സൈബര്‍ കള്ളന്‍മാര്‍ തട്ടിയെടുത്തത്‌ 7 കോടി; ഇത്തവണ വലയില്‍ വീണത് പ്രമുഖ വ്യവസായി, കൊള്ളയുടെ വിചിത്ര വഴികള്‍ ഇങ്ങനെ

ചീഫ് ജസ്റ്റിസിന്റെ വേഷത്തിലെത്തി 'വിചാരണ', തട്ടിപ്പ് പൂര്‍ണമായും വീഡിയോ കോളില്‍
cyber crime
Image Courtesy: Canva
Published on

സൈബര്‍ കൊള്ളയുടെ പുതിയ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. സി.ബി.ഐയുടെ പേര് പറഞ്ഞ് വ്യാജ ഡിജിറ്റല്‍ അറസ്റ്റും വിചാരണയും നടത്തി പണം തട്ടുന്ന സംഘം കബളിപ്പിച്ചത് പ്രമുഖ ടെക്‌സ്റ്റൈല്‍ വ്യവസായിയെയാണ്. പത്മഭൂഷന്‍ ജേതാവും വര്‍ദ്ധമാന്‍ ടെക്‌സറ്റൈല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ എസ്.പി.ഓസ്വാള്‍ ആണ് വന്‍ തട്ടിപ്പിന് ഇരയായത്. രണ്ട് ദിവസം സ്‌കൈപ്പ് കാമറയില്‍ ഡിജിറ്റല്‍ അറസ്റ്റ് നടത്തി വിചാരണ ചെയ്ത ശേഷം സൈബര്‍ ക്രിമിനലുകള്‍ തട്ടിയെടുത്തത് 7 കോടി രൂപയാണ്. കള്ളപ്പണ ഇടപാടില്‍ ബന്ധമുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റും വിചാരണയും നേരിടണമെന്നുമാണ് ഓസ്വാളിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് രണ്ട് ദിവസം സ്‌കൈപ്പ് കാമറയില്‍ വ്യാജ  കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് പണം തട്ടിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വേഷത്തില്‍ വിചാരണക്കെത്തിയാണ് തട്ടിപ്പു സംഘം ഓസ്വാളിനെ കബളിപ്പിച്ചത്. തുടര്‍ന്ന് എസ്.പി ഓസ്വാള്‍ നല്‍കിയ പരാതിയില്‍ പഞ്ചാബ് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അഞ്ചു കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്.

തട്ടിപ്പിന്റെ തുടക്കം

ഓഗസ്റ്റ് 28 നാണ് തട്ടിപ്പ് തുടങ്ങിയത്. അന്ന് എസ്.പി ഓസ്വാളിന് അപരിചിതമായ നമ്പരില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു. കോള്‍ തടസ്സപ്പെടാതിരിക്കാന്‍ 9 എന്ന അക്കം അമര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അനുസരിച്ചു. സി.ബി.ഐയുടെ കൊളാബ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്നും താങ്കള്‍ക്കെതിരെ കള്ളപ്പണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ആദ്യത്തെ ഭീഷണി. കനറാബാങ്കില്‍ ഓസ്വാളിന്റെ പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളും നല്‍കി. ഇങ്ങനെയൊരു അക്കൗണ്ട് തനിക്കില്ലെന്ന് പറഞ്ഞെങ്കിലും തട്ടിപ്പുകാര്‍ ഗൗനിച്ചില്ല. ജെറ്റ് എയര്‍വെയ്‌സിന്റെ മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ താങ്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ചില ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു അടുത്ത ഭീഷണി. ബാങ്ക് അക്കൗണ്ട് ആരംഭിച്ചത് ഓസ്വാളിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണെന്നും അതിനാല്‍ താങ്കള്‍ സംശയിക്കപ്പെടുന്നയാളാണെന്നും ഓഫീസര്‍ പറഞ്ഞു. നരേഷ് ഗോയലുമായി പരിചയമില്ലെന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും പറഞ്ഞെങ്കിലും താങ്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഉണ്ടെന്നും വിചാരണ നേരിടണമെന്നുമായിരുന്നു മറുപടി.

രണ്ടു ദിവസം 'ഡിജിറ്റല്‍ അറസ്റ്റ്'

