
യുവതലമുറകൾക്കിടയിൽ സാമ്പത്തിക സമ്മർദ്ദം ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുന്നതായി കണ്ടെത്തല്‍. മിക്കവർക്കും ഓരോ മാസാവസാനത്തെയും ചെലവുകൾ വെല്ലുവിളി നിറഞ്ഞതാണ്. കൂടാതെ വിരമിക്കൽ പോലുള്ള ദീർഘകാല ലക്ഷ്യങ്ങൾ യുവാക്കള്‍ക്ക് വളരെ അകലെയായും അനുഭവപ്പെടുന്നു. ഇതുസംബന്ധിച്ച ഡെലോയിറ്റിന്റെ 2025 ലെ സർവേ (Deloitte's Gen Zs and Millennials At Work survey) ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. 44 രാജ്യങ്ങളിലായി 23,000 ത്തിലധികം ആളുകളിൽ നടത്തിയ സർവേയിൽ പകുതിയിലധികം പേര്‍ക്കും ശമ്പളം കൊണ്ട് മാസം തികയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. പണപ്പെരുപ്പം, ഭവന ചെലവ്, നിത്യ ചെലവ് തുടങ്ങിയവ മൂലം പല രാജ്യങ്ങളിലും പൊതു വിപണികള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
സാമ്പത്തിക സമ്മർദ്ദം യുവാക്കളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നു. യുവാക്കളെ പൊതുവായി മില്ലേനിയല്‍സ് (Millennials), ജെനറേഷന്‍ ഇസഡ് (Generation Z) എന്നിങ്ങനെ രണ്ടായാണ് തിരിച്ചിരിക്കുന്നത്. 1981 നും 1996 നും ഇടയില്‍ ജനിച്ചവരെ മില്ലേനിയല്‍സ് എന്ന വിഭാഗത്തിലും 1997 നും 2012 നും ഇടയില്‍ ജനിച്ചവരെ ജെനറേഷന്‍ ഇസഡ് എന്ന ഗണത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ജനറേഷൻ ഇസഡ്, മില്ലേനിയല്‍സ് വിഭാഗത്തില്‍ പെടുന്ന 10 പേരിൽ 6 ൽ താഴെ പേർക്ക് മാത്രമാണ് മികച്ച മാനസികാരോഗ്യമുളളതെന്ന ഞെട്ടിക്കുന്ന കണ്ടെത്തലും സർവേ വെളിപ്പെടുത്തുന്നു.
80 ശതമാനത്തിലധികം പേരും ദീർഘകാല സാമ്പത്തിക സ്ഥിരതയുടെ അഭാവവും ദൈനംദിന ചെലവുകളുമാണ് സമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളായി വ്യക്തമാക്കിയത്. സാമ്പത്തിക ദുരിതത്തിനിടയിലും മിക്ക യുവാക്കളും സ്വയം മെച്ചപ്പെടാൻ വേണ്ടിയുളള പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നത് ആശ്വാസജനകമാണ്. കൂടുതൽ സമ്പാദിക്കാനും നല്ല ജോലികൾ കണ്ടെത്താനും സ്വയം വൈദഗ്ധ്യം വർദ്ധിപ്പിക്കാനും ഇവര്‍ പരിശ്രമിക്കുന്നുണ്ട്.
ജീവിതച്ചെലവുകളില്‍ നേരിടുന്ന പണപ്പെരുപ്പവും സാമ്പത്തിക സുരക്ഷ ഉറപ്പു നല്‍കുന്ന മികച്ച ജോലികളുടെ അഭാവവും ഇവരെ വിഷമത്തിലാക്കുന്നുണ്ട്. പേഴ്സണല്‍ ഫിനാന്‍സ് സംബന്ധമായ കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ ജനറൽ ഇസഡുകളും മില്ലേനിയലുകളും കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നത് കൗതുകകരമാണ്. നിക്ഷേപം, വിരമിക്കൽ ആസൂത്രണം, സമ്പാദ്യം, ബജറ്റിംഗ് തുടങ്ങിയ പേഴ്സണല്‍ ഫിനാന്‍സ് സംബന്ധമായ വിഷയങ്ങളില്‍ ഇവര്‍ വലിയ താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്.
Rising cost of living leaves most Gen Z and Millennials under financial stress, affecting mental health, reveals Deloitte survey.
Read DhanamOnline in English
Subscribe to Dhanam Magazine