങ്ങും. 150 കിലോ വരെ ഭാരമുള്ള യുദ്ധക്കോപ്പുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്.

4.സിഎച്ച്-5 റെയിന്‍ബോ CH-5 Rainbow(ചൈന): 60 മണിക്കൂര്‍ ആകാശത്ത് നില്‍ക്കാന്‍ കഴിയുന്നതാണ് ഈ ചൈനീസ് ഡ്രോണ്‍. 30,000 അടി ഉയരത്തില്‍ പറക്കും. 1,000 കിലോ വരെ ഭാരമുള്ള ആയുധങ്ങള്‍ വഹിക്കുന്നു. അതിര്‍ത്തികളിലെ നിരീക്ഷണത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയാണ് രാജ്യങ്ങള്‍ ഈഡ്രോണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.


5.ഹേംസ് 900 Hermes 900(ഇസ്രായേല്‍): 30,000 അടി ഉയരത്തില്‍ പറക്കുന്ന വിവിധോദ്ദേശ ഡ്രോണ്‍. 36 മണിക്കൂര്‍ പ്രവര്‍ത്തന ശേഷി. 350 കിലോ ഭാരം വരുന്ന സെന്‍സറുകളും മറ്റ് യുദ്ധോപകരണങ്ങളും വഹിക്കാനാകും.

ഇതിന് പുറമെ റഷ്യയുടെ എസ് 70 ഒകോട്‌നിക്, തുര്‍ക്കിയുടെ അക്‌സുന്‍ഗര്‍, ചൈനയുടെ വിംഗ് ലൂംഗ്, ജര്‍മനിയിലും സ്‌പെയിനിലും നിര്‍മിക്കുന്ന ബാരാകുഡ, അമേരിക്കയുടെ ക്രാറ്റോസ് തുടങ്ങിയ ഡ്രോണുകളും യുദ്ധ രംഗത്ത് വിവിധ രീതിയില്‍ ഉപയോഗിച്ചു വരുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com