തുടര്‍ന്ന് ഓസ്വാളിനെ 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്തതായി തട്ടിപ്പുകാര്‍ അറിയിക്കുകയായിരുന്നു. സ്‌കൈപ്പില്‍ വീഡിയോയില്‍ വരാനും മറ്റാരോടും ഇക്കാര്യം പറയരുതെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഓഫീസിന്റെ പശ്ചാത്തലമുള്ള മുറിയില്‍ രാഹുല്‍ ഗുപ്ത എന്ന് പരിചയപ്പെടുത്തിയ ഒരാളാണ് വീഡിയോ കാമറയില്‍ ഉണ്ടായിരുന്നത്. താങ്കള്‍ കനത്ത നിരീക്ഷണത്തിലാണെന്നും ഡിജിറ്റല്‍ അറസ്റ്റില്‍ പാലിക്കേണ്ട 70 നിയമങ്ങള്‍ അനുസരിക്കണമെന്നും ഇയാള്‍ ഓസ്വാളിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിചാരണ ആരംഭിച്ചു. കുട്ടിക്കാലം മുതലുള്ള കാര്യങ്ങളില്‍ തുടങ്ങി സ്വത്തിന്റെ വിശദാംശങ്ങള്‍ വരെ ഗൗരവത്തോടെയാണ് ചോദിച്ചത്. ഓസ്വാളിന്റെ മറുപടി റെക്കോര്‍ഡ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റാരോടും പറയരുതെന്ന് അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വിചാരണ തീരുന്നത് വരെ വീഡിയോയില്‍ തുടരണം. മുറിക്ക് പുറത്തു പോകുമ്പോള്‍ ഫോണ്‍ കയ്യിലുണ്ടാകണമെന്നും കാമറയില്‍ നിന്ന് പുറത്തു പോകരുതെന്നും ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ളതാണ് കേസെന്നും ആരെങ്കിലുമായി താങ്കള്‍ സംസാരിച്ചാല്‍ അവരെയും അഞ്ചു വര്‍ഷം വരെ തടവിലാക്കുമെന്നും ഭീഷണിപ്പെടുത്തി.

ചീഫ് ജസ്റ്റിസിന്റെ വേഷത്തില്‍ എത്തി 'വിചാരണ'

വിചാരണക്കിടെ ഒരു വ്യാജ കോടതിമുറിയാണ് ഓസ്വാളിനെ കാണിച്ചത്. അവിടെ സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വേഷത്തിലുള്ള ഒരാളുമുണ്ടായിരുന്നെന്ന് ഓസ്വാള്‍ പറയുന്നു. ചീഫ് ജസ്റ്റിസാണ് കേസ് കേട്ട് ഉത്തരവിട്ടത്. ഉത്തരവ് ഉടനെ തന്നെ വാട്‌സ്ആപ്പില്‍ ഓസ്വാളിന് അയച്ചു കൊടുക്കുകയും ചെയ്തു. നടപടികളുടെ ഭാഗമായി ഏഴ് കോടി രൂപ കെട്ടിവെക്കണമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഈ തുക വിവിധ അക്കൗണ്ടുകളിലേക്ക് അയക്കാനും ആവശ്യപ്പെട്ടു. രണ്ടു ദിവസം വീഡിയോ കാമറയില്‍ വ്യാജവിചാരണ നേരിട്ട് ഭയചകിതനായ ഓസ്വാള്‍ പണം വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. വിചാരണക്കിടയിൽ  സൈബര്‍ ക്രിമിനലുകള്‍ കാണിച്ച രേഖകളില്‍ സുപ്രീംകോടതിയുടെ സീലും മറ്റു മുദ്രകളുണ്ടായിരുന്നു.

തട്ടിപ്പ് നടന്ന് ആഴ്ചകള്‍ക്ക് ശേഷം ഓസ്വാള്‍ ഇക്കാര്യം തന്റെ കമ്പനിയിലെ ജീവനക്കാരനോട് പറഞ്ഞതോടെയാണ് പുറത്തറിഞ്ഞത്. തുടര്‍ന്ന് ഓസ്വാളിന്റെ പരാതിയില്‍  ഓഗസ്റ്റ് 31 നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള സൈബര്‍ ക്രൈം കോഓഡിനേഷന്‍ സെന്ററിന്റെ സഹകരണത്തോടെയാണ് അന്വേഷണം നടക്കുന്നത്. ഇതുവരെ 5.25 കോടി രൂപ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മൂന്നു അക്കൗണ്ടുകളില്‍ നിന്നാണ് അത് പിടിച്ചെടുത്തത്. കേസില്‍ അതാനു ചൗധരി, ആനന്ദ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള സൈബര്‍ ക്രൈം സംഘത്തിലെ അംഗങ്ങളാണ് ഇവര്‍ എന്നാണ്  പോലീസ് പറയുന്നത്.

സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ്, വിര്‍ച്വല്‍ അറസ്റ്റ്, വീഡിയോ കോള്‍ വിചാരണ തുടങ്ങിയവയെന്ന് പോലീസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തിലുള്ള രീതികള്‍ യഥാര്‍ത്ഥ അന്വേഷണ സംഘങ്ങള്‍ നടത്താറില്ലെന്ന് വിവിധ കേസുകളില്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യകളെ കുറിച്ച് ഏറെ പരിചയമില്ലാത്ത പ്രായം ചെന്നവരെയാണ് ഇത്തരം തട്ടിപ്പുകളിലൂടെ കബളിപ്പിക്കുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com